AutomobileNational

മഹീന്ദ്ര ഥാര്‍ റോക്സിനായി ബുക്ക് ചെയ്യുന്നവര്‍ കാത്തിരിക്കേണ്ടത് 2026വരെ

മുംബൈ: ഇപ്പോള്‍ ഇന്ത്യന്‍ വാഹന രംഗത്ത് ഇപ്പോള്‍ മഹീന്ദ്രയാണ് മിന്നുംതാരം. കഴിഞ്ഞ മാസം ടാറ്റയെ പിന്തള്ളി ഇന്ത്യയിലെ മികച്ച മൂന്നാം നമ്പര്‍ കാര്‍ നിര്‍മാതാവായി മാറിയ മഹീന്ദ്രയുടെ മഹേന്ദ്രജാലമെന്നുവേണം പുതിയ എസ്‌യുവിയായ ഥാര്‍ റോക്‌സിനെ വിശേഷിപ്പിക്കാന്‍. ഇപ്പോള്‍ ബുക്ക് ചെയ്താലും വാഹനം കൈകളിലേക്ക് എത്താന്‍ 2026വരെ ആവശ്യക്കാര്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

2024ല്‍ വിപണിയല്‍ എത്തിച്ച എക്‌സ്‌യുവി 3എക്‌സഒയാണ് മഹീന്ദ്രയുടെ തലവര കൂടുതല്‍ ശോഭയുള്ളതാക്കിയത്. സബ് 4 മീറ്റര്‍ എസ്യുവി വിഭാഗത്തിലെ നിലവിലെ സമവാക്യങ്ങളെല്ലാം തിരുത്തി മുന്നേറുകയാണ് ഈ സ്വയമ്പന്‍ വാഹനം. ഇതിനേക്കാളും എന്തുകൊണ്ടും മികച്ചതാവും റോക്‌സ് എന്ന പ്രതീക്ഷയും കമ്പനിയുടെ വാക്കിലുള്ള വിശ്വാസവുമാണ് റോക്‌സിനായി മഹീന്ദ്ര ഷോറുമുകളില്‍ അടികൂടാന്‍ കാര്‍ പ്രേമികളെ നിര്‍ബന്ധിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 15ന് കൊച്ചിയില്‍ നടന്ന ഇവെന്റില്‍ വെച്ചാണ് മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചത്. ആദ്യം ആര്‍ഡബ്ലിയുഡി വേരിയന്റുകളുടെ വില പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ ഓളം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒക്ടോബര്‍ മൂന്നിന് ബുക്കിംഗ് ജാലകം തുറന്ന് 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം യൂണിറ്റുകളാണ് വിറ്റപോയത്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 5 ഡോര്‍ ഥാറിന്റെ ബുക്കിംഗുകള്‍ കുമിഞ്ഞ് കൂടുന്നതിന് അനുസരിച്ച് കാത്തിരിപ്പ് കാലയളവും വര്‍ധിക്കുകയാണ്.

നാസിക്കിലെ പ്ലാന്റിലാണ് മഹീന്ദ്ര ഥാര്‍ നിര്‍മ്മിക്കുന്നത്. 3000 3 ഡോര്‍ ഥാറും 6500 ഥാര്‍ റോക്സും അടക്കം പ്രതിമാസം 9,500 എസ്യുവിയാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുക. ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പേ ഥാര്‍ റോക്സിന്റെ കുറച്ച് യൂണിറ്റുകള്‍ നിര്‍മിച്ചതായി കമ്പനി മീഡിയ ഡ്രൈവിനിടെ പറഞ്ഞിരുന്നു. ബുക്കിംഗ് കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇനിയും ലക്ഷങ്ങള്‍ കൊടുത്ത് തീര്‍ക്കാനുണ്ട്. മുമ്പ് എക്‌സ്‌യുവി 700, സ്‌കോര്‍പിയോ എന്‍ എന്നീ എസ്യുവികള്‍ ലോഞ്ച് ചെയ്ത വേളയിലും സമാനമായ സാഹചര്യം മഹീന്ദ്ര അഭിമുഖീകരിച്ചിട്ടുണ്ട്. അന്ന് ഉത്പാദനം കൂട്ടിയാണ് കമ്പനി പ്രശ്നം പരിഹരിച്ചത്.

ഥാറിനെ 3 ഡോര്‍ അപേക്ഷിച്ച് റോക്സിന് വലിപ്പം കൂടുതലാണ്. ഇതിന് ‘6-പാക്ക്’ ഗ്രില്‍, പുതിയ വീലുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ലഭ്യമാണ്. എന്നാല്‍ ഫോര്‍-വീല്‍ ഡ്രൈവ് ട്രെയിന്‍ ഓപ്ഷന്‍ ഡീസല്‍ എഞ്ചിന്‍ ചോയ്സില്‍ മാത്രമേ ലഭ്യമാകൂ. അതേസമയം ഥാര്‍ റോക്‌സ് ആര്‍ഡബ്ലിയുഡി പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

ബേസ് പെട്രോള്‍ വേരിയന്റിന് 12.99 ലക്ഷം രൂപയും എന്‍ട്രി ലെവല്‍ ഡീസലിന് 13.99 ലക്ഷം രൂപയുമാണ് വില. ടോപ്പ് എന്‍ഡ് 4ഡബ്ലിയുഡി വേരിയന്റിന് 22.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നീ 5 ഡോര്‍ എസ്യുവികളും ഒപ്പം രാജ്യത്തെ ജനപ്രിയ മിഡ്സൈസ് എസ്യുവികളുമെല്ലാം ഥാറില്‍നിന്നും അതികഠിനമായ മത്സരമായിരിക്കും നേരിടേണ്ടിവരിക.

Related Articles

Back to top button