വരും ജന്മം നിനക്കായ്: ഭാഗം 16
രചന: ശിവ എസ് നായർ
“ഇവൾടെ താളത്തിനൊത്തു തുള്ളാതെ സ്വയം തീരുമാനമെടുക്കാൻ നിനക്ക് കഴിഞ്ഞല്ലോ. അതെന്തായാലും നന്നായി വിഷ്ണു.” ഗായത്രിയുടെ ശബ്ദം കേട്ട് ഇരുവരും പിന്തിരിഞ്ഞു.
താൻ വിഷ്ണുവിനോട് പറഞ്ഞതും അവൻ തനിക്ക് തന്ന മറുപടിയൊക്കെ ചേച്ചിയും കേട്ടുവെന്ന് അറിഞ്ഞപ്പോ ഗൗരിക്ക് ആകെ നാണക്കേട് തോന്നി.
“ഇങ്ങനെയൊക്കെ സംഭവിച്ചു പോയതിൽ ഗൗരിക്ക് വേണ്ടി ഏട്ടത്തിയോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. ഇവള് പ്രെഗ്നന്റ് ആണെന്ന് കേട്ടപ്പോ എനിക്ക് പെട്ടെന്ന് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ പോയി. അതുകൊണ്ടാണ് ഗൗരിയുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ എന്ന് കരുതിയത്. അതിന് പക്ഷേ ഏട്ടത്തിയുടെ ജീവിതം കൂടി ബലി കഴിക്കേണ്ടി വന്നു. എത്ര മാപ്പ് ചോദിച്ചിട്ടും കാര്യമില്ലെന്നറിയാം. എന്നാലും സ്വാർത്ഥയായ എന്റെ ഭാര്യയ്ക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുകയാണ്. ഏട്ടത്തിയുടെ കണ്ണീരിന്റെ ശാപം എന്റെ കുഞ്ഞിന് ഉണ്ടാവരുത്.” കൂപ്പു കൈകളോടെ വിഷ്ണു പറഞ്ഞു.
“ഏയ്… അതൊന്നും സാരമില്ല വിഷ്ണു. എന്റെ അച്ഛനും അമ്മയ്ക്കും ഇവൾടെ കുരുട്ട് ബുദ്ധി മനസിലാക്കാൻ കഴിയാതെ പോയത് കൊണ്ടാണ് എനിക്കിന്ന് ഇവിടെ നിൽക്കേണ്ടി വന്നത്. അതിന്റെ പേരിൽ ആരെയും ഞാൻ ശപിക്കുന്നില്ല. എന്റെ സങ്കടം എന്റെ മാത്രമാണ്… ഇതിലെനിക്ക് വിഷ്ണുവിനോട് പരിഭവമൊന്നുമില്ല. എല്ലാം ഇവളൊരുത്തി കാരണമല്ലേ സംഭവിച്ചത്. അതില് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് എന്ത് കാര്യം.” ഗായത്രിയുടെ ശബ്ദമൊന്നിടറി.
“നീയിപ്പോ പറഞ്ഞതൊക്കെ കേട്ടിട്ട് നിനക്കിട്ട് ഒരെണ്ണം തരാൻ എനിക്ക് കൈ തരിച്ചതാ. പക്ഷേ നിന്നെ അടിച്ചിട്ടും വല്യ പ്രയോജനമൊന്നുമില്ലല്ലോ. കാരണം ഒരടി കൊണ്ടൊന്നും നീ നന്നാവാൻ പോണില്ല.” പുച്ഛത്തോടെ അവളെ നോക്കിയിട്ട് ഗായത്രി ഉണക്കാനിട്ട വസ്ത്രങ്ങളുമെടുത്ത് താഴേക്കിറങ്ങി പോയി.
“ഈ വിഷയം ഇതോടെ നിർത്തിക്കോ ഗൗരി. അതാ നിനക്ക് നല്ലത്.” വിഷ്ണു അരിശത്തോടെ പറഞ്ഞു.
“ആയിട്ടിക്കോട്ടെ… പക്ഷേ എന്നെ കോളേജിൽ വിടാതിരിക്കരുത് നീ. രണ്ട് വർഷം ഞാൻ പോയതൊക്കെ വെറുതെ ആവില്ലേ.”
