മേട്ടുപ്പാളയത്ത് വീടുകൾക്ക് മേൽ മതിലിടിഞ്ഞുവീണ് 17 പേർ മരിച്ചു; തമിഴ്‌നാട്ടിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം

മേട്ടുപ്പാളയത്ത് വീടുകൾക്ക് മേൽ മതിലിടിഞ്ഞുവീണ് 17 പേർ മരിച്ചു; തമിഴ്‌നാട്ടിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം

തമിഴ്‌നാട്ടിലെ തീരദേശ മേഖലയിൽ തുടരുന്ന കനത്ത മഴയിലും കാറ്റിലുംപെട്ട് വ്യാപക നാശനഷ്ടം. കോയമ്പത്തൂർ മേട്ടുപ്പാളയത്ത് കെട്ടിടം തകർന്നുവീണ് 17 പേർ മരിച്ചു. മരിച്ചവരിൽ 12 സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്.

മേട്ടുപ്പാളയത്തിനടുത്ത് നാഡൂരിലെ എ ഡി കോളനിയിലാണ് അപകടം. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ മതിൽ വീടുകൾക്ക് മുകളിലേക്ക് ഇടിഞ്ഞുവീണുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

ഊട്ടി-മേട്ടുപ്പാളയം റൂട്ടിൽ മരപ്പാലത്തിന് സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. അതേസമയം അടിയന്തര സാഹചര്യം നേരിടുന്നതിന് എല്ലാ വിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും സർക്കാർ അറിയിച്ചു.

തഞ്ചാവൂരിലും തിരുവാരൂരിലുമായി കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. തീരദേശ മേഖലയിലെ ആറ് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ അടക്കം ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

ചെന്നൈയിൽ മാത്രം 176 ദുരിതാശ്വാസ ക്യാമ്പുകൾ തുറുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. കടലൂരിൽ നൂറിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും.

Share this story