Novel

വരും ജന്മം നിനക്കായ്: ഭാഗം 11

രചന: ശിവ എസ് നായർ

“പഠിച്ചു കൊണ്ടിരിക്കുന്ന കൊച്ചിനെ എടുപിടീന്ന് പിടിച്ചു കെട്ടിക്കുന്നത് എന്തിനാണെന്ന് ബന്ധുക്കളും നാട്ടുകാരും ചോദിച്ചാൽ നമ്മളെന്ത് മറുപടി പറയും വേണുവേട്ടാ.” ആശങ്കയോടെ സുമിത്ര ഭർത്താവിനെ നോക്കി.

“എനിക്കൊന്നുമറിയില്ല സുമിത്രേ… ഓർത്തിട്ട് തന്നെ നെഞ്ചിനൊരു ഭാരം പോലെ. ഈ കുട്ടി ഇതെന്ത് ഭാവിച്ചാ ഇങ്ങനെ.” വേണു മാഷ് തന്റെ നെഞ്ചിൽ ഉഴിഞ്ഞുകൊണ്ട് കസേരയിലേക്ക് ഇരുന്നു.

“ഗായത്രീ… നീയവളുടെ കയ്യീന്ന് ആ പയ്യന്റെ നമ്പർ വാങ്ങി അച്ഛന് കൊടുക്ക്. അവന്റേം വീട്ടുകാരേം തീരുമാനം എന്താണെന്ന് അറിയണമല്ലോ.”

സുമിത്ര പറഞ്ഞത് കേട്ട് ഗായത്രി ശിരസ്സനക്കി.

“സുമിത്രേ… ഗൗരിയെ ഇങ്ങോട്ട് വിളിക്ക്.” ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ അവളോട്.” വേണു മാഷ് ഭാര്യയെ നോക്കി.

“ഞാനിവിടെയുണ്ട്… അച്ഛന് എന്താ എന്നോട് പറയാനുള്ളത്.” ഗൗരി മുറിയിൽ നിന്നും ഹാളിലെ സംസാരം കാതോർക്കുവായിരുന്നു. അച്ഛൻ തന്നെ വിളിക്കാൻ അമ്മയോട് പറയുന്നത് കേട്ടപ്പോൾ ഗൗരി അവിടേക്ക് വന്നു.

“നിനക്ക് വയസ്സ് ഇരുപതായിട്ടല്ലേ ഉള്ളു. പഠിച്ചൊരു ജോലി വാങ്ങിക്കണമെന്ന ചിന്തയൊന്നുമില്ലാതെ കല്യാണത്തിന് മുൻപേ ഗർഭിണിയാവുകയെന്ന് പറഞ്ഞാൽ… ഇതൊക്കെ ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഞങ്ങളെ പറ്റി ഓർത്തോ നീ. ഇങ്ങനെയാണോ ഞാൻ നിന്നെ പഠിപ്പിച്ചത്?” വേണുവിന്റെ സ്വരമിടറി.

“എനിക്കൊരു തെറ്റ് പറ്റിപ്പോയി അച്ഛാ… പക്ഷേ അതിന്റെ പേരിൽ ഈ കുഞ്ഞിനെ കൊല്ലാൻ എന്നോട് പറയരുത്. എനിക്കതിനു മനസ്സ് വരുന്നില്ല. ഈ കുഞ്ഞിനെ കൊല്ലാൻ നിങ്ങളെന്നെ നിർബന്ധിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല. ആർക്കും നാണക്കേട് ഉണ്ടാവാതിരിക്കാനാ ഞങ്ങളുടെ കല്യാണം നടത്തി തരാൻ ഞാൻ പറയുന്നത്.” ഗൗരി കണ്ണ് നിറച്ച് എല്ലാരേം നോക്കി.

“നിന്നെ ഒൻപതു മാസം വയറ്റിൽ ചുമന്നു പ്രസവിച്ച് ഇത്രേം കഷ്ടപ്പെട്ട് വളർത്തിയ ഞങ്ങളെ മുഖത്ത് നോക്കി മരിക്കുമെന്ന് പറയാൻ നിനക്കെങ്ങനെ മനസ്സ് വന്ന് മോളേ.”

