താരിഫില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയെ ഒഴിവാക്കി ട്രംപ്
Apr 13, 2025, 09:57 IST
                                             
                                                
പകരച്ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയെ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ഇത് ബാധകമാണ്. ചൈനയ്‌ക്കെതിരെ പ്രഖ്യാപിച്ച 125 ശതമാനം ഇറക്കുമതി തീരുവയില്‍നിന്നടക്കം ഈ ഉല്‍പന്നങ്ങളെ ഒഴിവാക്കിയാണ് ഉത്തരവ്. ഗാഡ്‌ജെറ്റുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിര്‍മിക്കുന്നതിനാല്‍ വില കുതിച്ച് ഉയരുമെന്ന ആശങ്കക്കിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഉത്പാദനം അമേരിക്കയില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കണമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. വന്‍കിട ടെക് കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കളായ എന്‍വീഡിയ എന്നിവര്‍ക്ക് നീക്കം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ വന്‍ നഷ്ടമാണ് ഓഹരി വിപണിയില്‍ ഈ കമ്പനികള്‍ നേരിട്ടത്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, ഹാര്‍ഡ് ട്രൈവുകള്‍, ചില ചിപ്പുകള്‍ എന്നിവ ഇളവുകള്‍ക്ക് യോഗ്യമാണെന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വ്യക്തമാക്കി. സെമി കണ്ടക്ടറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചില മെഷീനുകളും ഒഴിവാക്കിയിട്ടുണ്ട്. ഉയര്‍ന്ന തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് മൊബൈല്‍ ഫോണുകളെയും കമ്പ്യൂട്ടറുകളെയും അടക്കമുവയെ ഉയര്‍ന്ന തീരുവയില്‍നിന്ന് ട്രംപ് ഭരണകൂടം ഒഴിവാക്കിയിരിക്കുന്നത്.
                                            
                                            