തൊടുപുഴ ബിജു വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ, ആസൂത്രണത്തിലും പങ്ക്

തൊടുപുഴ ബിജു വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഒന്നാം പ്രതി ജോമോന്റെ ബന്ധുവും ബിസിനസ് സഹായിയുമായിരുന്ന എബിനാണ് പിടിയിലായത്. കോട്ടയം പ്രവിത്താനം സ്വദേശിയാണ് എബിൻ. ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി ഇട്ടതുൾപ്പെടെ എബിന് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. തട്ടിക്കൊണ്ട് പോകലടക്കമുള്ള എല്ലാ കാര്യങ്ങളും ജോമോൻ എബിനോട് പങ്കുവെച്ചിരുന്നു.
മാർച്ച് 15 മുതൽ നടന്ന ആസൂത്രണത്തിലും എബിന് പങ്കുണ്ട്. ക്വട്ടേഷൻ സംഘാംഗങ്ങളെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ട് വന്ന അന്നും ജോമോൻ എബിനോട് വിവരം പറഞ്ഞു. ഒമ്‌നി വാൻ കിട്ടുമോയെന്നും ജോമോൻ എബിനോട് ചോദിച്ചു.
സംഭവത്തെ കുറിച്ച് അറിയാവുന്ന ജോമോന്റെ ഭാര്യയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ടെങ്കിലും ഇവർ ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകി മാറി നിൽക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.