തീവ്രവാദികളെ രക്ഷപ്പെടുത്താൻ ഡി വൈ എസ് പി ദേവീന്ദർ സിംഗ് കൈപ്പറ്റിയത് 12 ലക്ഷം രൂപയെന്ന് പോലീസ്

തീവ്രവാദികളെ രക്ഷപ്പെടുത്താൻ ഡി വൈ എസ് പി ദേവീന്ദർ സിംഗ് കൈപ്പറ്റിയത് 12 ലക്ഷം രൂപയെന്ന് പോലീസ്

ജമ്മു കാശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ പോലീസ് ഓഫീസർ ദേവീന്ദർ സിംഗ് ഭീകരരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റാറുണ്ടായിരുന്നതായി ജമ്മു കാശ്മീർ പോലീസ്. ബാനിഹാൾ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി തീവ്രവാദികളിൽ നിന്ന് ഇയാൾ 12ലക്ഷം രൂപ വാങ്ങിയതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.

ശനിയാഴ്ചയാണ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദർ സിംഗിനെ രണ്ട് തീവ്രവാദികൾക്കൊപ്പം പിടികൂടുന്നത്. ഹിസ്ബുൾ മുജാഹിദ്ദിൻ കമാൻഡർ സെയ്ദ് നവീദ് മുഷ്താഖ്, ലഷ്‌കറെ ഭീകരൻ റാഫി റാത്തർ, ഇർഫാൻ ഷാഫി മിർ എന്നിവരായിരുന്നു ഡി വൈ എസ് പിക്കൊപ്പം ഉണ്ടായിരുന്നത്.

എന്നാൽ ഭീകരരെ കീഴടങ്ങാൻ എത്തിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നുവെന്നാണ് ദേവീന്ദർ സിംഗ് ആദ്യം പറഞ്ഞിരുന്നത്. ഇത്തരമൊരു കീഴടങ്ങൽ പദ്ധതിയെ കുറിച്ച് ജമ്മു കാശ്മീർ പോലീസിന് വിവരമുണ്ടായിരുന്നില്ല. പിടിയിലായ തീവ്രവാദികളെ ചോദ്യം ചെയ്തതിൽ നിന്ന് കീഴടങ്ങാനുള്ള യാതൊരു ഉദ്ദേശ്യവും ഇവർക്കുണ്ടായിരുന്നില്ലെന്നും വ്യക്തമായി.

ഭീകരരെ ബാനിഹാൾ തുരങ്കം സുരക്ഷിതമായി കടത്തി വിടുന്നതിന് 12 ലക്ഷം രൂപയാണ് ഡി വൈ എസ് പി പറഞ്ഞുവെച്ചിരുന്നത്. വാഹനം ഓടിച്ചതും ഇയാളായിരുന്നു. യാത്ര പുറപ്പെടും മുമ്പ് മൂന്ന് തീവ്രവാദികളും താമസിച്ചിരുന്നത് പോലീസുദ്യോഗസ്ഥന്റെ വീട്ടിൽ തന്നെയായിരുന്നു.

വാഹനം തടഞ്ഞുനിർത്തിയുള്ള പോലീസ് പരിശോധനയിലാണ് ദേവീന്ദർ സിംഗും തീവ്രവാദികളും കുടുങ്ങിയത്. 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾക്കൊപ്പം അറസ്റ്റിലായ ഹിസ്ബുൾ കമാൻഡർ നവീദ് ബാബു. പിടിയിലാകുമ്പോൾ ഇവരിൽ നിന്ന് എകെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു.

 

Share this story