ആഷിഖിനെയും യാസിറിനെയും ലഹരി ഭ്രാന്തന്മാരാക്കിയതിന് പിന്നില്‍ ഒരേ തട്ടുകട; മൗനം പാലിച്ച് പൊലീസ്, പ്രതിഷേധവുമായി നാട്ടുകാര്‍

കോഴിക്കോട്: യുവാക്കളെ ലഹരിയുടെ പടുകുഴിയിലേക്ക് എത്തിക്കുന്ന കേന്ദ്രമാണ് താമരശ്ശേരി ചുരത്തിൽ പ്രവർത്തിക്കുന്ന തട്ടുകട. ഭാര്യയ ഷിബിലിയെ അതിക്രൂരമായി കൊല ചെയ്‌ത യാസിറും കഴിഞ്ഞ ജനുവരി 18 ന് മാതാവായ സുബൈദയെ വെട്ടിക്കൊന്ന ആഷിഖും ഈ തട്ടുകടയിലാണ് ഒരുമിച്ച് ജോലി ചെയ്‌തിരുന്നത്. നാട്ടുകാരുടേയും ലഹരി വിരുദ്ധ സംഘടനകളുടേയും പരാതി ഉണ്ടായിട്ടും തട്ടുകട ഇപ്പോഴും പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം കനക്കുകയാണ്.
ചുരത്തിലെ കാഴ്‌ചകൾ കാണാനെത്തുന്ന യുവാക്കളേയും വിദ്യാർഥികളെയുമായിരുന്നു തട്ടുകട ലക്ഷ്യം വയ്ക്കുന്നത്. രാസലഹരി ഏറെ ലഭിക്കുന്ന അയൽ സംസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുന്നതിനാല്‍ ലഹരി എത്തിക്കാനും വിൽപ്പന നടത്താനും ഒപ്പം ഉപയോഗിക്കാനും എളുപ്പം.
തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരേക്കാള്‍ കൂടുതൽ ലഹരി വാങ്ങാൻ എത്തുന്നവരാണ് എന്ന് പ്രദേശവാസികൾ പറയുന്നു. ലഹരി വില്‍പനയ്ക്ക് പുറമേ യാസിറും ആഷിഖും ലഹരി ഉപയോഗിക്കുക കൂടി ചെയ്‌തതോടെയാണ് ആക്രമണ സ്വഭാവവും ആരംഭിച്ചത്.
നാട്ടുകാര്‍ അറിഞ്ഞിരുന്നുവെങ്കിലും ഭീഷണി മൂലം പുറത്ത് പറയാൻ ഭയം!
ഈ ഭാഗത്തെ ലഹരി വില്‍പനയെ കുറിച്ച് നാട്ടുകാർക്കും അറിയാമായിരുന്നു എന്നാണ് വിവരം. പ്രദേശത്തെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോരാടാൻ തീരുമാനമെടുത്തിരുന്നു. ചുരം മേഖലയിലും താമരശ്ശേരിയിലും വ്യാപകമായി ലഹരി വിരുദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ
ലഹരി വില്‍പനയ്ക്കും ഉപയോഗത്തിനുമെതിരെ പോസ്റ്ററുകൾ പതിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളില്‍ ഈ പോസ്‌റ്ററുകളത്രയും നശിപ്പിക്കപ്പെട്ടു. ലഹരിക്കെതിരെ പ്രവർത്തിക്കുന്നവരുടെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ഇവരെ മർദ്ദിക്കുമെന്ന ഭീഷണിയും പതിവായിരുന്നു.
അതീവ ഗൗരവ നിലയിൽ താമരശ്ശേരി മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾ വളർന്നു പന്തലിച്ചിട്ടും ഇവരെ നിയന്ത്രിക്കാൻ പൊലീസിനും എക്സൈസിനും സാധിച്ചില്ല എന്നും ആക്ഷേപമുണ്ട്.
പൊലീസും എക്സൈസും നേരത്തെ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഷിബിലയുടെയും
സുബൈദയുടെയും ജീവൻ നഷ്‌ടപ്പെടുമായിരുന്നില്ല എന്നും നാട്ടുകാർ പറയുന്നു. ഇനിയൊരു ദുരന്തം ഉണ്ടാവകുന്നതിനു മുമ്പേ താമരശ്ശേരി മേഖലയിലെ ലഹരി വ്യാപനത്തിനെതിരെയുള്ള നടപടികൾ ഊർജിതമാക്കണം എന്നാണ് ലഹരി വിരുദ്ധ സമിതിയുടെയും നാട്ടുകാരുടെയും ആവശ്യം.
കൂടുതല്‍ തട്ടുകടകള്‍ സംശയ മുനയില്‍
അതേസമയം, ദേശീയ പാതയിൽ താമരശ്ശേരി മുതൽ ലക്കിടി വരെയുള്ള മുപ്പത് കിലോമീറ്റർ ദൂരത്തിൽ എഴുപത്തിയഞ്ചോളം തട്ടുകടകൾ ദേശീയപാതയോരം കയ്യേറി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ രണ്ട് വർഷം മുൻപ് ദേശീയപാത അതോറിറ്റി വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്ന രീതിയിൽ പ്രവർത്തിക്കുന്ന മിക്ക തട്ടുകടകളും പൊളിച്ചു നീക്കിയിരുന്നു.
മാസങ്ങൾക്കകം യാതൊരു അനുമതിയും ഇല്ലാതെ പൊളിച്ചു നീക്കിയ തട്ടുകടകളെല്ലാം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഇത്തരം ചില കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതും നാട്ടുകാരിലും ലഹരി വിരുദ്ധ സമിതിയിലും സംശയമുളവാക്കിയിരുന്നു. ഉമ്മയെയും ഭാര്യയെയും കൊല ചെയ്‌ത ആഷിഖും യാസിറും പ്രവർത്തിച്ച കടയിലും സമാനമായ തിരക്കുണ്ടായിരുന്നു എന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സമിതി താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിന്‍റെ ഭാഗത്തു നിന്നും കൃത്യമായ പരിശോധനയോ നടപടിയോ ഉണ്ടായില്ലെന്ന് ലഹരി വിരുദ്ധ സംഘടന പറയുന്നു.
ലഹരിക്ക് അടിമകളായ ഈരണ്ട് യുവാക്കളുടെ താവളം ആയിരുന്നു ചുരത്തിലെ നാലാം വളവിലുള്ള ഈ തട്ടുകട എന്ന കാര്യം പുറത്തു വന്നിട്ടും കട അടച്ചുപൂട്ടിക്കാൻ യാതൊരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.