Novel

വരും ജന്മം നിനക്കായ്: ഭാഗം 13

രചന: ശിവ എസ് നായർ

“ചേച്ചി എന്താ ആ ചേട്ടന്റെ കൂടെ കിടന്നിട്ടുണ്ടോ? അതുകൊണ്ടാണോ അയാളെ മറക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വാശി പിടിക്കുന്നത്.” ഗൗരിയുടെ ചോദ്യം കേട്ടതും ഗായത്രിക്ക് വിറഞ്ഞു കയറി.

“നിന്നെപ്പോലെയാണ് ഞാനെന്ന് കരുതരുത്.” അവൾ കൈവീശി ഗൗരിയുടെ കരണത്ത് ആഞ്ഞടിച്ചു.

“അമ്മേ…” നില തെറ്റിയ ഗൗരി നിലത്തേക്ക് വീണുപോയി.

അവളെയൊന്ന് പുച്ഛത്തോടെ നോക്കിയിട്ട് ഗായത്രി ബാഗിലേക്ക് തന്റെ വസ്ത്രങ്ങൾ അടുക്കി വയ്ക്കാൻ തുടങ്ങി.

“എല്ലാത്തിനും കാണിച്ചു തരുന്നുണ്ട് ഞാൻ.”

ചേച്ചിയെ രൂക്ഷമായൊന്ന് നോക്കി കവിൾ പൊത്തിപ്പിടിച്ച് ഗൗരി എഴുന്നേറ്റ് പുറത്തേക്ക് പോയി.

ഗായത്രി ബാഗ് പാക്ക് ചെയ്ത് ഹാളിലേക്ക് നടന്നു.

“അച്ഛാ… ഞാനിറങ്ങുവാ… എന്റെ ഇഷ്ടം നോക്കാതെ അച്ഛനും അമ്മയും ഈ വിവാഹം നടത്താൻ ശ്രമിക്കുകയല്ലേ. അഖിലേട്ടനെ ചതിച്ചിട്ട് മറ്റൊരുത്തന്റെ താലിക്ക് ഞാൻ തല കുനിക്കുമെന്ന് അച്ഛൻ കരുതിയോ. കൊടുത്ത വാക്കിന് അച്ഛൻ വില കല്പിച്ചില്ലെങ്കിലും എനിക്ക് അങ്ങനെയാവാൻ പറ്റില്ല. അതുകൊണ്ട് ഞാൻ ഹോസ്റ്റലിലേക്ക് മാറുകയാണ്.”

“ഗായത്രി… അവിടെ നിക്ക്. രണ്ട് പേരും എന്നെ പരീക്ഷിക്കാൻ നിൽക്കരുത്. അച്ഛന്റെ മാനം രക്ഷിക്കാൻ നിനക്ക് മാത്രേ കഴിയു. നിന്റെ അനിയത്തി നമ്മുടെ കുടുംബത്തെ ഓർക്കാതെ ഓരോന്ന് ചെയ്ത് കൂട്ടിയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.

ഇനി നീ കൂടി ഞങ്ങളെ വിഷമിപ്പിക്കരുത്. നാട്ടുകാർക്ക് മുന്നിൽ പരിഹാസ്യനായി തല കുനിച്ചു നിൽക്കാൻ അച്ഛന് കഴിയില്ല മോളേ.” വേണു മാഷ് അപേക്ഷയോടെ ഗായത്രിയോട് പറഞ്ഞു.

“അച്ഛൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഈ നിമിഷം തന്നെ ഞാനീ പടിയിറങ്ങുവാ. കുറച്ചു ദൂരേക്കുള്ള ഹോസ്റ്റലിലേക്കാ പോകുന്നത്. അതാവുമ്പോ ഞാൻ ജോലിക്കോ മറ്റോ പോയെന്ന് ചോദിക്കുന്നവരോട് അച്ഛനും അമ്മയ്ക്കും പറയാലോ. എന്നെകൊണ്ട് നാണക്കേടും ഉണ്ടാവില്ല.” അച്ഛന്റെ വാക്കുകൾക്കൊന്നും അവളുടെ തീരുമാനത്തെ മാറ്റാൻ കഴിഞ്ഞില്ല.

