കേരളത്തെ മാതൃകയാക്കി പഞ്ചാബും; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി
Jan 17, 2020, 14:30 IST
കേരളത്തിന് പിന്നാലെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്.
നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ കത്ത്.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കിയതിന് പിന്നാലെ രാജസ്ഥാൻ, ചത്തിസ്ഗഢ് സംസ്ഥാനങ്ങളിലും സമാന രീതിയിൽ പ്രമേയം കൊണ്ടുവരാനുള്ള സാധ്യതകൾ ഏറെയാണ്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിവിധ കോൺഗ്രസ് സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.