ഫ്രാങ്കോക്കെതിരെ വീണ്ടും ലൈംഗികാരോപണം: നടപടി വേണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ
Feb 22, 2020, 14:56 IST
പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ഇനിയെങ്കിലും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നിരവധി പരാതികൾ വന്നിട്ടും ഫ്രാങ്കോയെ സഭ സസ്പെൻഡ് ചെയ്യുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്ന് സിസ്റ്റർ അനുപമ പറഞ്ഞു
കൂടുതൽ പേരെ ബിഷപ് ലൈംഗികമായി ചൂഷണം ചെയ്തതിന്റെ തെളിവാണ് വീണ്ടുമൊരു കന്യാസ്ത്രീ ബിഷപിനെതിരെ മൊഴി നൽകിയത്. ഫ്രാങ്കോ സ്വാധീനിച്ചതു കൊണ്ടാകാം കന്യാസ്ത്രീ പരാതിയുമായി മുന്നോട്ടു പോകാതിരുന്നതെന്നും കന്യാസ്ത്രീകൾ പറഞ്ഞു. വിഷയത്തിൽ സഭ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിൽക്കണം. സഭ മൗനം പാലിക്കുന്നത് കന്യാസ്ത്രീക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇവർ പറഞ്ഞു.