“വേണ്ട മോളേ… നീ പോവരുത്. എനിക്ക് നീയേയുള്ളു ആശ്രയം.” മാഷിന്റെ ശബ്ദമിടറി. അയാളവളെ പിടിച്ചു നിർത്താൻ ഒരു ശ്രമം നടത്തി.

അച്ഛന്റെ കൈകളെ തട്ടി മാറ്റി ഗായത്രി, പ്രധാന വാതിലിന് നേർക്ക് നടക്കുമ്പോഴാണ് സുമിത്രയുടെ നിലവിളി കേട്ടത്.

“വേണുവേട്ടാ… ” പരിഭ്രാന്തി നിറഞ്ഞ അവരുടെ ശബ്ദം കേട്ടത് ഗൗരിയുടെ മുറിയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞതും വേണു മാഷ് അങ്ങോട്ടേക്ക് പാഞ്ഞു. കയ്യിലിരുന്ന ബാഗ് നിലത്തിട്ട് ഗായത്രിയും പിന്നാലെ ചെന്നു.

ഫാനിൽ തൂങ്ങിയാടുന്ന ഗൗരിയെ കണ്ട് വേണു മാഷ് സ്തംഭിച്ചുപോയി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിലവിളിക്കുകയാണ് സുമിത്ര. വേണു മാഷ് പെട്ടെന്ന് അവളുടെ കാലിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി.

“ഗായത്രീ… ഇവളെ കാലിൽ ഒന്ന് പിടിക്ക്.” വേണു മാഷ് വിളിച്ചു പറഞ്ഞു.

ഗായത്രി വേഗം ചെന്ന് ഗൗരിയുടെ കാലിൽ പിടിച്ചു. അതേസമയം മറിഞ്ഞു കിടന്ന സ്റ്റൂൾ നേരെ വച്ച് മാഷ് അതിൽ കയറി നിന്നുകൊണ്ട് ഫാനിലെ കുടുക്ക് മുറിച്ചു.

തന്റെ ദേഹത്തേക്ക് കുഴഞ്ഞു വീണ മകളെ അയാൾ ശ്രദ്ധാപൂർവ്വം കട്ടിലിലേക്ക് കിടത്തി. കഴുത്തു മുറുകി ഒരു നിമിഷം ശ്വാസം കിട്ടാതെ പിടഞ്ഞു പോയ ഗൗരി ശ്വാസം ആഞ്ഞുവലിച്ചു. സുമിത്ര അവൾക്ക് കുടിക്കാനായി വെള്ളം കൊണ്ട് കൊടുത്തു.

“എന്റെ മോളെ… നീയെന്ത് അവിവേകമാ ഈ കാണിച്ചത്. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?” കൈകൊണ്ട് ശിരസ്സിലടിച്ച് സുമിത്ര പൊട്ടിക്കരഞ്ഞു.

വേണു മാഷ് ഒന്നും മിണ്ടാനാവാതെ തളർന്നിരിപ്പാണ്.

“പിന്നെ ഞാൻ എന്ത് ചെയ്യണം. എനിക്ക് പറ്റിയ തെറ്റ് എല്ലാവരോടും ഏറ്റ് പറഞ്ഞതല്ലേ ഞാൻ. ഈ കല്യാണം നടക്കില്ലെന്ന് ഉറപ്പായപ്പോ നിങ്ങൾക്കൊരു നാണക്കേട് ഉണ്ടാവണ്ടെന്ന് കരുതിയ ഞാൻ മരിക്കാൻ തീരുമാനിച്ചത്. അബോർഷൻ ചെയ്യാൻ എനിക്ക് പറ്റില്ല. പിന്നെ എനിക്ക് മുന്നിലുണ്ടായിരുന്ന വഴി ഇത് മാത്രമായിരുന്നു.”

