മകൾക്കെതിരായ കേസിൽ കുറ്റപത്രം കൊടുത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ല: വിഡി സതീശൻ

മകൾക്കെതിരായ കേസിൽ എസ്എഫ്ഐഒ കുറ്റപത്രം കൊടുത്തതിൽ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും നിയമപരമായി നേരിട്ടോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ല. ഇൻകം ടാക്സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങളാണ്. ആ വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതിനകത്ത് മണി ലോണ്ടറിംഗ് നടന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കേണ്ട കാര്യമാണ്. ഒരു സേവനവും നൽകാതെ ഇത്രയും പണം ഈ അക്കൗണ്ടിലേക്ക് വന്നു എന്നുള്ളതാണ്. സ്വാഭാവികമായും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോൾ അദ്ദേഹത്തിനെതിരായി ആരോപണമുണ്ടാകും, ആക്ഷേപങ്ങളുണ്ടാകും. അതിന് അദ്ദേഹം പ്രതിപക്ഷത്തിന് നേരെയും മാധ്യമങ്ങൾക്ക് നേരെയും ക്ഷുഭിതനാകേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു.