ഉന്നാവ് സംഭവം: യുവതിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെത്തിക്കും; 90 ശതമാനത്തോളം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ
Dec 5, 2019, 18:09 IST
ഉന്നാവിൽ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്കെത്തിക്കും. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ വിമാനമാർഗമാണ് ഡൽഹിയിലേക്ക് എത്തിക്കുക. എയർ ആംബുലൻസ് സൗകര്യം ഇതിനായി സർക്കാർ ഏർപ്പെടുത്തി.
90 ശതമാനത്തോളം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ തന്നെയാണ് പെട്രോൾ ഒഴിച്ച് ഇവരെ ചുട്ടുകൊല്ലാനും ശ്രമിച്ചത്. ഉന്നവിലെ ഹിന്ദുനഗർ ഗ്രാമത്തിൽ വെച്ചാണ് സംഭവം
പ്രതികൾ തീകൊളുത്തിയതിനെ തുടർന്ന് യുവതി സഹായം അഭ്യർഥിച്ച് ഒരു കിലോമീറ്ററോളം ദൂരം ഓടിയെന്ന വാർത്തയും വരുന്നുണ്ട്. യുവതി തന്നെയാണ് തീ കെടുത്താൻ സഹായിച്ച നാട്ടുകാരിൽ ഒരാളിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി പോലീസിന്റെ എമർജൻസി നമ്പറിലേക്ക് വിളിച്ചതും. തുടർന്ന് പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.