വരും ജന്മം നിനക്കായ്: ഭാഗം 14
രചന: ശിവ എസ് നായർ
വേണു മാഷിന്റെയും സുമിത്രയുടെയും തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായതോടെ ഗായത്രി വെട്ടിലായി. അവരെ എതിർത്ത് വീട്ടിൽ നിന്നിറങ്ങിപോയാൽ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്നത് ഉറപ്പായ കാര്യമാണ്. അങ്ങനെ സംഭവിച്ചാൽ അവൾക്കൊരിക്കലും അഖിലിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല. അച്ഛന്റേം അമ്മേടേം താല്പര്യത്തിന് നിന്ന് കൊടുത്താൽ അഖിലിനെ മനഃപൂർവം ചതിക്കുന്നത് പോലെയാകും. പിന്നെ അവൾക്ക് സമാധാനം നിറഞ്ഞൊരു ജീവിതം കിട്ടില്ല.
ഏത് നിലപാട് സ്വീകരിച്ചാലും താനും അഖിലും തന്നെ അതിന്റെ വേദന സഹിക്കേണ്ടി വരുമെന്ന് വിഷമത്തോടെ ഗായത്രി ഓർത്തു.
അഖിലിനെ വിളിച്ചു കരഞ്ഞുകൊണ്ട് അവൾ വീട്ടിലെ അവസ്ഥ അവതരിപ്പിച്ചു. എല്ലാത്തിനും കാരണക്കാരിയായ ഗൗരിയോട് അഖിലിന് കടുത്ത ദേഷ്യവും വെറുപ്പും തോന്നി. പക്ഷേ ഈ പ്രശ്നത്തിനൊരു പരിഹാരം ഉണ്ടാവണമെങ്കിൽ ഗായത്രിയെ തനിക്ക് മറക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ അഖിലിനും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. മറ്റ് വഴികളില്ലാതെ വേദനയോടെയാണെങ്കിലും അഖിലിനെ മറക്കാൻ ഗായത്രി നിർബന്ധിതയായി.
വേണു മാഷിനോട് ശിവപ്രസാദുമായുള്ള കല്യാണത്തിന് സമ്മതം മൂളുമ്പോൾ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.
“അച്ഛന് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് മോളേ… ഈ വിവാഹം കഴിയുന്നതോടെ ഗൗരിയെന്ന മകളും ഞങ്ങൾക്കില്ലാതാവുകയാണ്. എനിക്കും സുമിത്രയ്ക്കും ഇനി നീ മാത്രേ ഉള്ളു. ഞങ്ങളുടെ അഭിമാനം രക്ഷിക്കാൻ നിന്റെ ഇഷ്ടം നീ വേണ്ടെന്ന് വച്ചതല്ലേ. അതുകൊണ്ട് നിന്റെ ഏത് പ്രശ്നത്തിനും ഞങ്ങളുണ്ടാവും കൂടെ.
അച്ഛനേം അമ്മേം മോള് വെറുക്കരുത്. മനഃപൂർവമല്ല ഒന്നും. ജനിപ്പിച്ചു പോയത് കൊണ്ട് ഈ പ്രശ്നത്തിന്റെ പേരിൽ ഗൗരിയെ ഇറക്കി വിടാൻ പറ്റില്ലല്ലോ നമുക്ക്. കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അവൾക്ക് അവളുടെ പാടായി. പിന്നെയൊരു സങ്കടവും പറഞ്ഞ് ഈ പടി കടന്ന് വരാൻ അവളെ ഞാൻ അനുവദിക്കില്ല.
ഗൗരി അവളുടെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത ജീവിതം എങ്ങനെ ആയാലും അത് അവളുടെ മാത്രം ഉത്തരവാദിത്തമാണ്.” ഗായത്രിയുടെ നെറുകയിൽ തലോടി മാഷ് അത് പറയുമ്പോൾ അവൾ മൗനമായി ഇരുന്നു.
“അല്ലെങ്കിലും ഈ കല്യാണം നടന്ന് കഴിഞ്ഞാൽ അച്ഛനേം അമ്മേം ബുദ്ധിമുട്ടിപ്പിക്കാൻ ഞാൻ വരില്ല.” ഗൗരി വീറോടെ പറഞ്ഞു.
“അങ്ങനെ ആയാൽ നിനക്ക് കൊള്ളാം. അവളുടെ ഭിക്ഷയാണ് ഇന്ന് നമ്മുടെ മൂന്ന് പേരുടെയും ജീവിതം. അതോർത്താൽ നിനക്ക് കൊള്ളാം.” ഗൗരിക്ക് താക്കീത് നൽകി മാഷ് മുറി വിട്ട് പോയി.
