സംസ്ഥാനത്ത് 57 പേർക്ക് കൂടി കൊവിഡ്, 18 പേർക്ക് രോഗമുക്തി; കൊവിഡ് മരണം 10 ആയി ഉയർന്നു

സംസ്ഥാനത്ത് 57 പേർക്ക് കൂടി കൊവിഡ്, 18 പേർക്ക് രോഗമുക്തി; കൊവിഡ് മരണം 10 ആയി ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരിൽ 55 പേരും പുറത്ത് നിന്ന് വന്നവരാണ്. ഇതിൽ 27 പേർ വിദേശത്ത് നിന്നും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തിയത്. രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേരിൽ ഒരാൾ എയർ ഇന്ത്യാ സ്റ്റാഫാണ്. മറ്റൊരാൾ ഹെൽത്ത് വർക്കറും

കാസർകോട് ജില്ലയിൽ 14 പേർക്കും മലപ്പുറത്ത് 14, തൃശ്ശൂർ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി ഒരാൾക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതിൽ മലപ്പുറം ജില്ലയിൽ ഏഴ് പേരും തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ മൂന്ന് പേർ വീതവും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ്.

ഇതുവരെ സംസ്ഥാനത്ത് 1326 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 708 പേർ ചികിത്സയിൽ കഴിയുന്നു. 139661 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 1246 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 65273 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പു വരുത്തി.

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചിരുന്നു. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖയാണ് മരിച്ചത്. ഗൾഫിൽ നിന്നുമെത്തിയ സുലേഖ ഹൃദ്രോഗി കൂടിയായിരുന്നു. ഇവരുടെ മരണത്തോടെ സംസ്ഥാനത്തെ കൊവിഡ് മരണം 10 ആയതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 121 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഇന്ന് പാലക്കാട് കണ്ണൂർ ജില്ലകളിലായി അഞ്ച് ഹോട്ട് സ്‌പോട്ടുകൾ കൂടി പുതുതായി നിലവിൽ വന്നു.

Share this story