“ആവട്ടെ… പഠിക്കുന്നതിനേക്കാൾ നിനക്ക് വലുത് നമ്മുടെ കല്യാണമാണെന്നല്ലേ പറഞ്ഞത്. അത് നടന്നല്ലോ. അതുകൊണ്ട് ഇനി ബാക്കി പഠിത്തമൊക്കെ എനിക്കൊരു ജോലി കിട്ടി സെറ്റിൽ ആയ ശേഷം ആവാം. അല്ലാതെ ഓരോ ആവശ്യത്തിനും എന്റെ അച്ഛനോട് കൈനീട്ടാൻ എനിക്ക് പറ്റില്ല. എന്റെ ഈ തീരുമാനത്തിന് ഒരു മാറ്റവുമില്ല. ഇനിയും നീയിക്കാര്യം പറഞ്ഞ് വന്നാൽ എന്റേന്ന് നല്ലത് കിട്ടും.” ദേഷ്യത്തോടെ പറഞ്ഞിട്ട് അവൻ മുറിയിലേക്ക് പോയി.
വിഷ്ണുവുമായുള്ള കല്യാണം നടന്ന ശേഷം അബോർഷൻ ചെയ്യാമെന്ന ഉദ്ദേശമായിരുന്നു ഗൗരിക്ക്. എങ്ങാനും അവനെ തനിക്ക് കിട്ടിയില്ലെങ്കിലോ എന്ന് പേടിച്ച് കിട്ടിയ അവസരം ഉപയോഗിച്ച് എടുപിടീന്ന് വിവാഹം നടത്തിച്ചത് കുരിശായല്ലോ എന്നോർത്ത് അവൾക്ക് കഠിനമായ വ്യഥ തോന്നി. വിഷ്ണു തന്നെ ചതിച്ചാലോ എന്നുള്ള ഭയമായിരുന്നു ഗൗരിക്ക്. ഇതുവരെ താനെന്ത് പറഞ്ഞാലും അതേപടി അനുസരിക്കുന്നവൻ ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നായിരുന്നു അവളുടെ വിചാരം. പക്ഷേ ഗൗരിയുടെ തനിനിറം തിരിച്ചറിഞ്ഞ വിഷ്ണു സ്വന്തമായി തീരുമാനങ്ങൾ എടുത്ത് തുടങ്ങിയത് അവളെ വെട്ടിലാക്കി.
വിവാഹം വരെ ഗൗരി ഉദേശിച്ചത് പോലെ എല്ലാം നടന്നെങ്കിലും അത് കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം അവളുടെ കൈവിട്ടു തുടങ്ങിയെന്ന് നടുക്കത്തോടെ ഗൗരി ഓർത്തു.
എല്ലാവരെയും വേദനിപ്പിച്ചതിന് ശിക്ഷ കിട്ടാതിരിക്കില്ലല്ലോ. താൻ താൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം താൻ തന്നെ അനുഭവിക്കണമെന്ന് പറയുന്നത് എത്രയോ ശരിയാണ്. ഗൗരിയുടെ പതനം അവിടെ തുടങ്ങുകയായിരുന്നു.
🍁🍁🍁🍁🍁
ഗായത്രി, താൻ ടെറസിൽ നിന്നും എടുത്ത് കൊണ്ട് വന്ന വസ്ത്രങ്ങൾ ഓരോന്നും മടക്കി വയ്ക്കുമ്പോഴാണ് ശിവപ്രസാദ് മുറിയിലേക്ക് കയറി വന്നത്.
പുറത്തെങ്ങോ പോയിട്ടുള്ള വരവാണ്.
അവളെ കണ്ടതും ഒന്ന് ചിരിച്ചെന്ന് വരുത്തിയിട്ട് മാറാനുള്ള ഡ്രെസ്സും എടുത്ത് അവൻ ബാത്‌റൂമിലേക്ക് കയറി.
ശിവപ്രസാദ് മേല് കഴുകി വരുമ്പോൾ അവൾ മടക്കിയ തുണികൾ അലമാരയിൽ അടുക്കി വയ്ക്കുകയായിരുന്നു.
“താൻ കഴിച്ചോ?” സ്വരത്തിൽ അൽപ്പം മാർദ്ദവം വരുത്തി അവൻ ചോദിച്ചു.
“ഇല്ല…”
“ഞാനും കഴിച്ചിട്ടില്ല… താഴെ എല്ലാവരും കഴിക്കാൻ ഇരുന്നിട്ടുണ്ട്. താനും വാ നമുക്ക് ഒരുമിച്ച് കഴിക്കാം.”
“മ്മ്…” അവൾ മൂളിക്കൊണ്ട് അവന് പിന്നാലെ നടന്നു.
