വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് പുലി; വളര്‍ത്തുനായകൾ രക്ഷകരായി

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് പുലി. സമീപത്തെ നായകള്‍ ബഹളം വച്ചതോടെ പുലി കുട്ടിയെ ആക്രമിക്കാതെ ഓടിമറയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്തത് പുലിയാണെന്ന് സ്ഥിരീകരിച്ചത്. വാല്‍പ്പാറ റൊട്ടക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാര്‍-സത്യ ദമ്പതികളുടെ വീടിന് മുന്നിലാണ് പുലി എത്തിയത്. ആ സമയം ഇവരുടെ കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വീടിന്റെ വശത്തുകൂടി കുട്ടിയെ ലക്ഷ്യമാക്കി തന്നെയാണ് പുലി വന്നത്. ഇതുകണ്ട രണ്ട് നായ്ക്കള്‍ ഉറക്കെ കുരച്ചു. കുട്ടിയും ഒച്ചവച്ചതോടെ പുലി പേടിച്ച് തിരിച്ചോടിയത്. തുടര്‍ന്ന് നാട്ടുകാരും കുടുംബവും സിസിടിവി പരിശോധിക്കുമ്പോഴാണ് എത്തിയത് പുലിയാണെന്ന് സ്ഥിരീകരിച്ചത്. വാല്‍പ്പാറയില്‍ നാലുവയസുകാരനെ പുലി കടിച്ചുകൊണ്ടുപോയി കൊന്നശേഷം ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് വീണ്ടും വീട്ടുമുറ്റത്ത് പുലി എത്തിയത്.