Gulf
യുഎഇ പൊതുമാപ്പ്: അപേക്ഷകരുടെ പാസ് പോർട്ട് കാലാവധി ഒരു മാസമായി കുറച്ചു
ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ് പോർട്ട് കാലാവധി ചുരുങ്ങിയത് 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമായി കുറച്ചു. ഐ സി പി അധികൃതരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം അനുസരിച്ച് 6 മാസത്തിൽ താഴെ പാസ് പോർട്ട് കാലാവധി ഉള്ളവർക്കും താമസ പദവി നിയമപരമാക്കാൻ സാധിക്കുമെന്ന് ഐ സി പി ഡയറക്ടർ ജനറൽ,മേജർ ജനറൽ സയീദ് അൽ ഖെയ്‌ലി പറഞ്ഞു.
പൊതുമാപ്പ് കാലയളവിൽ പാസ് പോർട്ട് പുതുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ഇളവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇത് വഴി കൂടുതൽ പേർക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി താമസ പദവി നിയമാനുസൃതമാക്കാൻ സാധിക്കും. പൊതു മാപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഐ സി പി കോൾ സെന്‍ററിൽ വിളിക്കാമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു.