World

ദിനേന ഭൂമിയിലേക്കെത്തുന്നത് അനേകം ടണ്‍ ഉല്‍ക്കാ അവശിഷ്ടങ്ങള്‍

നാം ജീവിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടുള്ള പല കാര്യങ്ങളും കൗതുകം ഉണര്‍ത്തുന്നതാണ്. അവയില്‍ പലതും നമുക്കുചുറ്റും അത്ര പ്രത്യക്ഷത്തില്‍ കണ്ടു വിശ്വസിക്കാന്‍ സാധിക്കാത്തതാവുമ്പോള്‍ അവയെക്കുറിച്ചുള്ള പ്രഹേളകകള്‍ക്കും കഥയുടേയോ, നോവലിന്റേയോ ചാരുത കൈവരും.
ഓരോ ദിവസവും ഏകദേശം 48.5 ടണ്‍ ഉല്‍ക്കാ വസ്തുക്കള്‍ ഭൂമിയില്‍ പതിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നത്.

പക്ഷേ ഇവയില്‍ ഭൂരിഭാഗവും നാം തീര്‍ത്തും നിസ്സാരമായി കരുതുന്ന നേര്‍ത്ത പൊടികളായോ, ധൂളികളായോ ഒക്കെയാണ് ഭൂമിയുടെ ഉപരിതലത്തിലേക്കു പ്രവേശിക്കുന്നത്. അനേകായിരം കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്നതിനാലാവാം പൊടിയും പുകയുമെല്ലാമായി രൂപാന്തരപ്പെട്ട് അവയുടെ യാത്ര ഭൂമിയില്‍ അവസാനിക്കുന്നത്.

ഭൂരിഭാഗം ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമ്പോഴേക്ക് കത്തിനശിക്കുന്നതും ചാരമാവുന്ന പ്രക്രിയക്ക് ബലം നല്‍കുന്നതാണ്.
സൗരയുഥവുമായൊക്കെ ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ വരുമ്പോള്‍ നക്ഷത്രങ്ങളും അവയുടെ പ്രകാശവും ഉല്‍ക്കാ വര്‍ഷവുമെല്ലാം ചര്‍ച്ചാ വിഷയമാവാറുണ്ട്.

ഭൂമിയില്‍ ഇന്ന് കാണുന്ന ജീവജാലങ്ങള്‍ ആവിര്‍ഭവിച്ചത് ഉല്‍ക്കാ വര്‍ഷത്തിലൂടെയും ഛിന്നഗ്രഹങ്ങള്‍ വന്നിടിച്ചതിലൂടെയുമാണെന്ന ഒരു വാദമുണ്ട്. പല ശാസ്ത്രജ്ഞരും ഈ വാദത്തെ അംഗീകരിച്ചിട്ടുമുണ്ട്.

പുതുയുഗപ്പിറവിയ്ക്ക് ഉല്‍ക്കാ വര്‍ഷം കാരണമാകുന്നൂവെന്നുവേണം ഇതില്‍നിന്നും അനുമാനിക്കാന്‍. ശാസ്ത്രം വികസിച്ചതോടെയാണ് ഉല്‍ക്കകളെയും, ഉല്‍ക്കാവര്‍ഷത്തെയും കൃത്യമായി നിരീക്ഷിക്കാന്‍ മനുഷ്യന്‍ ആരംഭിച്ചത്.

ഉല്‍ക്കകളെ സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും അത്തരം വാര്‍ത്തകളില്‍ താല്‍പര്യമുളള ശാസ്ത്ര കുതുകികള്‍ക്കുമെല്ലാം വളരെ കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്തയാണ് ഈയിടെ പുറത്ത് വന്നിരിക്കുകന്നത്. അത് മറ്റൊന്നുമല്ല, ചൊവ്വയുമായി ബന്ധപ്പെട്ടാണ്.

ചൊവ്വയുടെ ഉപരിതലത്തില്‍ വലിയ വസ്തുക്കള്‍ ശക്തിയില്‍ വന്നിടിച്ചതിന്റെ ഫലമായി ഉണ്ടായ അവശിഷ്ടങ്ങളില്‍ ചിലത്് ഇടിയുടെ ആഘാതത്തിലോ, തുടര്‍ന്നുണ്ടാവുന്ന പ്രകൃതി പ്രതിഭാസങ്ങളുടെ ഫലമായോ ഭൂമിയിലേക്കും എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഇത്തരം അവശിഷ്ടങ്ങള്‍ എത്തിപ്പെടുകയും ചിലത് ക്രമേണ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുമത്രേ. ആല്‍ബേര്‍ട്ട സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയില്‍ പതിച്ച ഇരുന്നൂറോളം ഉല്‍ക്കകള്‍ ചൊവ്വയിലെ അഞ്ച് ഗര്‍ത്തങ്ങളില്‍ നിന്നുള്ളവയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ചൊവ്വാഗ്രഹത്തിലെ താര്‍സിസ്, എലിസിയം എന്നീ രണ്ട് അഗ്നിപര്‍വ്വത മേഖലകളിലെ ഗര്‍ത്തങ്ങളാണിവയെന്നാണ് അനുമാനിക്കപ്പെടുന്നത്.
ശക്തിയോടെ ബഹിരാകാശത്തേക്ക് തെറിച്ച ഇവ ഭൂമിയിലേക്കും എത്തിപ്പെട്ടെന്നാണ് ഇത്തരം ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

വലിയ ശക്തിയില്‍ ചൊവ്വയുടെ ഉപരിതലത്തില്‍ എന്തെങ്കില്‍ വന്ന് പതിക്കുമ്പോള്‍ അവിടെ ഗര്‍ത്തം രൂപംകൊള്ളുകയും അതില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ മതിയായ വേഗം കൈക്കൊണ്ട് ചൊവ്വയുടെ ഗുരുത്വാകര്‍ഷണത്തെ ഭേദിച്ച് ബഹിരാകാശത്തേക്ക് തെറിച്ചുപോകുകയുമാണ് ചെയ്യുന്നതെന്നുമാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.

Related Articles

Back to top button