സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി; തെറ്റിദ്ധാരണ നീങ്ങിയെന്ന് ഹമീദ് ഫൈസി
പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും ഉമര്‍ ഫൈസി
കേക്ക് വിവാദം കത്തുന്നതിനിടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തി അദ്ദേഹവുമായി സമസ്തയിലെ ലീഗ് വിരുദ്ധര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ഉമര്‍ ഫൈസിയും അമ്പലക്കടവ് ഹമീദ് ഫൈസിയും. ഖാസി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസിയും കേക്ക് വിഷയത്തില്‍ അമ്പലക്കടവും സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞെന്നും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍, വിവാദങ്ങളില്‍ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ഫൈസി മുക്കം. ദൈവത്തിനോട് മാത്രമാണ് മാപ്പു പറയുക. സമസ്ത – ലീഗ് തര്‍ക്കത്തിന്‍ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും എന്നാല്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേക്ക് വിവാദത്തിന് പിന്നാലെ ഹമീദ് ഫൈസി അമ്പലക്കടവിനൊപ്പം ഉമര്‍ ഫൈസി പാണക്കാട് എത്തി സാദിഖലി തങ്ങളെ കണ്ടിരുന്നു.
സാദിഖലി തങ്ങളുടെ പാണ്ഡിത്യത്തെ ചോദ്യം ചെയ്തുള്ള പരാമര്‍ശത്തിനെതിരെ കഴിഞ്ഞ മുശാവറ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായും സൂചനയുണ്ട്. കേക്ക് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകവെ കഴിഞ്ഞ ദിവസം ലീഗ് വിരുദ്ധര്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.