ഭാര്യയെ നിർദയം പട്ടിണിക്കിട്ട് കൊന്ന കേസ്; തുഷാര വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

കൊല്ലം പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു തുഷാരയെ പ്രതികൾ നിർദയമായി കൊലപ്പെടുത്തിയത്.
2019 മാർച്ച് 21നാണ് തുഷാര കൊല്ലപ്പെട്ട വവിരം പുറംലോകം അറിയുന്നത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനു ംകണ്ടത് എല്ലും തോലുമായ നിലയിലുള്ള തുഷാരയുടെ മൃതദേഹമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലുമുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു
മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞിരുന്നു. അന്വേഷണത്തിൽ ചന്തുലാലും ഗീത ലാലിയും ചേർന്ന് തുഷാരയെ പട്ടിണിക്കിട്ട് കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു. തുഷാരക്ക് രണ്ട് പെൺകുട്ടികളായിരുന്നു. കുട്ടികളെ തുഷാരയുടെ വീട്ടുകാരെ കാണിക്കാൻ പോലും ഇവർ അനുവദിച്ചിരുന്നില്ല. തുഷാരക്കും കുട്ടികളെ താലോലിക്കാൻ അനുമതിയുണ്ടായിരുന്നില്ല.