ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു
Jan 28, 2025, 10:17 IST

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഡൽഹി ബുരാരി ഏരിയയിൽ ഓസ്‌കാർ പബ്ലിക് സ്‌കൂളിന് സമീപമുള്ള കെട്ടിടമാണ് തകർന്നുവീണത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഒമ്പതോളം അഗ്നിരക്ഷാ യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി മർലെന അറിയിച്ചു. വേഗത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനവും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി സംസാരിച്ചതായും അവർ അറിയിച്ചു.