ട്രെയിനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

ട്രെയിനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഓട്ടോറിക്ഷ ഡ്രൈവർമാർക്കും നാട്ടുകാർക്കും തോന്നിയ സംശയത്തെ തുടർന്ന് കുട്ടിയെ തിരിച്ചുകിട്ടുകയും ചെയ്തു. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയെ അറസ്റ്റ് ചെയ്തു. ആലുവയിലേക്ക് വരികയായിരുന്ന ഒഡീഷ സ്വദേശികളുടെ ഒരു വയസ്സുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ആലുവയിലേക്കുള്ള ടാറ്റ നഗർ എക്‌സ്പ്രസിലാണ് ദമ്പതികൾ വന്നത്. കമ്പാർട്ട്‌മെന്റിൽ ആളുകൾ കുറവായതിനാൽ കുഞ്ഞുമായി അമ്മ ഹമീസ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
ഈ സമയത്താണ് ദിണ്ടിഗൽ സ്വദേശി വെട്രിവേൽ കുട്ടിയെ തട്ടിയെടുക്കുന്നത്. തൃശ്ശൂർ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം ദമ്പതികൾ അറിയുന്നത്. ദമ്പതികൾ പോലീസുമായി ബന്ധപ്പെട്ടു. എന്നാൽ കുട്ടിയെ എവിടെ വെച്ചാണ് കാണാതായതെന്ന് വ്യക്തമായിരുന്നില്ല.
കുഞ്ഞിന്റെ ചിത്രം വെച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് വാവിട്ട് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കാണുന്നത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.