“ഞാൻ മരിക്കുമെന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് വേദനിച്ചില്ലേ. അതുപോലെ തന്നെയാ എന്നോട് എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ പറയുമ്പോ എനിക്ക് വേദനിക്കുന്നത്.” ഗൗരി കണ്ണ് തുടച്ച് പറഞ്ഞു.

“നിന്റെ നല്ലതിന് വേണ്ടി തന്നെയാ അങ്ങനെ പറഞ്ഞത്. പഠിക്കേണ്ട സമയത്ത് ഓരോന്നു കാണിച്ചു കൂട്ടിയിട്ട് ഇങ്ങനെ ന്യായീകരിക്കാൻ നിനക്കൊരു ഉളുപ്പുമില്ലേ?” ഗായത്രിക്ക് ദേഷ്യമടക്കാനായില്ല.

“എനിക്കൊരു തെറ്റ് പറ്റിപോയെന്ന് ഞാൻ സമ്മതിച്ചല്ലോ. ഇതിൽ കൂടുതൽ എന്താ വേണ്ടേ. ആ തെറ്റിനുള്ള പരിഹാരം ഞാൻ പറഞ്ഞുവല്ലോ. വിഷ്ണു എന്നെ ചതിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.”

“ഇവളോട് സംസാരിക്കാൻ ഞാനില്ല. അച്ഛനും അമ്മയും എന്താന്ന് വച്ചാൽ തീരുമാനിക്ക്. എന്തായാലും അവൾ അവളുടെ അഭിപ്രായം പറഞ്ഞല്ലോ. എനിക്കതിനോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല. കല്യാണമെന്ന് വച്ചാൽ എന്താ കുട്ടികളിയാണോ?” ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഗായത്രി മുറിയിലേക്ക് പോയി.

“എന്ത് വന്നാലും എന്റെ തീരുമാനത്തിൽ നിന്ന് ഞാൻ പിന്നോട്ടില്ല.” ഗൗരിയും മുറിയിൽ കയറി കതകടച്ചു.

“ഗായത്രി പറയുന്നതല്ലേ ശരി. ഗൗരിയുടെ വാശിക്ക് കൂട്ട് നിൽക്കണോ സുമിത്രേ.” ആലോചനയോടെ വേണു മാഷ് ചോദിച്ചു.

“ഗൗരി പറയുന്നത് പോലെ കേട്ടില്ലെങ്കിൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിക്കും എന്നല്ലേ അവള് പറഞ്ഞിട്ട് പോയത്. രണ്ടായാലും അത് നമ്മുടെ അന്തസ്സിനെ ബാധിക്കും. നാട്ടുകാർക്ക് മുന്നിൽ പിന്നെ തലയുയർത്തി നടക്കാൻ പറ്റില്ല.”

“മൂത്തവൾ നിൽക്കെ പെട്ടെന്നൊരു ദിവസം പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ കെട്ടിച്ചാലും നാട്ടുകാർ ചോദിക്കും. ഗർഭം ഒന്നും മൂടി വയ്ക്കാനും പറ്റില്ലല്ലോ.”

“ഇതിപ്പോ ഒന്നും തീരുമാനിക്കാൻ വയ്യല്ലോ വേണുവേട്ട. ഇലയ്ക്കും മുള്ളിനും കേടില്ലാത്തൊരു പരിഹാരമാണ് ഗായത്രി പറഞ്ഞത്. ആരും അറിയാതെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് അതങ്ങ് കളഞ്ഞിരുന്നെങ്കിൽ പ്രശ്നം അവസാനിച്ചേനെ. പഠിപ്പ് തീർന്നിട്ട് ആ പയ്യനുമായി തന്നെ കല്യാണവും കഴിപ്പിക്കാമായിരുന്നു.”

