Novel

വരും ജന്മം നിനക്കായ്: ഭാഗം 15

രചന: ശിവ എസ് നായർ

“എനിക്ക് നിന്നെ കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ചാണ് ഞാനന്ന് ഒന്നിനും സമ്മതിക്കാതിരുന്നത്. ഇപ്പോ നമ്മുടെ വിവാഹം കഴിഞ്ഞോണ്ട് പേടിക്കാനില്ലല്ലോ. അതുകൊണ്ട് നമുക്കിത് അബോർഷൻ ചെയ്യാം.” ഗൗരി ലാഘവത്തോടെ പറഞ്ഞു നിർത്തി.

“നിനക്കെന്താ ഗൗരി ഭ്രാന്ത് പിടിച്ചോ?” വിഷ്ണുവിന്റെ സ്വരം കടുത്തു.

“നീയെന്തിനാ അതിന് ചൂടാകുന്നത്. ഇക്കാര്യം നീ തന്നെ എന്നോടൊരു നൂറുവട്ടം പറഞ്ഞിട്ടുണ്ടാവും.”

“അതൊക്കെ നമ്മുടെ കല്യാണത്തിന് മുൻപ്. അന്നൊന്നും നീ സമ്മതിച്ചില്ലല്ലോ.”

“സമ്മതിച്ചിരുന്നെങ്കിൽ ഇപ്പോ നമ്മുടെ വിവാഹം നടക്കില്ലായിരുന്നല്ലോ.”

“ഉടനെ കല്യാണം വേണമെന്ന് വാശി നിനക്കായിരുന്നല്ലോ.”

“നിന്റെ വീട്ടുകാർ എങ്ങാനും എതിർത്താൽ നീയെന്നെ ചതിച്ചാലോ എന്ന് പേടിച്ചിട്ടല്ലേ ഞാൻ കല്യാണത്തിന് വാശി പിടിച്ചത്.”

“അത്രയ്ക്കുള്ള വിശ്വാസമേ നിനക്കെന്നോട് ഉണ്ടായിരുന്നുള്ളൂ. ഒരു ജോലി പോലും ആകുന്നതിനു മുൻപ് ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. ഇനിയിപ്പോ നിന്റെ ആവശ്യങ്ങൾക്ക് കൂടി ഞാൻ അച്ഛന്റെ മുന്നിൽ കൈനീട്ടണം. എന്തായാലും നിന്റെ അച്ഛൻ നിന്നെയിനി പഠിപ്പിക്കില്ലെന്ന് ഉറപ്പാ.”

“നിന്നോട് വിശ്വാസകുറവ് ഉണ്ടായെങ്കിൽ അത് നിന്റെ കുഴപ്പം കൊണ്ട് തന്നെയാ വിഷ്ണു. നമ്മുടെ ബന്ധം നിന്റെ വീട്ടിൽ സമ്മതിച്ചില്ലെങ്കി എന്ത് ചെയ്യുമെന്ന് ഞാനൊരിക്കെ ചോദിച്ചപ്പോൾ നീ ഒരു മറുപടിയും പറഞ്ഞില്ലല്ലോ.”

“അങ്ങനെ ഒരവസ്ഥ വന്നാൽ എന്ത് ചെയ്യണമെന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല അപ്പോഴത്തെ സിറ്റുവേഷൻ പോലെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ.”

“അതിനർത്ഥം എന്നെ എന്ത് വന്നാലും സ്വീകരിക്കും എന്നൊന്നുമല്ലല്ലോ. അന്ന് മുതലാ നീയെന്നെ ചീറ്റ് ചെയ്യുമോന്ന് ഓർത്ത് എനിക്ക് പേടിയായത്. എന്റെ ക്ലാസ്സിലുള്ള മിക്ക ഗേൾസിനെയും അവരുടെ ബോയ് ഫ്രണ്ട്സ് കാര്യം കഴിഞ്ഞു ഒഴിവാക്കുന്നത് കണ്ടിട്ടുണ്ട്. അതൊക്കെ കണ്ടും കേട്ടും നിന്നെ ഞാൻ സംശയിച്ചു പോയി.

