സ്വകാര്യ മേഖലയിലെ കമ്പനികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎഇ
അബുദാബി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ. സ്വകാര്യ മേഖലയില്‍ കഴിഞ്ഞവര്‍ഷം മൊത്തം 6.88 ലക്ഷം പരിശോധനകള്‍ നടത്തിയതായും ഇതില്‍ 29,000 നിയമലംഘനങ്ങള്‍കണ്ടെത്തിയതായും യുഎഇ മാനവശേഷി, സ്വദേശീവത്കരണ മന്ത്രാലയം വെളിപ്പെടുത്തി. സ്വകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നൂതനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പരിശോധനയില്‍ ഭീമമായ തോതിലുള്ള നിയമലംഘനങ്ങള്‍ തൊഴില്‍-ആരോഗ്യ-സുരക്ഷാ കാര്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് യുഎഇ നടപടി കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. ലൈസന്‍സില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തുക, ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ കമ്പനി അടച്ചുപൂട്ടുക, തെറ്റായ വിവരങ്ങള്‍ അധികാരികള്‍ക്ക് നല്‍കുക, തൊളിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഫീസ് ഈടാക്കുക, വേതന സുരക്ഷാ പദ്ധതി തകിടംമറിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയില്‍ പ്രഥാനമായും കണ്ടെത്തിയിരിക്കുന്നത്.