താനും സുധാകരനും തമ്മിൽ അഭിപ്രായഭിന്നതയില്ല; വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസെന്നും സതീശൻ
താനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിൽ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു. സിപിഎം നേതാക്കളെ പോലെ വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസ്. എനിക്കെതിരെ വിമർശനമുണ്ടായാൽ തനതിന് മറുപടി പറയുമെന്നതേയുള്ളു. ഇക്കാര്യം അനാവശ്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ വേറെ ചില അജണ്ടകളാണ് നടപ്പാക്കുകയെന്നും സതീശൻ പറഞ്ഞു
സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ 60,000 വന്യജീവി ആക്രമണം നടന്നുവെന്നും ആയിരത്തിലേറെ പേർ മരിച്ചെന്നും സതീശൻ പറഞ്ഞു. 5000ത്തിലധികം കന്നുകാലികളെ കൊന്നു. 8000ത്തിലേറെ പേർക്ക് പരുക്കേറ്റു. മലയോര മേഖലയിൽ കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. കാട്ടുമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചോടിക്കാനുള്ള ആധുനിക സംവിധാനങ്ങൾ കേരളത്തിലില്ല.
പാവപ്പെട്ട മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. പന്നികളെ വെടിവെച്ച് കൊല്ലുന്നില്ല. കടുവകൾക്ക് കാട്ടിൽ ആവശ്യത്തിന് സ്ഥലമില്ല. ജനത്തിന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ല. വന്യജീവി പ്രശ്‌നം പരിഹരിക്കാനുള്ള വഴികൾ ഞങ്ങളുടെ കയ്യിലുണ്ട്. ആ പ്രതീക്ഷ ജനങ്ങൾക്ക് നൽകുകയും അത് പാലിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.