നമ്മൾ ഇത്രയും അടുത്തുപോയ സ്ഥിതിക്ക് നിന്നെ മറക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ടാ എല്ലാരേം വെറുപ്പിച്ചു കൊണ്ടാണെങ്കിലും നിന്നെ വേണമെന്ന് വാശി പിടിച്ചു ഞാൻ നിന്നത്. കല്യാണം കഴിഞ്ഞപ്പോഴാ എനിക്ക് സമാധാനമായത്.” ഗൗരി നെടുവീർപ്പിട്ടു.

“നിന്നെ ചതിക്കണമെന്നോ മറ്റൊരു പെണ്ണിനെ കെട്ടണമെന്നോ ഒന്നും എന്റെ മനസ്സിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു ഗൗരി. എത്ര വട്ടം നിന്നോട് ഞാനത് പറഞ്ഞു. എന്നിട്ടും നിനക്കെന്നെ സംശയം ആയിരുന്നു.

നിന്റെ വയറ്റിൽ കിടക്കുന്ന നമ്മുടെ കുഞ്ഞിനെ ചൊല്ലി നീ കല്യാണമെന്ന് പറഞ്ഞ് വാശി പിടിച്ച് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചു. എന്നെ അൽപ്പമെങ്കിലും നീ വിശ്വസിച്ചു ആദ്യമേ തന്നെ ഈ അബോർഷൻ ചെയ്ത് എന്റെ കോഴ്സ് കഴിഞ്ഞു ഒരു ജോലി കിട്ടുന്ന വരെയെങ്കിലും നിനക്ക് വെയിറ്റ് ചെയ്യാമായിരുന്നു. എങ്കിൽ നിന്റെ വാശി ജയിക്കാൻ നിന്റെ ചേച്ചിക്ക് ഇഷ്ടമില്ലാത്ത കല്യാണത്തിന് നിന്ന് കൊടുക്കേണ്ടി വരില്ലായിരുന്നു.

എല്ലാം ഒപ്പിച്ചു വച്ചിട്ട് നിന്റെ ആഗ്രഹം പോലെ വിചാരിച്ചതൊക്കെ നടന്ന് കഴിഞ്ഞപ്പോൾ ഈ കുഞ്ഞൊരു ബാധ്യതയായി നിനക്ക് തോന്നുന്നുണ്ടല്ലേ.”

“വിഷ്ണൂ… നീയീ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ കാട് കയറുന്നത്? ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിന്നെ കിട്ടാൻ വേണ്ടിയല്ലേ. നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ.”

“അതൊക്കെ ശരിയായിരിക്കാം. പക്ഷേ നീയീ നേടിയെടുത്ത ജീവിതം പലരുടെയും കണ്ണീർ വീഴ്ത്തിച്ചിട്ടാണ്. ഇതൊക്കെ വേണോന്ന് ആയിരം തവണ ഞാൻ ചോദിച്ചതാണ്. നീയിത്ര സെൽഫിഷ് ആണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ഞാൻ സ്നേഹിക്കില്ലായിരുന്നു ഗൗരി. ഈ കുഞ്ഞിനെ കൊല്ലാൻ നിനക്ക് കഴിയില്ല നമ്മുടെ ചോരയല്ലേ എന്നൊക്കെ ഡയലോഗ് അടിച്ച നീ തന്നെ ഇപ്പോ എല്ലാം മാറ്റി പറയുന്നു. അതീന്നു തന്നെ നിന്റെ മനസ്സിലെ ദുഷ്ടത എത്രത്തോളം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരുപക്ഷെ നീയിപ്പോ ഗർഭിണി അല്ലായിരുന്നുവെങ്കിൽ നിന്നെ ഞാൻ ഉപേക്ഷിച്ചു കളഞ്ഞേനെ ഗൗരി. അത്രയ്ക്കും ദുഷ്ടത്തരം നിന്റെ മനസ്സിലുണ്ട്.”

“എടാ… നീ ഇങ്ങനെയൊന്നും പറയല്ലേ. നിന്നെ കിട്ടാൻ വേണ്ടിയല്ലേ ഞാൻ… എന്റെ പേടി കൊണ്ടല്ലേ വാശി കാണിച്ചതൊക്കെ… എന്നിട്ടിപ്പോ നീ എന്തൊക്കെയാ ഈ പറയണേ.” ഗൗരി കരഞ്ഞുപോയി.

