അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണസമിതി വിഷയം പരിശോധിക്കട്ടെയെന്നും അതിന് മുമ്പ് വിഷയത്തിൽ ഇടപെടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു

പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നതായും സെക്രട്ടേറിയറ്റിൽ പറഞ്ഞു. യുഎപിഎ തത്കാലം പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് പാർട്ടിയും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

പ്രതികൾക്കെതിരെ തെളിവുകളുണ്ടെന്നാണ് കോടതിയും അന്വേഷണസംഘവും ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ സർക്കാർ ഇടപെട്ട് യുഎപിഎ പിൻവലിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. യുഎപിഎ ചുമത്തിയ കേസായതിനാൽ ദേശീയ അന്വേഷണ ഏജൻസിക്ക് സ്വമേധയാ കേസെടുക്കാൻ ആയേക്കും. അങ്ങനെയൊരു ഇടപെടൽ ഉണ്ടായാൽ മാവോവാദികൾക്ക് പിന്തുണ നൽകുന്ന സർക്കാരാണ് കേരളമെന്ന ആക്ഷേപം കേൾക്കേണ്ടതായി വരും

യുഎപിഎ സമിതി വിഷയം പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്നും ഇതിന് മുമ്പ് സർക്കാർ ഇടപെടൽ ആവശ്യമില്ലെന്നും സെക്രട്ടേറിയറ്റിൽ തീരുമാനമുയർന്നു. അറസ്റ്റിലായ യുവാക്കൾക്ക് തീവ്ര ആശയങ്ങളോടുള്ള ആഭിമുഖ്യം ശക്തമാണെന്നും പ്രതികളെ പറ്റി ലഭിക്കുന്ന വിവരങ്ങൾ ഗുരുതരമാണെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചു

 

Share this story