“വിഷ്ണുവിന്റെ ചേട്ടൻ പാവമാണ്. ചേച്ചിക്ക് ആ ചേട്ടനെ ഉറപ്പായും ഇഷ്ടപ്പെടാൻ പറ്റും. പിന്നെ ചേച്ചിക്ക് ഇപ്പോഴും ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ. അതുകൊണ്ട് കുറച്ചു കഴിയുമ്പോ ഈ വിഷമം മാറും. പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല. ഞാനും വിഷ്ണുവും എല്ലാ രീതിയിലും ഒന്നായവരാണ്. അവനെ ഏത് സാഹചര്യത്തിലും ഇനി നഷ്ടപ്പെടരുതെന്ന് കരുതിയാണ് എടുപിടീന്ന് വിവാഹം വേണമെന്ന് ഞാൻ വാശി പിടിക്കുന്നത്. മനസ്സും കൊണ്ടും ശരീരം കൊണ്ടും അവന്റെയായി മാറിയ എനിക്ക് അവനെ നഷ്ടപ്പെട്ടാൽ പിന്നെ മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. അതുകൊണ്ട് ഈ വിവാഹം നടക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ്. ചേച്ചിക്കെന്നോട് ദേഷ്യം തോന്നിയിട്ട് കാര്യമില്ല.” അത്രയും പറഞ്ഞിട്ട് ഗായത്രിയുടെ മറുപടിക്ക് കാക്കാതെ ഗൗരി സ്വന്തം മുറിയിലേക്ക് പോയി.
🍁🍁🍁🍁
മനസ്സിലുള്ളതൊക്കെ രേവതിയോട് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രിക്ക് തെല്ലൊരു ആശ്വാസം തോന്നി.
“ഇതാണ് അന്ന് നടന്നത്. അച്ഛനെയും അമ്മയെയും ജീവനോടെ കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് ഗൗരിക്ക് വേണ്ടി ത്യാഗം ചെയ്യാൻ ഞാൻ തയ്യാറായത്. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരാളെയാണ് എനിക്ക് അവൾ കാരണം നഷ്ടപ്പെട്ടത്.
അവസാനനിമിഷം വരെ ഗൗരിക്കൊരു മനംമാറ്റമുണ്ടാകുമെന്ന് ചെറിയൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. അല്ലെങ്കിൽ എന്റെ അവഗണന കണ്ട് ശിവേട്ടൻ സ്വയം ഈ വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല.” ഗായത്രി മുഖം പൊത്തി കരഞ്ഞു.
“തന്നെ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല. ഇത്രേം നന്ദികെട്ട അനിയത്തിക്ക് വേണ്ടി അമ്മയുടെ അടിയൊന്നും കൊണ്ട് കിടക്കേണ്ട ആവശ്യമില്ല തനിക്ക്. തന്നെ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പ്രതികരിക്കണം.”
“എന്തൊക്കെയാണെങ്കിലും ഞാനിവിടെ പെട്ടുപോയി കഴിഞ്ഞു. എന്റെ ജീവിതവും സ്വപ്നവുമൊക്കെ ഏതാണ്ട് അവസാനിച്ച മട്ടാ.”
“ഗായു… ഈ കല്യാണത്തോടെ തന്റെ ജീവിതം അവസാനിച്ചു എന്നൊന്നും ചിന്തിക്കല്ലേ നീ. വീട്ടുകാരെ ഇഷ്ടത്തിനു നീയേതായാലും ശിവേട്ടനെ കല്യാണം കഴിച്ചു ഇങ്ങോട്ട് വന്നു. ഇവിടെ താഴ്ന്നു കൊടുക്കാൻ നിന്നാൽ അമ്മായി നിന്നെ അടുക്കളക്കാരിയായി അടിച്ചൊതുക്കും. കുറച്ചു ധൈര്യം കാണിക്ക് നീ.”
“സത്യം പറഞ്ഞാൽ ഞാനാകെ മനസ്സ് കൈവിട്ട് നിൽക്കുകയായിരുന്നു. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ട പോലെ. അല്ലെങ്കിൽ എന്റെ മുഖത്തടിച്ചതിനൊക്കെ പ്രായം നോക്കാതെ തിരിച്ചു കൊടുത്തേനെ ഞാൻ.”
“ഒരു തെറ്റും ചെയ്യാതെ തന്നെ തന്റെ ശരീരം ആര് നോവിച്ചാലും ശരി പ്രായവും സ്ഥാനവും നോക്കി നിൽക്കാതെ ആരായാലും തിരിച്ചൊന്ന് കൊടുക്കണം.” രേവതി ആ പറഞ്ഞതിൽ എന്തൊക്കെയോ ദുരൂഹത തോന്നി ഗായത്രിക്ക്.
“രേവതിയോട് എല്ലാം പറഞ്ഞപ്പോ നെഞ്ചിൽ നിന്നൊരു ഭാരം ഇറക്കി വച്ച പോലെയൊരു ആശ്വാസമുണ്ട്. ഇപ്പോ കുറച്ചു ധൈര്യമൊക്കെ തോന്നുന്നുണ്ട്.”
“അങ്ങനെ വേണം… പിന്നെ ഞാനിന്ന് തിരിച്ചു പോവും. ഗായുവിന്റെ നമ്പർ തരണേ. ഞാൻ ഇടക്ക് വിളിക്കാം. എന്നെകൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ ഏത് പാതിരാത്രി ആയാലും തനിക്കും എന്നെ വിളിക്കാം.” അവളുടെ കരങ്ങൾ കവർന്ന് രേവതി അത് പറയുമ്പോൾ ഗായത്രിയുടെ മിഴികളിൽ നനവൂറി.