“എന്ത് വന്നാലും അബോർഷൻ ചെയ്യില്ലെന്ന് ഗൗരി വാശി പിടിക്കുമ്പോ ഇതൊരിക്കലും നടത്തിയെടുക്കാൻ പറ്റില്ലല്ലോ സുമിത്രേ. ഇതറിഞ്ഞപ്പോ മുതൽ ആകെയൊരു വെപ്രാളമാണ് മനസ്സിന്. എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.”

“എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല വേണുവേട്ട.” സുമിത്ര അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ആ രാത്രി ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.

🍁🍁🍁🍁🍁

പിറ്റേന്ന് രാവിലെ വിഷ്ണു തന്റെ അച്ഛനെയും അമ്മയെയും കൂട്ടി വേണു മാഷിനെ കാണാനായി വന്നു. തങ്ങൾ വരുന്ന വിവരം വിഷ്ണു ഗൗരിയെ വിളിച്ചു പറഞ്ഞിരുന്നു. അവളത് അപ്പോൾ തന്നെ വീട്ടിലുള്ളവരെ അറിയിച്ചു.

വിഷ്ണുവിന്റെ വീട്ടുകാർ എന്ത് തീരുമാനിച്ചാകും വന്നിട്ടുണ്ടാവുക എന്നോർത്ത് ഗൗരി ഉൾപ്പെടെ എല്ലാവർക്കും ടെൻഷനുണ്ടായിരുന്നു.

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ട ശേഷം അവർ കാര്യത്തിലേക്ക് കടന്നു.

“കാര്യങ്ങൾ വിഷ്ണു പറഞ്ഞ് ഇന്നലെ ഞങ്ങളറിഞ്ഞു. ഇങ്ങനെയൊരു കാര്യമായത് കൊണ്ട് ഇവിടെ വരെ വന്ന് നിങ്ങളെ കണ്ട് സംസാരിക്കണമല്ലോ.” സുധാകരൻ തുടക്കമിട്ടു.

“ഗൗരി ഉടനെ കല്യാണം വേണമെന്ന് പറഞ്ഞ് വാശി പിടിക്കുന്നുണ്ട്. പക്ഷേ അവള് പഠിച്ചോണ്ടിരിക്കുവല്ലേ. അത് മാത്രമല്ല മൂത്തവൾ നിൽക്കുമ്പോ ഇളയവളെ കെട്ടിക്കാനും പറ്റില്ല.” വേണു മാഷ് പറഞ്ഞു.

“ഇത് തന്നെയാണ് അവിടുത്തെയും പ്രശ്നം. വിഷ്ണുവിനൊരു ചേട്ടൻ കൂടി ഉണ്ട്. രണ്ട് മാസം കഴിഞ്ഞാൽ അവന്റെ കല്യാണം നടക്കേണ്ടതാണ്. നിശ്ചയം കഴിഞ്ഞതുമാ. പക്ഷേ അത് മുടങ്ങി. ഈയൊരു അവസ്ഥയിൽ പഠിക്കുന്ന ഇളയ മോനെ കല്യാണം കഴിപ്പിക്കാൻ ഞങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ട്. അതൊന്ന് ഇവിടെ വന്ന് പറയാനാ ഞങ്ങൾ ഇന്ന് തന്നെ വന്നത്. അതുകൊണ്ട് മോളേ പറഞ്ഞ് മനസ്സിലാക്കണം നിങ്ങൾ. ആ കുട്ടി അബോർഷന് സമ്മതിക്കില്ലെന്ന് വിഷ്ണുനോട്‌ പറഞ്ഞുവെന്ന് അവൻ പറഞ്ഞു.” ഊർമിളയാണ്.

“ഞങ്ങളും ഇന്നലെ ഇതറിഞ്ഞത് മുതൽ അവളോട് ഇത് തന്നെയാ പറയുന്നത്. പക്ഷേ കേൾക്കുന്നില്ല.” സുമിത്ര വിഷമത്തോടെ പറഞ്ഞു.

