കേവല ഭൂരിപക്ഷത്തിലേക്കടുക്കുന്നു; ജോ ബൈഡന് സുരക്ഷ ശക്തമാക്കി ഏജന്‍സികള്‍

കേവല ഭൂരിപക്ഷത്തിലേക്കടുക്കുന്നു; ജോ ബൈഡന് സുരക്ഷ ശക്തമാക്കി ഏജന്‍സികള്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റാകാന്‍ സാധ്യതയേറിയതോടെ ജോ ബൈഡന്റെ സുരക്ഷ ശക്തമാക്കി യു.എസ് സീക്രട്ട് സര്‍വിസ്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിര്‍ണായക സംസ്ഥാനങ്ങളില്‍ ട്രംപിനെ മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ബൈഡന്‍ കുതിക്കുന്ന സാഹചര്യത്തില്‍ വില്‍മിങ്ടണിലുള്ള ബൈഡന്റെ കാംപയിന്‍ തലസ്ഥാനത്തേക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിരിക്കുകയാണ്.

വൈറ്റ് ഹൗസ്, ഉന്നതല ഉദ്യോഗസ്ഥര്‍, രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിശിഷ്ഠ അതിഥികള്‍ എന്നിവരുടെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത് സീക്രട്ട് സര്‍വീസാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിന് പിന്നാലെ ജൂലൈയില്‍ ബൈഡന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

മുന്‍ വൈസ് പ്രസിഡന്റന്നെന്ന നിലയില്‍ ബൈഡന് സുരക്ഷ നല്‍കാന്‍ സീക്രട്ട് സര്‍വീസ് ഒരുക്കമായിരുന്നുവെങ്കിലും അദ്ദേഹം അത് ആവശ്യപ്പെട്ടിരുന്നില്ല. പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ഡോണാള്‍ഡ് ട്രംപിനെ മറികടന്ന് ലീഡ് നേടിയ ജോ ബൈഡന്‍ വൈറ്റ്ഹൗസിലേക്ക് നടന്നടുക്കുകയാണ്.

അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ കണക്കുകള്‍ പ്രകാരം ബൈഡന് നിലവില്‍ 264 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, ബൈഡന്‍-253 ട്രംപ്-214 എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ കണക്കുകള്‍ തന്നെയാണ് വാഷിങ്ടണ്‍ പോസ്റ്റും പങ്കുവെക്കുന്നത്.

Share this story