ബീഹാർ ആര് ഭരിക്കുമെന്ന് ഇന്നറിയാം: വോട്ടെണ്ണൽ ആരംഭിച്ചു; ഫലം കാത്ത് രാജ്യവും

ബീഹാർ ആര് ഭരിക്കുമെന്ന് ഇന്നറിയാം: വോട്ടെണ്ണൽ ആരംഭിച്ചു; ഫലം കാത്ത് രാജ്യവും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാണ് വോട്ടെണ്ണൽ. 243 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും ആർജെഡി-കോൺഗ്രസ്-ഇടതു മഹാസഖ്യത്തിനാണ് സാധ്യത കൽപ്പിക്കുന്നത്. എങ്കിലും അന്തിമ വിധി എന്താകുമെന്ന കാത്തിരിപ്പിലാണ് രാജ്യം. 55 കേന്ദ്രങ്ങളിലായി 414 ഹാളുകളാണ് വോട്ടെണ്ണലിന് തയ്യാറാക്കിയിരിക്കുന്നത്.

കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സായുധ സേന, ബീഹാർ പോലീസ്, ബിഹാർ മിലിട്ടറി പോലീസ്, 19 കമ്പനി സായുധ സേന, ക്രമസമാധാനപാലനത്തിനായി 59 കമ്പനി സായുധ സേന എന്നിങ്ങനെയാണ് സുരക്ഷാ വിന്യാസം

ബീഹാറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. മധ്യപ്രദേശ്, ഗുജറാത്ത്, യുപി എന്നിവിടങ്ങളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ 43 സീറ്റുകളിൽ മത്സരിച്ചിരുന്നു.

Share this story