“അബോർഷന് ആരും എന്നെ നിർബന്ധിക്കണ്ട. ഞാനതിനു സമ്മതിക്കില്ല. എനിക്കെന്റെ കുഞ്ഞിനെ വേണം. വിഷ്ണുവിന്റെയും എന്റെയും കല്യാണം നടത്തി തന്നില്ലെങ്കിലും നിങ്ങളുടെ മകന്റെ കുഞ്ഞിനെ ഞാൻ പ്രസവിക്കും.” എല്ലാവരുടെയും മുന്നിൽ വച്ച് ഗൗരി വെട്ടിത്തുറന്ന് പറഞ്ഞു.

അത് കേട്ടതും എല്ലാരുടെയും മുഖം വിളറി. വിഷ്ണു ദയനീയമായി അച്ഛനെയും അമ്മയെയും നോക്കുമ്പോൾ വേണു മാഷ് നാണക്കേട് കാരണം ശിരസ്സ് കുനിച്ചിരുന്നു.

“നിനക്കത്ര പ്രായമൊന്നും ആയില്ലല്ലോ മോളേ. രണ്ടാളും പഠിക്കുവല്ലേ. വീട്ടുകാരെ നാണം കെടുത്താനായി ഓരോന്ന് ചെയ്യുമ്പോ മറ്റുള്ളവർക്ക് ഇതൊക്കെ എങ്ങനെ ബുദ്ധിമുട്ട് ഉമടക്കുമെന്ന് ആലോചിച്ചില്ലേ നിങ്ങൾ.” ഊർമിള ഗൗരിയോട് ചോദിച്ചു.

“സോറി അമ്മേ… അറിയാതെ പറ്റിയൊരു അബദ്ധമാണ്. ഇതിന്റെ പേരിൽ അമ്മേടെ മോന്റെ കുഞ്ഞിനെ കളയാൻ എന്നോട് പറയരുത്. നിങ്ങൾ മനസ്സ് വച്ചാൽ ഞങ്ങളെ വിവാഹം നടത്തി തരാലോ.” ഗൗരി കണ്ണീരോടെ അവരെ നോക്കി പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി.

“വല്ലാത്ത വാശിയാണല്ലോ ആ കുട്ടിക്ക്.” സുധാകരൻ പറഞ്ഞു.

“സത്യം പറഞ്ഞാൽ ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല. അവളാണെങ്കിൽ കല്യാണമെന്ന് പറഞ്ഞ് ഒരേ നിർബന്ധമാണ്. ഈ നാണക്കേട് മാറ്റാൻ ഒരു പരിഹാരവും എന്റെ മനസ്സിൽ വരുന്നില്ല.” വേണു മാഷിന്റെ സ്വരമിടറി.

“ഇത് നിങ്ങളുടെ മൂത്ത മകളല്ലേ.” ഊർമിള ഗായത്രിയെ ചൂണ്ടി ചോദിച്ചു.

“അതേ…” സുമിത്രയാണ് മറുപടി പറഞ്ഞത്.

“ഇപ്പോ എന്ത് ചെയ്യുന്നു?”

“പിജി കഴിഞ്ഞ് പി എസ് സി ക്ലാസ്സിന് പോകുന്നു.” ഗായത്രി പറഞ്ഞു.

“എന്റെ മനസ്സിൽ പെട്ടെന്ന് തോന്നിയൊരു ആശയമാണ്… പുറത്തറിഞ്ഞാൽ നമുക്ക് രണ്ട് കൂട്ടർക്കും ഒരുപോലെ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് പിള്ളേർ ചെയ്തത്.

നിങ്ങളെ മോള് അബോർഷന് സമ്മതിക്കാതെ കല്യാണത്തിന് വാശി പിടിക്കുന്നു. ഉടനെ കല്യാണം നടത്തണമെങ്കിൽ ഒരു വഴിയുണ്ട്. ഞങ്ങളുടെ മൂത്ത മകന് നിങ്ങളുടെ മൂത്ത മകളെ തരുമെങ്കിൽ അക്കൂട്ടത്തിൽ എന്തെങ്കിലും ജാതക ദോഷത്തിന്റെ പേരും പറഞ്ഞ് വിഷ്ണുവിന്റെയും ഗൗരിയുടെയും വിവാഹം കൂടി നടത്താം.” ഊർമിളയുടെ വാക്കുകൾ കേട്ട് ഗായത്രി ഞെട്ടലോടെ അച്ഛനെ നോക്കി.

