
വാഷിങ്‌ടണ്‍, ന്യൂഡൽഹി: അമെരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫിസിൽ നിന്നു ടിവിയിലൂടെ നടത്തിയ പ്രസംഗത്തിലാണു വെളിപ്പെടുത്തൽ. ഉയർന്ന തീരുവ മൂലം ഇന്ത്യയിൽ എന്തെങ്കിലും വിറ്റഴിക്കുന്നത് അസാധ്യമാണ്. അവർ അക്കാര്യം സമ്മതിച്ചു. തങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് അവർക്ക് മനസിലായപ്പോൾ തീരുവ കുറയ്ക്കാൻ സമ്മതിച്ചു- ട്രംപ് പറഞ്ഞു.
യുഎസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് മേൽ തുല്യമായ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്കെതിരേ രൂക്ഷ വിമർശനമുയർത്തിയ ട്രംപ് ഏപ്രിൽ രണ്ടു മുതൽ കൂടുതൽ രാജ്യങ്ങൾക്കെതിരേ അധിക തീരുവ ചുമത്തുമെന്നും അമേരിക്കയെ ചൂഷണം ചെയ്യുന്നത് ഇനി സഹിക്കില്ലെന്നും പറഞ്ഞിരുന്നു. ചൈന, ക്യാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെതിരേ ട്രംപ് ഭരണകൂടം തീരുവയുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മറുപടിയായി ചൈന, യുഎസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചു
അതേസമയം, ട്രംപിന്‍റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് രംഗത്തെത്തി. തീരുവ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് പാർലമെന്‍റ് സമ്മേളനത്തിൽ പ്രധാനമന്ത്രി വിശദീകരിക്കണമെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വാഷിങ്ടണിൽ യുഎസ് നേതൃത്വവുമായി ചർച്ച നടത്തുമ്പോഴാണ് ഇന്ത്യ നികുതി കുറയ്ക്കുമെന്നു ട്രംപ് പറയുന്നതെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.