ശൈത്യക്കാറ്റ് എത്തി; യുഎഇക്ക് ഇനി മഞ്ഞുകാലം

ശൈത്യക്കാറ്റ് എത്തി; യുഎഇക്ക് ഇനി മഞ്ഞുകാലം
അബുദാബി: മഞ്ഞുകാലത്തിന്റെ വരവ് അറിയിച്ച് യുഎഇയില്‍ ശൈത്യക്കാറ്റ് വീശിത്തുടങ്ങി. ഇതോടെ ചൂടുകാലം എന്നത് യുഎഇ നിവാസികളുടെ ഓര്‍മയിലേക്കു ചേക്കേറും. ഈ ആഴ്ചയില്‍ വിവിധ പ്രദേശങ്ങളില്‍ മിതമായും ഭേദപ്പെട്ട നിലയിലും മഴ ഉണ്ടായതും താപനിലയില്‍ കുവുണ്ടാവാന്‍ ഇടയാക്കിയിട്ടുണ്ട്. അഞ്ച് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ ഏഴു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില കുത്തനെ താഴ്ന്നത്. മഞ്ഞുകാലമാണെന്ന് ബോധ്യപ്പെടുത്തി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. ശരാശരി താപനില പരമാവധി 30 ഡിഗ്രി സെല്‍ഷ്യസിനും താഴെയാണ്. തീരപ്രദേശങ്ങളില്‍ ഉച്ചക്കുശേഷം താപനില 24 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഉള്‍നാടുകളില്‍ താപനില 25നും 30നും ഇടയിലാണ്. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില ഏഴ് ഡിഗ്രിയായിരുന്നു. മഞ്ഞുകാലം കനക്കുന്നതോടെ മൈനസിലേക്കു വഴുതിപോകുന്ന യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ റാസല്‍ഖൈമയിലെ ജബല്‍ ജെയിസിലാണ് ഈ താപനില രേഖപ്പെടുത്തിയത്.

Tags

Share this story