" "
World

ദിവസങ്ങള്‍ നീളുന്ന ലൈംഗികബന്ധത്തിലൂടെ മരണം വരിക്കുന്ന ആന്‍ടെക്കിനസുകളുടെ കഥ

കാന്‍ബറ: മാര്‍സൂപ്പിയല്‍സ് എന്ന ജീവിവര്‍ഗത്തില്‍പ്പെടുന്ന മൃഗങ്ങളുള്ള സവിശേഷമായ ഒരു നാടാണ് ആസ്‌ത്രേലിയ. സഞ്ചിമൃഗങ്ങളെയാണ് മാര്‍സൂപ്പിയല്‍സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഇതരജീവജാലങ്ങളില്‍നിന്നും വ്യത്യസ്തമായി തങ്ങളുടെ കുഞ്ഞിനെ സഞ്ചിയിലിട്ട് ചാടിച്ചാടി സഞ്ചരിക്കുന്നവരാണ് കങ്കാരു ഉള്‍പ്പെടെയുള്ള മാര്‍സൂപ്പിയല്‍സ്.

കംഗാരുവിനൊപ്പം ഇതേ വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു ജീവിവര്‍ഗമാണ് ആന്‍ടെക്കിനസ്. ഇവയുടെയും രീതി കുഞ്ഞുങ്ങളെ സഞ്ചിയിലിട്ട് കഴിഞ്ഞുകൂടുകയെന്നതാണ്. ഇതുകൊണ്ടെല്ലാമാണ് വളരെ വ്യത്യസ്തമായ ജീവിവര്‍ഗത്താല്‍ സമ്പന്നമായ ഒരു വിചിത്ര വന്‍കരയാണ് ആസ്‌ത്രേലിയയെന്ന് പൊതുവേ പറയപ്പെടുന്നത്. കുഞ്ഞന്‍ എലികളോടോ, അണ്ണാറക്കണ്ണന്മാരോടോ (പ്രത്യേകിച്ച് ഇവയുടെ മുഖം) ഏറെ സാമ്യമുള്ള ആന്‍ടെക്കിനസിനെ അതിന്റെ ഇണചേരല്‍ രീതിയാണ് വ്യത്യസ്തമാക്കുന്നത്.

ജീവജാലങ്ങള്‍ക്കിടയിലെ ഏറ്റവും ദീര്‍ഘിച്ച ഇണചേരല്‍ സമയമുള്ള ജീവികളില്‍ ഒന്നാണിവ. പെണ്‍ജീവിയുമായി ഇണചേരാന്‍ ആരംഭിച്ചാല്‍ ഒന്നും രണ്ടും മണിക്കൂറുകളല്ല രണ്ടോ മൂന്നോ ആഴ്ചകള്‍ തന്നെ ഈ പ്രക്രിയ നീണ്ടുപോകുമത്രെ. ഏതാണ്ട് 14 മണിക്കൂര്‍ വരെ ഇവ നിര്‍ത്താതെ ഇണചേരലില്‍ ഏര്‍പ്പെടാറുള്ളതായാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

15 ഓളം സ്പീഷീസുകള്‍ ആന്‍ടെക്കിനസുകള്‍ക്കിടയിലുണ്ട്. ചാരനിറമോ, തവിട്ടുനിറമോയുള്ള കുറ്റിരോമങ്ങളാണ് ഇവയുടെ ദേഹത്ത് കാണുന്നത്. മെലിഞ്ഞ വാലുകളും കോണാകൃതിയിലുള്ള ശിരസുമാണ് ഇവക്കുള്ളത്. ആസ്‌ത്രേലിയന്‍ വന്‍കരയുടെ തെക്കും കിഴക്കുമുള്ള കാടുകളിലാണ് ഇവ ജീവിക്കുന്നത്. പ്രാണികള്‍, ചിലന്തികള്‍, പല്ലികള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.

ഈ ജീവിക്ക് ഇണചേരല്‍ മരണത്തിലേക്കുള്ള ചവിട്ടുപടിയാണ്. ഇണചേരല്‍ അവസാനിക്കുന്നത് ആണ്‍ജീവിയുടെ മരണത്തിലാണെന്ന് ചുരുക്കം. ഇതിനാലാണ് സൂയിസൈഡല്‍ റീപ്രൊഡക്ഷന്‍ എന്ന് ഇത് ഗവേഷകര്‍ക്കും ജീവിവര്‍ഗങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ക്കിടയിലും അറിയപ്പെടുന്നത്. ലൈംഗികബന്ധത്തിലൂടെ മരണം വരിക്കുന്ന വിചിത്രമായ ഒരു പ്രതിഭാസം.

ഇണചേരലിലൂടെ ആണ്‍ ആന്‍ടെക്കിനസുകള്‍ ചത്താല്‍ ആ മൃതശരീരം പെണ്‍ ആന്‍ടെക്കിനസുകള്‍ ഭക്ഷണമാക്കുകയാണ് ചെയ്യാറ്. അടുത്ത തലമുറയെ പെറ്റുകൂട്ടാനുള്ള ആദ്യ ഊര്‍ജ്ജമാണ് ഇങ്ങനെ മരിച്ചുവീഴുന്ന അച്ഛന്‍ ആന്‍ടെക്കിനസുകള്‍ നല്‍കി കടന്നുപോകുന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ശൈത്യകാലത്ത് അല്ലെങ്കില്‍ വസന്തത്തിന്റെ തുടക്കത്തിലാണ് പ്രജനനകാലം. ആറ് മുതല്‍ പന്ത്രണ്ട് വരെ മുലക്കണ്ണുകളും ഒരുസഞ്ചിയും ഇവയുടെ ശരീരത്തിന്റെ ഭാഗമാണ്. പെണ്‍ ആന്‍ടെക്കിനസുകള്‍ അവയുടെ ജീവിതകാലത്തിനിടെ മൂന്ന് തവണവരെ ഇണചേരാറുണ്ട്.

ഇണചേരല്‍ കാലത്ത് ഇവയുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍, സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ ഉല്‍പാദിപ്പിക്കപ്പെടാറുണ്ട്. ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് കോര്‍ട്ടിസോളിനെ നിയന്ത്രിക്കുന്നതില്‍നിന്ന് ഇവയുടെ ശരീരത്തെ തടയുന്നതിനാലാണ് ഹോര്‍മോണുകളാല്‍ വിഷലിപ്തമായി കടുത്ത ക്ഷീണം ബാധിച്ച് ഇവ മരിക്കുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

Related Articles

Back to top button
"
"