എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. മാര്‍ഗരേഖ പാലിച്ച് സര്‍ക്കാരിന് പരീക്ഷ നടത്താം.

പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി അനിലാണ് ഹര്‍ജി നല്‍കിയത്. ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. കൂടാതെ പരീക്ഷയ്ക്ക് ഇളവ് അനുവദിച്ച കേന്ദ്ര നടപടി നിയമവിരുദ്ധമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ കേസ് പരിഗണിച്ച കോടതി ഹര്‍ജി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. പരീക്ഷ നടത്തുന്നതില്‍ സ്‌കൂളുകള്‍ക്ക് പരാതിയില്ലെന്നതും കണക്കിലെടുത്ത കോടതി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിച്ചു.

അതേസമയം, മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തടസമില്ലാതെ നാളെ മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 13,72012 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2945 എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങള്‍ നിലവിലുണ്ട്. ഒരു പരീക്ഷാമുറിയില്‍ പരമാവധി 20 പേരായിരിക്കും ഉണ്ടാവുക. സാമൂഹിക അകലം പാലിച്ചായിരിക്കും ഇരിപ്പിടമൊരുക്കുക.

Share this story