“എന്നെ കിട്ടാൻ വേണ്ടിയല്ലേ സെന്റി ഡയലോഗ് അടിച്ചു അബോർഷൻ ചെയ്യാൻ സമ്മതിക്കാതെ നീയീ വിവാഹം നേരത്തെ നടത്തിയത്. അതുകൊണ്ട് നിനക്കെന്നോടൊപ്പം ജീവിക്കണമെങ്കിൽ ഈ കുഞ്ഞും ഒപ്പം ഉണ്ടായേ തീരു. നിന്റെ സൗകര്യത്തിന് തുള്ളാൻ ഇനി എന്നെ കിട്ടില്ല. കുഞ്ഞിന്റെ പേരും പറഞ്ഞ് നീയെന്നെ കുറെ വെള്ളം കുടിപ്പിച്ചതാ. അതോണ്ട് നമ്മുടെ ജീവിതം നല്ല രീതിയിൽ പോണമെങ്കി ഞാൻ പറയുന്നത് കേൾക്കുന്നതാ നിനക്ക് നല്ലത്.” വിഷ്ണുവിന്റെ തീരുമാനം അറിഞ്ഞു ഗൗരി വിഷണ്ണയായി.

“വിഷ്ണൂ… എന്റെ കോഴ്സ് തീരാൻ ഇനിയും ഒരു വർഷം ബാക്കിയുണ്ട്. അതിനൊക്കെ ചിലവില്ലേ. അതിന്റെ കൂടി ഈ കുഞ്ഞ് കൂടി ഉണ്ടെങ്കിൽ ഡെലിവറിക്കും മറ്റും ഒരുപാട് കാശ് ചിലവാകില്ലേ. എല്ലാത്തിനും നിന്റെ വീട്ടുകാരോട് കൈനീട്ടാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന് നേരത്തെ നീ തന്നെയല്ലേ പറഞ്ഞത്.”

“എന്ന് കരുതി എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ കൂട്ട് നിൽക്കില്ല. നീ തന്നെയാണ് ഓരോന്ന് പറഞ്ഞ് എന്റെ മനസ്സ് മാറ്റിയത്. അതുകൊണ്ട് നിന്റെ പ്രസവത്തിന് വരുന്ന ചിലവുകൾ എത്രയാണെങ്കിലും അത് വഹിക്കാൻ ഞാൻ തയ്യാറാണ്. മൂന്നുമാസം കൂടി കഴിഞ്ഞാൽ എന്റെ കോഴ്സ് കംപ്ലീറ്റ് ആകും. ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി കിട്ടി കഴിഞ്ഞാൽ എനിക്ക് നിന്റെ പ്രസവം ആവുമ്പോഴേക്കും കാശൊപ്പിക്കാൻ പറ്റും.”

“അപ്പോ എന്റെ കോളേജ് ഫീസും മറ്റുമോ? അത് നീ നിനക്ക് ജോലി കിട്ടുന്നത് വരെ നിന്റെ അച്ഛനോട് വാങ്ങിക്കില്ലേ?”

“അതെന്റെ പട്ടി ചോദിക്കും. അല്ലെങ്കിൽ തന്നെ നൂറു ചിലവാ ഇനി വരാൻ പോകുന്നത്. മാസം മാസം ചെക്കപ്പ്, സ്കാനിംഗ് എന്നൊക്കെ പറഞ്ഞ് നല്ലൊരു തുക വേണം. അതിനൊക്കെ ഞാൻ അച്ഛനോട് ഇരക്കണം. അതിന്റെ കൂടെ നിന്നെ പഠിപ്പിക്കാനുള്ള പൈസ ചോദിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അറുപിശുക്കനായ എന്റെ അച്ഛൻ അതിനൊന്നും കാശ് തരുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. ചോദിച്ചു നാണംകെടാൻ എനിക്ക് പറ്റില്ല.

അതുകൊണ്ട് നീയിനി കോളേജിൽ പോകണ്ട. മര്യാദക്ക് ഇവിടെ അടങ്ങിയിരിക്കാൻ നോക്ക്.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല. രണ്ട് വർഷം പോയിട്ട് പകുതിക്ക് ഡ്രോപ്പ് ആക്കാൻ എനിക്ക് പറ്റില്ല. എനിക്ക് കോളേജിൽ പോണം.”

