Gulf

ബുര്‍ജ് ഖലീഫ നിര്‍മിച്ച ഇമാര്‍ പ്രോപര്‍ട്ടീസിന്റെ ഉടമയായ മുഹമ്മദ് അലബ്ബാറിന്റെ കഥ

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ദുബൈ നഗരത്തിലെ ബുര്‍ജ് ഖലീഫ നിര്‍മിച്ച ഇമാര്‍ പ്രോപര്‍ട്ടീസിന്റെ ഉടമയായ മുഹമ്മദ് അലി അലബ്ബാറിന്റെ ജീവിതകഥ ആരേയും ത്രില്ലടിപ്പിക്കുമെന്ന് തീര്‍ച്ച.

ആഗോള റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ ഏറ്റവുമധികം മൂല്യമുള്ള കമ്പനികളിലൊന്നായ ഇമാര്‍ പ്രോപര്‍ട്ടീസില്‍ 24.3 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇദ്ദേഹത്തിനുള്ളത്.

ഇമാര്‍ പ്രോപര്‍ട്ടീസിന്റെ ആകെ മൂല്യം ഏകദേശം 4,05,188 കോടി രൂപയാണ്. റിയല്‍ എസ്റ്റേറ്റിന് പുറമെ, ലക്ഷ്വറി ഹോട്ടലുകള്‍, റീടെയില്‍, മൈനിങ്, കമ്മോഡിറ്റി മേഖലകളിലും ഇന്ന് ഈ കമ്പനിക്ക് ബിസിനസുണ്ട് സംരംഭങ്ങളുണ്ട്.

അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയില്‍ ഇ.ഡിയുടെ നിയമ നടപടികള്‍ അടുത്തിടെ നേരിടുകയുമുണ്ടായി. അദ്ദേഹത്തിന്റെ ഇമാര്‍ ഇന്ത്യ, എംജിഎഫ് ഡെവലപ്‌മെന്റ് എന്നീ കമ്പനികളില്‍ നിന്ന് 834.03 കോടി രൂപ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതായിരുന്നു നടപടിക്ക് കാരണമായത്. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു നടപടി. റിയല്‍ എസ്റ്റേറ്റ് രംഗത്തെ കൃത്രിമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഇമാര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 2023 ജൂണില്‍ ഇക്കണോമിക് ഒഫന്‍സ് വിങ്ങിന് മുമ്പില്‍ ഹാജരാകേണ്ടതിലേക്കാണ് ആ സംഭവം എത്തിയത്.

ഒരു സാധാരണ കുടുംബത്തില്‍ 12 മക്കളില്‍ മൂത്തവനായായി 1956 നവംബര്‍ 8ാം തിയ്യതിയാണ് അലബ്ബാറിന്റെ ജനനം. കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രം നേടിയെടുത്തതാണ് ഇന്ന് കാണുന്നതെല്ലാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബില്‍ഡിങ്ങായ ബുര്‍ജ് ഖലീഫ നിര്‍മിച്ച കമ്പനിയുടെ മേധാവിയെന്നു പറഞ്ഞാല്‍ ആര്‍ക്കും ഈ മനുഷ്യനെ വേഗം തിരിച്ചറിയാനാവും. സീറ്റില്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ 1981ല്‍ ബിരുദം നേടുകയും യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ ബാങ്കിങ് മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്യുന്നിടത്ത് അലബ്ബാറിന്റെ കരിയര്‍ തുടങ്ങുന്നു.

യു.എ.ഇ സാമ്പത്തിക വികസന വിഭാഗത്തിന്റെ സ്ഥാപക ഡയറക്ടറാവുന്നതോടെയാണ് ആ ജീവിതം മാറിമറിയുന്നത്. പുതിയ പദവി യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലേക്ക് എത്തിച്ചതാണ് തലവര മാറ്റിവരച്ചത്.

ദുബൈയിലെ ടൂറിസം മേഖലയില്‍ ഇരുവരും ഒരുമിച്ച് രൂപംനല്‍കിയ പദ്ധതികള്‍ വലിയ കുതിപ്പേകി. ആഗോള തലത്തില്‍ ടൂറിസം രംഗത്ത് ദുബൈ ഒരു ലാന്‍ഡമാര്‍ക്കായി മാറുന്നത് അതിലൂടെയായിരുന്നു. 1997ല്‍ ആയിരുന്നു മുഹമ്മദ് അലബ്ബാര്‍ ഇമാര്‍ പ്രോപര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപിക്കുന്നത്. ബുര്‍ജ് ഖലീഫ, ദുബൈ മാള്‍ ഉള്‍പ്പെടെ ദുബൈ നഗരത്തിന്റെ മുഖമുദ്രയായി ലോകശ്രദ്ധ നേടിക്കൊടുത്ത നിര്‍മിതികള്‍ക്കെല്ലാം പിന്നില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസും അലബ്ബാറിന്റെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളുമായിരുന്നു ഊര്‍ജമായി വര്‍ത്തിച്ചത്.

2016ല്‍ ആയിരുന്നു മുഹമ്മദ് അലബ്ബാര്‍ ………………………………. ‘Noon.com’ ……………………………………. എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. ഇന്ന് ഈ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറാണ്. മിഡില്‍ ഈസ്റ്റിലെ ഓണ്‍ലൈന്‍ ഷോപ്പിങ് അനുഭവങ്ങളെ പുനര്‍നിര്‍വചിച്ച സംരംഭമായാണ് ഇത് അറിയപ്പെടുന്നത്. അബുദാബിയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഈഗിള്‍ ഹില്‍സിന്റെ ചെയര്‍മാന്‍, ഇമാര്‍ മാള്‍സിന്റെ ബോര്‍ഡ് അംഗം എന്നീ നിലകളിലും അലബ്ബാര്‍ പ്രവര്‍ത്തിച്ചു വരുന്നു.

Related Articles

Back to top button