National

അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുന്നത് അമേരിക്ക മുൻകൂട്ടി അറിയിച്ചിരുന്നില്ല: വിദേശകാര്യ വകുപ്പ്

ന്യൂഡൽഹി: സൗരോർജ പദ്ധതിയുടെ കരാർ നേടാനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്‌ദാനം ചെയ്തതിന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം എസ് അദാനിക്കെതിരെ അമേരിക്ക അഴിമതിക്കുറ്റം ചുമത്തുന്നത് ഇന്ത്യയെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിദേശകാര്യ മാന്ത്രാലയം. അമേരിക്കയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന നിയമപരമായ വിഷയമാണിതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും യുഎസ് നീതിന്യായ വകുപ്പും ഉൾപ്പെടുന്ന നിയമപരമായ വിഷയമായാണ് സർക്കാർ കേസിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്തരം കേസുകളിൽ​ അമരിക്കയ്ക്ക് സ്ഥാപിതമായ നടപടിക്രമങ്ങളും നിയമപരമായ രീതികളുമുണ്ട്. ഈ നടപടക്രമങ്ങൾ പിന്തുടരുമെന്ന് വിശ്വസിക്കുന്നു. വിഷയത്തിൽ മുൻകൂട്ടി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. വിഷയത്തിൽ യുഎസുമായി ആശയവിനിമയം നടത്തിയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സമൻസ് അയക്കാനോ അറസ്റ്റു വാറണ്ട് നൽകാനോ സർക്കാരിൽ അപേക്ഷ ലഭിച്ചിട്ടില്ല. ഇത്തരം അഭ്യർത്ഥനകൾ പരസ്പര നിയമ സഹായത്തിൻ്റെ ഭാഗമാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിത്. ഇന്ത്യാ ഗവൺമെൻ്റ് ഒരു തരത്തിലും നിയമപരമായി ഇതിന്റെ ഭാഗമല്ല. യുഎസ് നീതിന്യായ വകുപ്പും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള ഒരു കേസായാണ് ഇതിനെ കാണുന്നത്,” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയാണ് അഴിമതി കുറ്റം ചുമത്തിയത്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നാണ് അദാനിക്കെതിരായ കേസ്.

Related Articles

Back to top button