“നിന്റെ പഠിത്തവും ഗർഭവും ഒരുമിച്ചു കൊണ്ട് പോവാൻ എന്തായാലും എനിക്ക് പറ്റില്ല. നല്ല ചിലവാ.”

“അതോണ്ടല്ലേ ഇപ്പോ കുട്ടി വേണ്ടെന്ന് ഞാൻ പറഞ്ഞത്.”

“അതിനി നടക്കില്ല മോളേ. ആദ്യം കുട്ടി അത് കഴിഞ്ഞു മതി ഇനിയെന്തും.”

“അത് നടക്കില്ല വിഷ്ണു. എനിക്ക് എന്തായാലും കോഴ്സ് കംപ്ലീറ്റ് ചെയ്തേ പറ്റു.”

“എന്റെ കൂടെ ജീവിക്കണമെങ്കിൽ ഞാൻ പറയുന്നത് ഇനി നീ അനുസരിച്ചേ പറ്റു ഗൗരി. ഓരോന്നു ചെയ്ത് വച്ചപ്പോ ആലോചിക്കണമായിരുന്നു വിചാരിക്കാത്ത പലതും നിനക്കിനി നേരിടേണ്ടി വരുമെന്ന്.”

“ശരി… അബോർഷൻ ചെയ്യുന്നില്ല ഞാൻ… പക്ഷേ എനിക്ക് പഠിക്കണം. അതിന് നീ വഴിയുണ്ടാക്കണം.” കല്യാണം നടന്ന് കിട്ടിയാൽ അബോർഷൻ ചെയ്യാമെന്ന തന്റെ ഐഡിയ പാളിപ്പോയതിൽ അവൾക്ക് മനസ്താപം തോന്നി. എങ്കിലും വിഷ്ണുവിനെ തന്റെ വരുതിക്ക് നിർത്തണമെന്ന് ഗൗരി ഓർത്തു.

“നീ ഇനി കോളേജിൽ പോയിട്ടും വല്യ പ്രയോജനം ഒന്നുമില്ല. വെറുതെ കാശ് കളയാമെന്നല്ലാതെ. കോളേജിൽ ആർക്കും നീ പ്രെഗ്നന്റ് ആണെന്ന് അറിയില്ല. ഇനി അറിഞ്ഞാൽ തന്നെ മാസം കുറച്ച് പറയാൻ പറ്റില്ല. വയറു വീർത്തു വരുമ്പോ എല്ലാവർക്കും കള്ളത്തരം പിടികിട്ടും. അങ്ങനെയൊരു നാണക്കേട് നിന്റെ അച്ഛന് വരുത്തില്ലെന്ന് ഞാൻ വാക്ക് കൊടുത്തതാ. സോ നിന്റെ കോളേജ് ലൈഫ് ഇവിടെ അവസാനിച്ചു കഴിഞ്ഞു.

മൂന്നു മാസം കഴിഞ്ഞു എനിക്ക് എവിടെയാണോ ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടുന്നത്, അവിടേക്ക് നമ്മൾ ഷിഫ്റ്റ്‌ ചെയ്യും. ഈ തീരുമാനത്തിന് ഒരു മാറ്റവുമില്ല.” ഉറച്ച ശബ്ദത്തിൽ വിഷ്ണു അത് പറയുമ്പോൾ അറിയാതെ തന്നെ ഗായത്രി കയ്യടിച്ചു പോയി.

“കൊള്ളാം വിഷ്ണു… ഇവള്ടെ താളത്തിനൊത്തു തുള്ളാതെ സ്വയം തീരുമാനമെടുക്കാൻ നിനക്ക് കഴിഞ്ഞല്ലോ.” പിന്നിൽ ഗായത്രിയുടെ ശബ്ദം കേട്ട് ഇരുവരും പിന്തിരിഞ്ഞു.

താൻ വിഷ്ണുവിനോട് പറഞ്ഞതും അവൻ തനിക്ക് തന്ന മറുപടിയൊക്കെ ചേച്ചിയും കേട്ടുവെന്ന് അറിഞ്ഞപ്പോ ഗൗരിക്ക് ആകെ നാണക്കേട് തോന്നി. …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button