മോദിയ്‌ക്കെതിരായ ബിബിസി സീരീസിൽ പ്രതികരണവുമായി യുഎസ്; ഡോക്യുമെന്ററിയെ കുറിച്ച് അറിയില്ല: പക്ഷെ....

USA

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ പ്രതികരണവുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസാണ് പ്രതികരണവുമായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അതേസമയം ഇന്ത്യയും യഎസും സംയുക്തമായി നടപ്പിലാക്കുന്ന മൂല്യങ്ങളെ കുറിച്ച് തനിക്ക് വളരെ പരിചിതമാണെന്നും നെഡ് പ്രൈസ് പറഞ്ഞു. 

ഡോക്യുമെന്ററി റിലീസ് ചെയ്തതു മുതൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രൈസ്. ഇന്ത്യയുടെ ജനാധിപത്യത്തെ ഊർജസ്വലമായ ഒന്നാണെന്ന് വിളിച്ച അദ്ദേഹം ഇരുരാജ്യങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും അവ ശക്തിപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു.

2002ൽ ഗുജറാത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള പരമ്പര യുകെയുടെ ദേശീയ ബ്രോഡ്കാസ്റ്ററായ ബിബിസി സംപ്രേഷണം ചെയ്തിരുന്നു. പിന്നാലെ ഡോക്യുമെന്ററി ഇന്ത്യയിൽ കാണുന്നതിൽ നിന്ന് നീക്കം ചെയ്യുകയും യൂട്യൂബ് ഉൾപ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. വസ്തുനിഷ്ഠതയില്ലാത്ത പക്ഷപാതപരമാണ് പരമ്പരയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

Share this story