ഷെയ്ന്‍ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍; സിനിമകള്‍ ഉപേക്ഷിച്ചു

ഷെയ്ന്‍ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍; സിനിമകള്‍ ഉപേക്ഷിച്ചു

നടൻ ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ തുടർന്ന് അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ. കൊച്ചിയിൽ ചേർന്ന സംഘടനയുടെ യോഗത്തിലാണ് തീരുമാനം. അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഷെയ്ൻ കാരണം മൂന്ന് സിനിമകൾക്കായി ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ തുക ഷെയ്ൻ നിർമാതാക്കൾക്ക് തിരിച്ചു നൽകണം. നഷ്ടം നികത്തുന്നതുവരെ ഷെയ്‌നെ അഭിനയിപ്പിക്കില്ലെന്ന് അസോസിയേഷൻ പറഞ്ഞു. തൊണ്ണൂറ് വർഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഒരു നടന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും നിർമാതാക്കൾ ആരോപിച്ചു

വെയിൽ, കുർബാനി തുടങ്ങിയ സിനിമകളോട് ഷെയ്ൻ തുടക്കം മുതൽ തന്നെ നിസ്സഹകരിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഒടുവിൽ ഷെയ്‌ന്റെ അമ്മയുമായി ബന്ധപ്പെട്ടു. അമ്മ കാര്യങ്ങൾ നിയന്ത്രിച്ചു. നിർമാതാവ് ലൊക്കേഷനിൽ വരാൻ പാടില്ലെന്നായിരുന്നു ഷെയ്‌ന്റെ നിലപാട്. അതും അംഗീകരിച്ചു. ഒരു ദിവസം ബൈക്കെടുത്ത് ഷെയ്ൻ ലൊക്കേഷനിൽ നിന്നുപോയി. അന്നുമുതൽ ഷൂട്ടിംഗ് നിലച്ചു. രണ്ട് ദിവസം ലൊക്കേഷൻ ഷെയ്‌ന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഇതിന് ശേഷമാണ് കോടിക്കണക്കിനാളുകളെ കളിയാക്കി ഫേസ്ബുക്കിൽ മുടിവെട്ടിയ പോസ്റ്റിട്ടത്. ഉല്ലാസം സിനിമയിൽ അഭിനയിക്കാൻ 25 ലക്ഷം രൂപക്കാണ് കരാറുണ്ടാക്കിയത്. എന്നാൽ ഷൂട്ടിംഗിന് വരണമെങ്കിൽ 20 ലക്ഷം കൂടി വേണമെന്ന് ഷെയ്ൻ ആവശ്യപ്പെട്ടതായും നിർമാതാക്കൾ ആരോപിച്ചു

 

Share this story