ജാർഖണ്ഡിൽ ബിജെപി തകർന്നു; 42 സീറ്റുകളുമായി കോൺഗ്രസ്-ജെഎംഎം സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്

ജാർഖണ്ഡിൽ ബിജെപി തകർന്നു; 42 സീറ്റുകളുമായി കോൺഗ്രസ്-ജെഎംഎം സഖ്യം കേവലഭൂരിപക്ഷത്തിലേക്ക്

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി. ജാർഖണ്ഡ് മുക്തി മോർച്ച നേതൃത്വം നൽകുന്ന മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക് കടക്കുകയാണെന്നാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ്, ആർ ജെ ഡി, ജെ എം എം എന്നീ പാർട്ടികളാണ് മഹാസഖ്യത്തിലുള്ളത്.

81 അംഗ നിയമസഭയിൽ 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. നിലവിൽ കോൺഗ്രസ് സഖ്യം 42 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപി 28 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യമൊട്ടാകെ ശക്തമാകുന്നതിനിടെയാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ബിജെപിക്ക് രാഷ്ട്രീയപരമായും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന ജെഎംഎം നേതാവ് ഹേമന്ത് സോറൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുന്നിട്ട് നിൽക്കുകയാണ്. ധുംകയിലും ബർഹൈതിലുമാണ് അദ്ദേഹം മത്സരിച്ചത്. അതേസമയം മുഖ്യമന്ത്രി രഘുബർദാസ് ജംഷഡ്പൂർ ഈസ്റ്റിൽ പിന്നിട്ട് നിൽക്കുകയാണ്. സ്വതന്ത്ര സ്ഥാനാർഥി സരയു റോയിയാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്.

ജാർഖണ്ഡ് വികാസ് മോർച്ച നാല് സീറ്റിലും എ ജെ എസ് യു രണ്ട് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. എൻ സി പി, സിപിഐ(എംഎൽ) പാർട്ടികൾ ഓരോ സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്.

 

Share this story