ഏപ്രിൽ 1 മുതൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനം ചില ഫോൺ നമ്പറുകളിൽ ലഭ്യമാകില്ല

ന്യൂഡൽഹി: സജീവമല്ലാത്ത മൊബൈൽ നമ്പറുകളിൽ ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവ അടക്കമുള്ള യുപിഐ സേവനങ്ങൾ ലഭ്യമാക്കില്ല. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ)യാണ് പേയ്മെന്‍റ് സർവീസ് പ്രൊവൈഡർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. തട്ടിപ്പികളും അനധികൃത പണക്കൈമാറ്റവും ഒഴിവാക്കാനായാണ് ഈ നീക്കം. നിങ്ങളുടെ മൊബൈൽ നമ്പറുകൾ സജീവമാണെന്ന് ഉറപ്പാക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം.
എന്തുകൊണ്ട് പുതിയ തീരുമാനം
യുപിഐ ലിങ്കിങ് പൂർത്തിയാക്കിയ സജീവമല്ലാത്ത ഫോൺ നമ്പറുകൾക്ക് സുരക്ഷിതത്വം കുറവാണ്. ഉപയോക്താക്കൾ ഫോൺ നമ്പറുകൾ ഡിയാക്റ്റിവേറ്റ് ചെയ്താലും നമ്പർ മാറ്റിയാലും യുപിഐ അക്കൗണ്ടുകൾ സജീവമായി തന്നെ നില നിൽക്കും. അതു കൊണ്ട് തന്നെ ഈ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുവാൻ എളുപ്പമായിരിക്കും. അതിനാലാണ് സജീവമല്ലാത്ത ഫോൺ നമ്പറുകളിലെ യുപിഐ സേവനം ഇല്ലാതാക്കാൻ എൻപിസിഐ നിർദേശിച്ചിരിക്കുന്നത്
എങ്ങനെ നടപ്പിലാക്കും
ബാങ്കുകളും മറ്റ് പേയ്മെന്‍റ് സർവീസ് പ്രൊവൈഡർമാരും ക്രമേണ സജീവമല്ലാത്ത ഫോൺ നമ്പറുകളിൽ ആദ്യം മുന്നറിയിപ്പു നൽകുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്യും. യുപിഐ സർവീസ് നീക്കം ചെയ്യുന്നതിനു മുൻപേ തന്നെ ഉപഭോക്താക്കൾക്ക് ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കും. മുന്നറിയിപ്പ് നൽകിയതിനു ശേഷവും നിർജീവമായി തുടരുന്ന നമ്പറുകളിലെ യുപിഐ സർവീസ് നീക്കം ചെയ്യും. അവസാന തിയതിക്കു മുൻപേ നമ്പറുകൾ അപ്ഡേറ്റ് ചെയ്താൽ ഉപയോക്താക്കൾക്ക് യുപിഐ സേവനം തുടരാവുന്നതാണ്.
ആരെയെല്ലം ബാധിക്കും
മൊബൈൽ നമ്പർ മാറ്റിയിട്ടും ബാങ്കിൽ അപ്ഡേറ്റ് ചെയ്യാത്തവരെ പുതിയ തീരുമാനം ബാധിക്കും. അതു പോലെ തന്നെ ദീർഘകാലമായി ഫോൺ നമ്പർ കോൾ, മെസെജ്, ബാങ്കിങ് എന്നിവയ്ക്കായി ഉപയോഗിക്കാത്തവരുടെയും യുപിഐ സേവനം ഇല്ലാതാകും.
യുപിഐ എങ്ങനെ സജീവമാക്കി നിർത്താം
നിങ്ങളുടെ ഫോൺ നമ്പർ ആക്റ്റീവ് ആണെന്ന് ഉറപ്പു വരുത്തുക. ബാങ്കിൽ നിന്നുള്ള എസ്എംഎസുകളും ഒടിപികളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.