“ഞങ്ങൾ ജീവിച്ചിരിക്കുമ്പോ നിങ്ങളിൽ ആര് മരിച്ചാലും എനിക്കും നിന്റെ അച്ഛനും അത് സഹിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്. ഞങ്ങൾക്ക് നിങ്ങളല്ലേ ഉള്ളു. അതെന്താ ഗൗരി നീ ഓർക്കാത്തത്.” സുമിത്ര മൂക്ക് പിഴിഞ്ഞു

“ഇതൊക്കെ ഇവളുടെ അടവാണ് അമ്മേ. നിങ്ങളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തത്. നമ്മളാരെങ്കിലും രക്ഷപ്പെടുത്തുമെന്ന് അവൾക്കറിയാം. അതുകൊണ്ടല്ലേ അമ്മ കാണണമെന്ന ഉദേശത്തിൽ വാതിലും തുറന്നിട്ട്‌ ആത്മഹത്യാ നാടകം കളിച്ചത്.” കൈകൾ മാറത്ത് പിണച്ചുകെട്ടി ഗൗരിയെ തന്നെ നോക്കി നിൽക്കുകയാണ് ഗായത്രി.

ചേച്ചിയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം വിളറി. സംഗതി അച്ഛനെയും അമ്മയെയും പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണെങ്കിലും സ്റ്റൂള് പെട്ടെന്ന് മറിഞ്ഞു പോകുമെന്ന് ഗൗരി വിചാരിച്ചതല്ല. അപ്പോ തന്നെ അച്ഛൻ ഓടി വന്ന് കാലിൽ പിടിച്ചോണ്ട് അപകടം ഒന്നും പറ്റിയില്ല. ഒരു നിമിഷത്തേക്കെങ്കിലും ശ്വാസം കിട്ടാതെ പിടഞ്ഞു പോയതിനാൽ തന്റെ ആത്മഹത്യാ നാടകത്തിൽ ചേച്ചി വീണില്ലെങ്കിലും അച്ഛനും അമ്മയും വീഴുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

“നീയൊന്ന് നിർത്തുന്നുണ്ടോ ഗായത്രി. എന്റെ മോള് ചെറുതല്ലേ. പ്രായത്തിന്റെ അറിവില്ലായ്മ കൊണ്ടൊരു തെറ്റ് പറ്റിയതിന് അവളെ നീയിങ്ങനെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത് നിർത്ത്. ഞാൻ കണ്ടോണ്ട് വന്നില്ലായിരുന്നെങ്കിൽ ഇവളെ ജീവനോടെ കിട്ടുമായിരുന്നോ? ഒന്നുല്ലേലും നിന്റെ അനിയത്തിയല്ലേ. എനിക്ക് നിങ്ങൾ രണ്ടുപേരും ഒരുപോലെയാ. പക്ഷേ, ഇവിടെ പക്വതയോടെ ചിന്തിക്കേണ്ടതും പെരുമാറേണ്ടതും നീയാണ് ഗായത്രി.” സുമിത്ര കണ്ണീർ തുടച്ചു.

“ഇവളുടെ ആത്മഹത്യാ ഭീഷണിയിൽ ഒന്നും ഞാൻ വീഴില്ലമ്മേ. സ്വന്തം സുഖത്തെ പറ്റി മാത്രം ചിന്തിക്കുന്ന ഇവൾക്ക് വേണ്ടി ഒരു വിട്ട് വീഴ്ചയ്ക്കും ഞാൻ തയ്യാറല്ല. ഞാൻ ഇറങ്ങുവാ..”

“മോളൊന്ന് നിന്നേ.” ഗായത്രി പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയതും വേണു മാഷ് അവളെ വിളിച്ചു.

ഗായത്രി ചോദ്യ ഭാവത്തിൽ അച്ഛനെ നോക്കി.

“നിന്റെ ഇഷ്ടത്തെ ഞങ്ങൾ എതിർക്കുന്നില്ല. എങ്ങോട്ട് വേണോ പൊയ്ക്കോ. അഖിലിന്റെ ഒപ്പം തന്നെ നീ ജീവിച്ചോ. പക്ഷേ അത് കാണാൻ ഞാനും നിന്റെ അമ്മയും ജീവനോടെ ഉണ്ടാവില്ല.

ഈ കല്യാണം നടന്നില്ലെങ്കിൽ ഗൗരിയുടെ ജീവിതം തകരും. ഗർഭമൊന്നും അധികനാൾ ആരിൽ നിന്നും ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ലല്ലോ. ഇത്രയും വർഷം കൊണ്ട് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിൽ ഞാനുണ്ടാക്കിയെടുത്ത നിലയും വിലയും ഇല്ലാതാവുന്നത് സഹിക്കാൻ എനിക്ക് കഴിയില്ല. അഭിമാനത്തിന് മുറിവേറ്റ് കഴിഞ്ഞിട്ട് പിന്നെ ജീവിച്ചിരുന്നിട്ട് എന്താ പ്രയോജനം.

