ഇടുക്കി കൊവിഡ് മുക്തമായി; അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി

ഇടുക്കി കൊവിഡ് മുക്തമായി; അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി

കൊറോണ വൈറസ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി. ഇതോടെ ഇടുക്കി കൊറോണ സ്ഥിരീകരിച്ച് പോസിറ്റീവായി തുടരുന്നവർ ഇല്ലാത്ത രണ്ടാമത്തെ ജില്ലയായി.

 

കൊവിഡ് രോഗം ജില്ലയിൽ അവസാനമായി റിപ്പോർട്ട് ചെയ്തത് ഏപ്രിൽ 2 നാണ്. ജില്ലയിൽ യുകെ പൗരൻ ഉൾപ്പെടെ 10 രോഗബാധിതർ ആണ് ഉണ്ടായിരുന്നത്. ഓരോ രോഗിയുടെയും റൂട്ട് മാപ്പ് ഉൾപ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാൻ കഴിഞ്ഞുവെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.

 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും രാപകൽ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ജില്ലയിൽ പുതുതായി രോഗികളില്ല എന്നത് എല്ലാവർക്കും വളരെ ആശ്വാസം പകരുന്ന കാര്യമാണ്. ആരോഗ്യവകുപ്പിനു കീഴിൽ ജില്ലാ തലത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച കൊവിഡ് കൺട്രോൾ സെൽ വളരെ ചിട്ടയായ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പ്രത്യേകം ഡോക്ടർമാരും മറ്റ് ജീവനക്കാരുമുണ്ട്.

ജില്ലയിലെ ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, റവന്യൂ, തദ്ദേശസ്വയംഭരണം ഉൾപ്പെടെ വിവിധ വകുപ്പുകളിലെ മറ്റ് സ്റ്റാഫുകൾ എന്നിവരെ കൂടാതെ പൊലീസ്, ഫയർഫോഴ്സ്, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരൊക്കെ കഠിനാധ്വാനത്തിലാണ്. കൊവിഡ് പ്രതിരോധം സംബന്ധിച്ചു സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായ പ്രചാരണം നടത്തിവരുന്നുണ്ട്. അതിർത്തിയിൽ പൊലീസ് ശക്തമായ നിരീക്ഷണം നടത്തിവരുന്നു. മൂന്നാറിൽ പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വരുംദിനങ്ങളിലും ഇപ്പോഴുള്ള പ്രവർത്തനം ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Share this story