അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സൈനിക വിമാനം ഇന്ത്യയിലേക്ക്
ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. നേരത്തെ 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു
24 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. യുഎസ് മെക്‌സിക്കോ അതിർത്തിയിലേക്ക് അനധികൃത കുടിയേറ്റം തടയാനായി അധിക സൈന്യത്തെ ട്രംപ് വിന്യസിച്ചിട്ടുണ്ട്. സൈനിക ബേസുകളിൽ അനധികൃത കുടിയേറ്റക്കാരെ എത്തിച്ച ശേഷം വിമാനങ്ങളിൽ തിരികെ അയക്കുന്നതായാണ് റിപ്പോർട്ട്
ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടിട്ടുണ്ട്. ട്രംപ് വൈറ്റ് ഹൗസിൽ തിരികെ എത്തിയതിന് ശേഷം ഇത്തരത്തിൽ ആദ്യമായി കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് ഇന്ത്യയിലേക്കെന്നാണ് റിപ്പോർട്ടുകൾ.