വിമാനവാഹിനി കപ്പലിന്റെ ശേഷി പരിശോധിക്കാന്‍ ഉഗ്രസ്ഫോടനം; 3.9 തീവ്രതയില്‍ ഭൂകമ്പം: വീഡിയോ

വിമാനവാഹിനി കപ്പലിന്റെ ശേഷി പരിശോധിക്കാന്‍ ഉഗ്രസ്ഫോടനം; 3.9 തീവ്രതയില്‍ ഭൂകമ്പം: വീഡിയോ

വാഷിങ്ടണ്‍: യു.എസ് നാവികസേന തങ്ങളുടെ ഏറ്റവും പുതിയ വിമാന വാഹിനി കപ്പലായ യു.എസ്.എസ് ഫോര്‍ഡിന്റെ കരുത്ത് പരീക്ഷിക്കാന്‍ ഉഗ്രസ്ഫോടനം നടത്തി. സ്ഫോടനം 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

കപ്പലിന്റെ കരുത്ത് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് കടലില്‍ കപ്പലിനോട് ചേര്‍ന്ന് സ്ഫോടനം നടത്തിയത്. ഫ്ളോറിഡയില്‍ നിന്ന് 100 മൈല്‍ അകലെയാണ് പരീക്ഷണാത്മക സ്ഫോടനം നടത്തിയത്. കഠിനമായ യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള കപ്പലിന്റെ കരുത്ത് പരിശോധിക്കുന്നതിനാണ് സ്ഫോടനം നടത്തിയുള്ള പരീക്ഷണം.

കപ്പലുകള്‍ക്ക് സമീപം നിയന്ത്രിത സ്ഫോടനങ്ങള്‍ നടത്തുന്നതിലൂടെ കപ്പലിന്റെ അപകടസാധ്യതകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ യു.എസ് നാവികസേന പുറത്തുവിട്ടു.

ഫസ്റ്റ് ക്ലാസ് കപ്പലെന്നറിയപ്പെടുന്ന യു.എസ് നാവികസേനയുടെ ഏറ്റവും നൂതനമായ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍.ഫോര്‍ഡ് ആധുനിക കമ്പ്യൂട്ടര്‍ മോഡലിങ് രീതികള്‍ ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരുക്കുന്നത്.

സ്ഫോടനത്തിന് ശേഷം കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റും. പരിസ്ഥിതിക്കും സമുദ്രജീവികള്‍ക്കും കാര്യമായ പോറല്‍ സംഭവിക്കാത്ത രീതിയില്‍ ഇടുങ്ങിയ ഷെഡ്യൂളിനുള്ളിലാണ് പരീക്ഷണം നടത്തിയതെന്നാണ് യു.എസ് നാവികസേനയുടെ വിശദീകരണം.

വിവിധ ഘട്ടങ്ങളിലായിട്ടാണ് കപ്പലിന്റെ ശേഷം പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നടത്തുക. ആദ്യത്തേതാണ് വെള്ളിയാഴ്ച നടന്നത് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ളതെന്നും അധികൃതര്‍ പറഞ്ഞു

Share this story