ആരും പിന്തുണച്ചില്ലെന്നും തനിച്ചിട്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഉണ്ണിമുകുന്ദന്‍
കൊച്ചി: ഒരു പതിറ്റാണ്ടില്‍ അധികമായി മലയാള സിനിമയുടെ ഭാഗമായുള്ള ഉണ്ണിമുകുന്ദന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പലരെയുംപോലെ വില്ലനായി എത്തി നായകനായ നടനാണ്. മലയാളത്തിന്റെ മസില്‍മാനായ ഉണ്ണിമുകുന്ദന്‍ മനസ് തുറന്നതാണ് സിനിമാ രംഗത്തെ ഇപ്പോഴത്തെ ചര്‍ച്ച. പൃഥിരാജിനും മറ്റും കിട്ടിയപോലുള്ള പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും തന്നെ ചിലര്‍ തനിച്ചിട്ട് ആക്രമിച്ചെന്നുമാണ് കാണാന്‍ ഗെറ്റപ്പൊക്കെയുള്ള ഉണ്ണി പറഞ്ഞുവച്ചിരിക്കുന്നത്.
തുടക്കകാലത്ത് അസഹനീയമായ സൈബര്‍ ആക്രമണങ്ങളും ബുള്ളിയിംഗും നേരിട്ടുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഈ നായക നടന്‍. സിനിമയില്‍ പൃഥ്വിയ്ക്കുള്ള ബാക്ക് അപ് തനിക്കുണ്ടായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞുതരാന്‍ ആരുമില്ലാത്ത കാലം. എന്നിട്ടും നിവര്‍ന്നു നില്‍ക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞുവയ്ക്കുന്നത്. ഇന്ന് പൃഥ്വിരാജിനെ പരിഹസിച്ചവരെ മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ല. രാജു അതൊന്നും ശ്രദ്ധിക്കാതെ ജോലിയില്‍ ഫോക്കസ് ചെയ്തതിനാലാണ് ഇന്ത്യയിലെ തന്നെ മികച്ച നടനും നിര്‍മ്മാതാവുമൊക്കെയായി മാറിയെന്നതും അദ്ദേഹം അനുസ്മരിച്ചു.
സൈബര്‍ ലോകമെന്ന പൊതുനിരത്തില്‍ ആര്‍ക്കും എന്തും പറയാം. നമ്മള്‍ എന്താകണമെന്ന ലക്ഷ്യം മാറാതിരുന്നാല്‍ മതിയെന്നും താനും മാഞ്ഞുപോകാതെ സിനിമയിലുണ്ടെന്നും അഭിനയത്തിന് പുറമേ നിര്‍മ്മാണത്തിലും സാന്നിദ്ധ്യം അറിയിച്ച വ്യക്തിത്വമായ ഈ നടന്‍ ഓര്‍മിപ്പിക്കുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ മാര്‍ക്കോയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് ഈ തുറന്നുപറച്ചില്‍.
ഉണ്ണി മുകുന്ദന്‍ നായകനായി വരാനിരിക്കുന്ന ആക്ഷന്‍ ചിത്രമാണ് മാര്‍ക്കോ. വമ്പന്‍ ക്യാന്‍വാസിലൂടെ വലിയ മുതല്‍മുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍ക്കോ. ഹനീഫ് അദേനിയുടെ മിഖായേല്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തുന്നത്.