ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. മുപ്പതാം തീയതി കൊല്ലം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്. ബുധനാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിനടുത്തായി വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇന്ന് മുതൽ ബുധനാഴ്ച വരെ കേരളതീരത്തും തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലിദ്വീപ് മേഖലകളിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്. അതിനാൽ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുത്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടാകാം. ന്യൂനമർദ്ദത്തിന്റെ പ്രഭാവം തെക്കൻ ജില്ലകളെയാണ് ബാധിക്കുക. ബുധനാഴ്ച കൊല്ലം, ഇടുക്കി ജില്ലകളിൽ തീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സ്ഥിതി സൂക്ഷ്മമായി നീരീക്ഷിച്ചുവരികയാണെന്നും മുന്നറിയിപ്പുകൾ ഗൌരവത്തിലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ക്യാർ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ശക്തമായ മഴ ലഭിക്കാനിടയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ. ക്യാർ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി ഒമാൻ തീരത്തെത്തും.

Share this story