ആരുടെയും കളിയാക്കലോ കുത്തുവാക്കുകളോ കേൾക്കാൻ ഞാനും എന്റെ ഭാര്യയും ഉണ്ടാവില്ല. നിങ്ങൾ മക്കൾ നിങ്ങളെ ഇഷ്ടം പോലെ ജീവിക്ക്. നിങ്ങളെ കഷ്ടപ്പെട്ട് ഇത്രയും വളർത്തിയ ഞങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത മക്കൾ ഞങ്ങൾക്കൊരു വേദന തന്നെയാണ്.

നീയീ പടിയിറങ്ങുന്ന നിമിഷം ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ഞങ്ങളും അങ്ങ് പോകും. ഞങ്ങളെക്കാൾ വലുതാണ് നിനക്ക് അവനെങ്കിൽ പൊയ്ക്കോ മോളേ. നിന്റെ അനിയത്തി ഞങ്ങളെ ചതിച്ചു. നീയും കൂടി പോയാൽ പിന്നെ….” വാക്കുകൾ ഇടറി വേണു മാഷ് പൊട്ടിക്കരഞ്ഞു.

“നമുക്ക് മരിക്കാം വേണുവേട്ട. മക്കൾ ഉപേക്ഷിച്ചാലും നിങ്ങളെ ഞാൻ കൈവിടില്ല. നമ്മളോട് ഒരിറ്റ് സ്നേഹമില്ലാത്ത ഇവർക്ക് വേണ്ടി ഇനി ജീവിച്ചിരുന്നിട്ടും പ്രയോജനമില്ലല്ലോ.” സുമിത്ര അയാൾക്കരികിലായി വന്നിരുന്നു.

അച്ഛന്റേം അമ്മേടേം വാക്കുകൾ ഗായത്രിയെ തളർത്തി. ചെകുത്താനും കടലിനും നടുവിൽ അകപ്പെട്ട അവസ്ഥയായി അവൾക്ക്.

“നീ പൊയ്ക്കോ… പിന്നെ ഞങ്ങള് മരിച്ചൂന്ന് അറിഞ്ഞാൽ പോലും ഈ വഴി വരരുത്. രണ്ട് പേരും ഞങ്ങൾക്ക് ബലി കർമ്മങ്ങളും ചെയ്യരുത്. ഞങ്ങൾക്ക് ഇങ്ങനെ രണ്ട് മക്കളില്ല. എല്ലാവർക്കും അവരുടെ ഇഷ്ടം നടന്നാൽ മതി. അച്ഛനെയും അമ്മയെയും പറ്റി ഒരു ചിന്ത ആർക്കും ഇല്ല. അന്തസ്സോടെ ജീവിച്ച് അന്തസ്സോടെ തന്നെ മരിക്കാലോ, അതുമതി.

ഇതൊന്നും നിന്നെ പേടിപ്പിക്കാൻ പറയുന്നതല്ല മോളേ. എന്റെ രണ്ട് മക്കളാണേ സത്യം എന്റെ വാക്ക് ധിക്കരിച്ചു നീയിവിടുന്ന് പോയാൽ ഞങ്ങളും പോകും എന്നന്നേക്കുമായി. ഗൗരിയോ ഇങ്ങനെയായി… ഇപ്പോ നീയും.” അത്രയും പറഞ്ഞ് വേണു മാഷ് എഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് പോയി, പിന്നാലെ സുമിത്രയും.

അതോടെ ഒരു തീരുമാനം എടുക്കാനാവാതെ ഗായത്രിയും പ്രതിസന്ധിയിലായി. ഗൗരി മാത്രം അപ്പോഴും മനസ്സിൽ സന്തോഷിക്കുകയായിരുന്നു. എന്തൊക്കെ പറഞ്ഞാലും ചെയ്താലും അച്ഛനെയും അമ്മയെയുംക്കാൾ വലുതല്ല ചേച്ചിക്ക് മറ്റൊന്നും എന്ന് അവൾക്കറിയാം…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button