“അത് ഞങ്ങളൊന്ന് ആലോചിച്ചു പറയാം.” അതൊന്നും നടക്കില്ല എന്ന് അച്ഛൻ പറയുമെന്നാണ് ഗായത്രി വിചാരിച്ചത്. പക്ഷേ ആലോചിച്ചു പറയാമെന്ന വേണു മാഷിന്റെ മറുപടി അവളെ ആശങ്കയിലാഴ്ത്തി.

അമ്മയുടെ മുഖത്തെ ഭാവമെന്താണെന്നും അവൾക്ക് ഊഹിക്കാനായില്ല.

“തീരുമാനം എന്തായാലും വേഗം പറയണം. ഒരേ സമയം രണ്ടാളെയും വിവാഹം നടത്തുന്നതിലൂടെ ഈയൊരു പ്രശ്നത്തിന് പരിഹാരം കാണാം നമുക്ക്. അല്ലെങ്കിൽ പിന്നെ ഗൗരിയോട് ഇവന്റെ ചേട്ടന്റെ കല്യാണം കഴിയുന്നത് വരെ കാത്തിരിക്കാൻ പറയണം. മൂത്തവന്റെ കഴിയാതെ നിൽക്കുമ്പോ വിഷ്ണുവിന്റെ മാത്രമായി നടത്താൻ ഞങ്ങൾക്ക് പറ്റില്ല.

നിങ്ങൾക്ക് ഇത് സമ്മതമാണെങ്കിൽ ശിവ പ്രസാദിന്റെ കല്യാണം നിശ്ചയിച്ച ദിവസം തന്നെ രണ്ട് കല്യാണവും നടത്താം.”

ഊർമിളയുടെ ഇങ്ങനെയൊരു നീക്കം വിഷ്ണുവിനെയും സുധാകരനെയും അമ്പരപ്പിച്ചു. ഈ ഐഡിയ അവരുടെ മനസ്സിൽ പോലും തോന്നിയിരുന്നില്ല.

കല്യാണം മുടങ്ങി നിൽക്കുന്ന തന്റെ മൂത്ത മകന്റെ നാണക്കേട് മാറണമെങ്കിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ അവന്റെ കല്യാണം നടക്കണം. അതിന് പറ്റിയ പെണ്ണിനെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് വിഷ്ണു വഴി ഊർമിള ഗൗരിയുടെ കാര്യം അറിയുന്നത്. അവൾക്കൊരു ചേച്ചി ഉണ്ടെന്ന് കേട്ടപ്പോൾ ഈ ആശയം അവരുടെ മനസ്സിൽ തോന്നിയിരുന്നു. സന്ദർഭം നോക്കി അവരത് പറയുകയും ചെയ്തു.

“എന്തായാലും ഇക്കാര്യം ഞങ്ങളൊന്ന് ആലോചിക്കട്ടെ.” സുമിത്രയാണ്.

“ആയിക്കോട്ടെ… നിങ്ങൾ ആലോചിച്ചൊരു തീരുമാനം പറയൂ.” സുധാകരൻ പറഞ്ഞു.

മൂവരും യാത്ര പറഞ്ഞ് ഇറങ്ങുകയും ചെയ്തു.

പോകാൻ നേരം ഗായത്രിയെ അടിമുടി ഒന്നുഴിഞ്ഞിട്ടാണ് ഊർമിള കാറിലേക്ക് കയറിയത്. തന്റെ മകന് ചേരുന്ന പെണ്ണാണ് അവളെന്ന് അവർക്ക് ബോധ്യമാവുകയും ചെയ്തു.

🍁🍁🍁🍁

“അച്ഛനെന്താ അവരോട് ഈ ആലോചന നടക്കില്ലെന്ന് പറയാത്തത്. എന്റെ കല്യാണം നേരത്തെ തീരുമാനിച്ചതാണെന്ന് പറഞ്ഞൂടായിരുന്നോ?” രോഷമടക്കാനാവാതെ ഗായത്രി വേണു മാഷിനോട് ചൂടായി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button