Automobile

പോളോയെ വെല്ലുന്ന ടൈഗൂൺ; വിൽപന ഒരു ലക്ഷത്തിലേക്ക്

 

മുംബൈ: ഫോക്‌സ്വാഗൺ എന്ന ലോകോത്തര ജർമൻ കാർ നിർമാതാക്കൾക്ക് ഇന്ത്യയിൽ ഐഡന്റിറ്റി നേടികൊടുത്ത ഒരു കാറായിരുന്നു ഇതിഹാസം രചിച്ച പോളോ ഹാച്ച്ബാക്ക്. എന്നാൽ കമ്പനി പോളോയെ ഇന്ത്യൻ നിരത്തിൽനിന്നും മാറ്റിയപ്പോൾ വാഹന പ്രേമികൾ ഒന്നടങ്കം നിരാശരാവുന്നതാണ് കണ്ടത്. കമ്പനി വെറുതേയിരിക്കുകയായിരുന്നില്ലെന്ന് ടൈഗൂണിന്റെ വരവ് പിന്നീട് ബോധ്യപ്പെടുത്തി.

കൃത്യമായ പ്ലാനിംഗ് നടത്തിയിട്ടാണ് ജർമൻ വാഹന നിർമാതാക്കൾ പോളോയുമായി മടക്കയാത്ര ആരംഭിച്ചതെന്ന് അത് തെളിയിച്ചു. പിൻഗാമിയായി വന്നത് ഹാച്ച്ബാക്ക് അല്ലെങ്കിലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന എസ്യുവിയെയാണ് കമ്പനി പകരക്കാരനായി കളത്തിലിറക്കിയത്. ടൈഗൂൺ എന്ന ഗംഭീര പേരുമിട്ട വാഹനം ഷോറൂമിലേക്ക് ആളെക്കൂട്ടുന്നതിൽ നിർണായകമായി മാറി. കുറഞ്ഞ വിലയും ഉഗ്രൻ സേഫ്റ്റിയും ഗംഭീര പെർഫോമൻസുമെല്ലാം എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ ഉതകുന്നതായിരുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാൻ സാധിച്ച ഇന്ത്യൻ എസ്യുവിയാണിതെന്നത് മറക്കരുത്.

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഫ്രണ്ട് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, മൾട്ടി കൊളീഷൻ ബ്രേക്കുകൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ബ്രേക്ക് അസിസ്റ്റ്, ആന്റ് സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക് സിസ്റ്റം, ടയർ പ്രഷർ ഡീഫ്‌ളേഷൻ വാണിംഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് ഫോക്‌സ്വാഗൺ ടൈഗൂണിനെ വേറിട്ടതാക്കുന്നത്.

സ്‌കോഡയും ഫോക്‌സ്വാഗണും ചേർന്ന് സംയുക്തമായി ഇന്ത്യക്കായി പ്രത്യേകം നിർമിച്ച എംക്യുബി എഒ ഐഎൻ പ്ലാറ്റ്ഫോമിലാണ് ടൈഗൂൺ പണികഴിപ്പിച്ചിരിക്കുന്നത്. സ്‌കോഡ കുഷാഖിന്റെ റീബാഡ്ജ്ഡ് വാഹനമാണെങ്കിലും ആളുകൾക്ക് പുതുമ സമ്മാനിക്കാൻ ഫോക്‌സ് വാഗണ് ടൈഗൂണിലൂടെ സാധിച്ചെന്നത് വലിയ കാര്യമാണ്.

വിപണിയിൽ എത്തിയിട്ട് മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ സിയാമിന്റെ മൊത്തവ്യാപാര കണക്കുകൾ പ്രകാരം ഓഗസ്റ്റ് അവസാനം വരെ ആഭ്യന്തര വിപണിയിൽ ടൈഗൂണിന്റെ 67,140 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചപ്പോൾ 32,742 യൂണിറ്റുകൾ കയറ്റുമതിയും നടത്തി. കണക്കുകൾ വന്നതിന് ശേഷവും നിരവധി ടൈഗൂണുകൾ ഫാക്ടറിക്ക് പുറത്തേക്ക് ഇറങ്ങിയെന്നത് കൂടി പരിഗണിച്ചാൽ തീർച്ചയായും ഒരുലക്ഷമെന്ന നാഴികകല്ല് പിന്നിട്ടിരിക്കുമെന്ന് തീർച്ച.

ഫോക്‌സ്വാഗണന്റെ കുറഞ്ഞ വിലയുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം എന്ന നിലയിൽ തുടക്കം മുതൽ വലിയ ശ്രദ്ധപിടിച്ചുപറ്റിയ ടൈഗൂൺ കമ്പനിക്ക് വലിയ ലാഭം തന്നെ നേടിക്കൊടുത്തു വിജയക്കൊടി പാറിച്ചിരിക്കയാണ്.

 

Related Articles

Back to top button