“തീർച്ചയായും വിളിക്കാം. ഇവിടെ എനിക്കൊരു ആശ്രയത്തിന് രേവതി മാത്രേ ഉള്ളു. ഒരു ദിവസത്തെ പരിചയമേ ഉള്ളുവെങ്കിലും എന്റെ വിഷമം മനസിലാക്കി ആശ്വസിപ്പിക്കാൻ തനിക്ക് കഴിഞ്ഞല്ലോ. അതുമതി എനിക്ക്.”
“എങ്കിൽപിന്നെ ഈ മുഖമൊക്കെ ഒന്ന് കഴുകി ഫ്രഷായി താഴേക്ക് വാ.” രേവതി ചിരിയോടെ എഴുന്നേറ്റ് താഴേക്ക് പോയി.
അവരുടെ സംസാരം മറഞ്ഞു നിന്ന് കേട്ട് കൊണ്ടിരുന്ന ശിവപ്രസാദ് രേവതി എഴുന്നേറ്റ് വരുന്നത് കണ്ട് പെട്ടെന്ന് റൂമിലേക്ക് പോയി.
ശിവപ്രസാദ് താഴേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു ബാൽക്കണിയിലിരുന്ന് കരയുന്ന ഗായത്രിയെ ആശ്വസിപ്പിക്കുന്ന രേവതിയെ കണ്ടത്.
ഒരു ദിവസം കൊണ്ട് തന്നെ ഇരുവരും കൂട്ടായത് അവനെ ഒരു നിമിഷം അതിശയിപ്പിച്ചു. ഇരുവരും എന്താ പറയുന്നതെന്ന് അറിയാൻ അവനും കാതോർത്തു. തന്നെയും സംബന്ധിക്കുന്ന എന്തെങ്കിലും കാര്യം അവൾ ഗായത്രിയോട് പറയുമോ എന്നൊരു ഭയം ശിവയ്ക്ക് ഉണ്ടായിരുന്നു. പേടിച്ചത് പോലെ രേവതി ഒന്നും പറയാതിരുന്നത് അവന് ആശ്വാസം നൽകി. ഒപ്പം ഗായത്രിക്ക് ഉണ്ടായിരുന്ന പ്രണയവും ശിവപ്രസാദിന്റെ മനസ്സിനെ അലോസരപ്പെടുത്തി.
അവൾക്ക് മറ്റൊരു ബന്ധം വാക്ക് പറഞ്ഞ് വച്ചിരുന്നുവെന്നും ഗൗരിക്ക് വേണ്ടി അതുപേക്ഷിക്കുകയാണ് എന്ന് മാത്രേ വേണു മാഷ് അവരോട് പറഞ്ഞിരുന്നുള്ളൂ. ആ ദേഷ്യം ഗായത്രിക്ക് ഉണ്ടെന്നും ഈ ബന്ധം അവൾക്ക് തീരെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും തങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഗായത്രി ഈ വിവാഹത്തിന് സമ്മതം മൂളിയത് എന്നൊക്കെയാണ് അവന്റെ അറിവ്. അതൊക്കെ സത്യമാണെങ്കിലും ഇത്രയും ആഴത്തിലുള്ളൊരു പ്രണയ ബന്ധമാണ് ഗായത്രിയുടേതെന്ന തിരിച്ചറിവ് ശിവപ്രസാദിന്റെ മനസ്സിൽ കരടായി കുരുങ്ങി കിടന്നു.
🍁🍁🍁🍁
“വിഷ്ണു… ഞാനൊരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത്.” രാത്രിയിലെ അത്താഴം കഴിഞ്ഞ് ടെറസിൽ ഇരിക്കുകയായിരുന്നു വിഷ്ണുവും ഗൗരിയും.
“നീ കാര്യം പറയ്യ്.”
“നീ അന്ന് കുറെ പറഞ്ഞതല്ലേ എന്നോട് അബോർഷൻ ചെയ്യാൻ. അപ്പോ ഞാനല്ലേ സമ്മതിക്കാതിരുന്നത്.” ഗൗരി തുടക്കമിട്ടു.
“അതുകൊണ്ട്?” ചോദ്യഭാവത്തിൽ വിഷ്ണു അവളെ നോക്കി.
“എനിക്ക് നിന്നെ കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ചാണ് ഞാനന്ന് ഒന്നിനും സമ്മതിക്കാതിരുന്നത്. ഇപ്പോ നമ്മുടെ വിവാഹം കഴിഞ്ഞോണ്ട് പേടിക്കാനില്ലല്ലോ. അതുകൊണ്ട് നമുക്കിത് അബോർഷൻ ചെയ്യാം.” ഗൗരി ലാഘവത്തോടെ പറഞ്ഞു നിർത്തി.
രാവിലെ രേവതി കൊണ്ട് പോയി വിരിച്ചിട്ട തന്റെ വസ്ത്രങ്ങൾ എടുക്കാൻ ടെറസിലേക്ക് കയറി വന്ന ഗായത്രിയും ഗൗരി പറഞ്ഞത് കേട്ടു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…