ഉച്ചയ്ക്ക് രേവതിക്കൊപ്പം കുറച്ചു ചോറ് കഴിച്ചതാണ്. ഇപ്പോ രാത്രി എട്ടര കഴിഞ്ഞിട്ടുണ്ട്. വീട്ടിലാണെങ്കിൽ ഇതിനിടയ്ക്ക് വൈകുന്നേരം ചായയും പലഹാരവുമൊക്കെ പതിവുള്ളതാണ്. ഇവിടെ പിന്നെ തന്നോടാരും കഴിച്ചോ കുടിച്ചോ എന്നൊന്നും ചോദിക്കാറില്ല. പരിചയമില്ലാത്ത വീടും എല്ലാവരും തനിക്ക് അന്യരാണെന്ന് തോന്നലും കാരണം ഗായത്രിക്ക് നേരിട്ട് അടുക്കളയിലേക്ക് ചെന്ന് ആവശ്യമുള്ളത് എടുത്ത് കഴിക്കാൻ ഒരു മടി തോന്നിയിരുന്നു. അതുകൊണ്ടാണ് വിശന്ന് കുടല് കത്തിയിട്ടും വെള്ളം മാത്രം കുടിച്ച് അവൾ മുറിയിൽ തന്നെ ഇരുന്നത്. ആരെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കിൽ ഗായത്രി മടി പിടിക്കില്ലായിരുന്നു. ഉച്ചക്ക് രേവതി ഉള്ളത് കൊണ്ട് ഊണ് കഴിക്കാനെങ്കിലും അവൾക്ക് പറ്റി.
നല്ല വിശപ്പുള്ളത് കൊണ്ടാണ് ശിവപ്രസാദ് ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ എതിർപ്പ് പറയാതെ അവളും കൂടെ ചെന്നത്.
താഴേക്ക് ചെന്നപ്പോൾ സുധാകരനും ഊർമിളയും വിഷ്ണുവും ഗൗരിയും ഇരുന്ന് കഴിക്കുന്നത് ഗായത്രി കണ്ടു. ശിവപ്രസാദ് തനിക്കരികിലായി കസേര വലിച്ചിട്ട് കൊടുത്തു. അവൾ അവിടെ ഇരുന്നു.
ഗായത്രിയെ കണ്ട് സുധാകരനും വിഷ്ണുവും ചിരിച്ചു. ഊർമിള അവളെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് കഴിക്കുന്നത് തുടർന്നു. ഗൗരി, ചേച്ചിയെ ശ്രദ്ധിക്കാനേ പോയില്ല.
രാത്രിയിലേക്ക് ചപ്പാത്തിയും തലേന്നത്തെ റിസേപ്‌ഷനിൽ നിന്നും ബാക്കിയായ ചിക്കൻ കറിയുമായിരുന്നു കഴിക്കാൻ. ഇരുവരും ആവശ്യമുള്ളത് വിളമ്പി കഴിച്ചു തുടങ്ങി.
ആണുങ്ങൾ മൂവരും വേഗം കഴിച്ചെണീറ്റ് പോയി. അവർക്ക് പിന്നാലെ ഗായത്രിയും
എണീറ്റു. കഴിച്ച പ്ലേറ്റും എടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു. മറ്റ് മൂന്നുപേരും കഴിച്ച പാത്രം ഡൈനിങ് ടേബിളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
ശിവപ്രസാദ് കഴിച്ച പ്ലേറ്റ് പോലും ഗായത്രി എടുക്കാതെ പോയത് കണ്ട് ഊർമിളയ്ക്ക് വിറഞ്ഞു കയറി. കഴിപ്പ് മതിയാക്കി അവര് വേഗം എച്ചിൽ പാത്രങ്ങൾ മൂന്നും എടുത്ത് കൊണ്ട് അടുക്കളയിലേക്ക് പോയി.
താൻ കഴിച്ച പാത്രം കഴുകാൻ സിങ്കിന് അരികിൽ വന്നപ്പോൾ അതിൽ കഴുകാൻ കൂട്ടിയിരിക്കുന്ന എച്ചിൽ പാത്രങ്ങൾ അവൾ കണ്ടു. ആരൊക്കെയോ ഉച്ചയ്ക്ക് കഴിച്ചതിന്റെയും വൈകിട്ട് ചായയും പലഹാരവുമുണ്ടാക്കിയ പാത്രങ്ങളും ഗ്ലാസുകളും എല്ലാം കൂടി കൊണ്ടിട്ട് സിങ്ക് നിറഞ്ഞിട്ടുണ്ട്.
