ഡ്രൈവർമാരില്ല, സർവീസുകൾ മുടങ്ങി; കെ എസ് ആർ ടി സിയിൽ പ്രതിസന്ധി രൂക്ഷം

ഡ്രൈവർമാരില്ല, സർവീസുകൾ മുടങ്ങി; കെ എസ് ആർ ടി സിയിൽ പ്രതിസന്ധി രൂക്ഷം

കോടതിയലക്ഷ്യ നടപടിയുടെ പേരിൽ 2320 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെ എസ് ആർ ടി സിയിൽ പ്രതിസന്ധി രൂക്ഷം. നിരവധി സർവീസുകളാണ് മുടങ്ങുന്നത്. വ്യാഴാഴ്ച 800 ഓളം ബസുകൾ മുടങ്ങി. പകരം സംവിധാനം കണ്ടെത്താൻ സാധിക്കാത്തത് വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാക്കും

ഇന്ന് 1200ലധികം സർവീസുകൾ മുടങ്ങുമെന്നാണ് കരുതുന്നത്. വരുമാനം കുറവുള്ള ഓർഡിനറി ബസുകൾ റദ്ദാക്കി പരമാവധി ദീർഘദൂര ബസുകൾ ഓടിച്ച് താത്കാലിക പരിഹാരം കാണാനുള്ള ശ്രമത്തിലാണ് കെ എസ് ആർ ടി സി. ഇത് ഗ്രാമപ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെയാണ് വലച്ചത്.

സ്ഥിരം ഡ്രൈവർമാർ കുറവായ തെക്കൻ ജില്ലകളിൽ 1482 ഡ്രൈവർമാരെയാണ് ഒഴിവാക്കിയത്. എംപാനൽഡ് ഡ്രൈവർമാരെ പൂർണമായും ഒഴിവാക്കിയതായി കെ എസ് ആർ ടി സി ഹൈക്കോടതിയിൽ വ്യാഴാഴ്ച സത്യവാങ്മൂലം നൽകി.

പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വെള്ളിയാഴ്ച ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. കേസിൽ നിയമപരമായ സാധ്യതകൾ ഇനി പ്രതീക്ഷിക്കാനില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും പരിമിധിയുണ്ട്.

സെപ്റ്റംബറിലെ ശമ്പള വിതരണവും കെ എസ് ആർ ടി സിയിൽ മുടങ്ങി. സർക്കാർ സഹായമായി 40 കോടി രൂപ അധികം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 16 കോടിയെ നൽകാനാകുവെന്ന നിലപാടാണ് ധനവകുപ്പിന്റേത്.

Share this story