യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണനിരക്ക് കുറഞ്ഞെന്ന ട്രംപിന്റെ റീട്വീറ്റ്: നടപടിയുമായി ട്വിറ്റർ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് വീണ്ടും നീക്കം ചെയ്ത് ട്വിറ്റർ. യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണങ്ങൾ കുറഞ്ഞെന്ന് അവകാശപ്പെടുന്ന ട്രംപിന്റെ റീട്വീറ്റ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കിയത്. തെറ്റായ വിവരങ്ങൾ പങ്കുവെച്ച് ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചതിനാൽ റീട്വീറ്റ് ലഭ്യമാകില്ലെന്നും ട്വീറ്റ് കമ്പനിയുടെ കോവിഡ് -19 വിവര നയത്തെ ലംഘിച്ചതായും ട്വിറ്റർ വക്താവ് പറഞ്ഞു.
രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ആറു ശതമാനം അഥവാ 9000ത്തോളം കോവിഡ് മരണങ്ങൾ മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്ന ”മെൽ ക്യൂ” എന്ന അക്കൗണ്ടിന്റെ ട്വീറ്റാണ് ട്രംപ് പങ്കുവെച്ചത്. നിലവിലെ മരണങ്ങളിൽ ആറു ശതമാനം മാത്രമേ കോവിഡ് കാരണം മരിച്ചതെന്നും ബാക്കി 2-3 ശതമാനം പേരും ഗുരുതരമായ രോഗങ്ങളുള്ളവരായിരുന്നു എന്നാണ് ട്വീറ്റിൽ പറഞ്ഞിരുന്നത്.