ഗായത്രി അവയൊന്നും കഴുകാതെ താൻ കഴിച്ച പ്ലേറ്റ് മാത്രം കഴുകി പിന്തിരിയുമ്പോൾ ഊർമിള അങ്ങോട്ടേക്ക് വന്നു.
“അതേ… ഈ പാത്രങ്ങൾ എല്ലാം കഴുകി സ്ലാബ് ഒക്കെ തുടച്ച് വൃത്തിയാക്കിയിട്ട് പോയാൽ മതി നീ.” ധാർഷ്ട്യം നിറഞ്ഞ അവരുടെ സംസാരം അവളെ ചൊടിപ്പിച്ചു.
“വല്ലവരും തിന്നേം കുടിക്കേം ചെയ്ത ഗ്ലാസും പ്ളേറ്റും ഒന്നും കഴുകാൻ എനിക്ക് പറ്റില്ല. അത് അമ്മ തന്നെ ചെയ്താൽ മതി.”
“എന്ത് പറഞ്ഞെടി നീ… അനുസരണക്കേട് കാട്ടിയതിന് ഉച്ചക്ക് എന്റെ കയ്യീന്ന് കിട്ടിയത് പോരെന്നുണ്ടോ നിനക്ക്.” ക്രോധത്തോടെ ഊർമിള ചോദിച്ചു.
“നേരത്തെ നിങ്ങള് തല്ലിയത് തത്കാലം ഞാൻ ക്ഷമിച്ചു. എന്ന് കരുതി ഇനിയും എന്നെ അടിക്കാനാണ് ഭാവമെങ്കിൽ എന്റെ കയ്യീന്ന് നിങ്ങള് മേടിച്ചു കൂട്ടും. നിങ്ങളെ പേടിച്ചു ജീവിക്കേണ്ട കാര്യമൊന്നും എനിക്കില്ല.” അവരോടുള്ള ദേഷ്യം മുഴുവനും ഗായത്രിയുടെ വാക്കുകളിൽ പ്രകടമായിരുന്നു.
“നീ എന്റെ കയ്യീന്ന് അടി മേടിച്ചേ അടങ്ങൂന്നാ അല്ലേ. മര്യാദയ്ക്ക് ഞാൻ പറഞ്ഞപോലെ ചെയ്തിട്ട് പൊയ്ക്കോ. അതാ നിനക്ക് നല്ലത്. ഇല്ലെങ്കിൽ എന്റെ കയ്യുടെ ചൂട് ഒന്നൂടെ നീ അറിയും.” ഊർമിളയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“എനിക്ക് സൗകര്യമില്ല..” ഗായത്രി വെട്ടിതിരിഞ്ഞു നടക്കാനൊരുങ്ങിയതും ഊർമിള അവളുടെ കൈയ്യിൽ കടന്ന് പിടിച്ച് തനിക്ക് നേരെ മുന്നിൽ നിർത്തി കൈവീശി മുഖത്തടിക്കാൻ ഒരുങ്ങി. ഒട്ടും സങ്കോച്ചം കൂടാതെ ഗായത്രി അവരുടെ കൈയ്യിൽ പിടുത്തമിട്ട് ഊക്കോടെ തട്ടി മാറ്റി.
“ദേ… എന്നോട് മര്യാദയ്ക്കാണ് പെരുമാറുന്നതെങ്കിൽ ഞാനും അങ്ങനെ തന്നെയായിരിക്കും. അല്ലാതെ അമ്മായി അമ്മ പോരിന് വന്നാൽ നിങ്ങളെ തിരിച്ചു തല്ലാൻ എനിക്ക് മടിയൊന്നുമില്ല.
എന്റെ അച്ഛന്റേം അമ്മേടേം കണ്ണീര് കണ്ട് ഞാനീ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു. നിങ്ങളുടെ മൂത്ത മകന്റെ കല്യാണം നേരത്തെ നിശ്ചയിച്ച മുഹൂർത്തത്തിൽ നടത്താൻ പെണ്ണ് നോക്കി നടന്ന നിങ്ങൾ എന്റെ അനിയത്തിയുടെ അവസ്ഥ മുതലെടുത്തു.
നിങ്ങളെ മോന്റെ കൂടെ ആജീവനാന്തം ജീവിച്ചോളാം എന്നൊന്നും ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടില്ല. എന്നോട് മര്യാദയ്ക്കല്ല എന്നാണെങ്കിൽ ഗൗരിയുടെ ജീവിതം സേഫ് ആക്കാൻ വേണ്ടി ഞാനെല്ലാം സഹിച്ചു കിടക്കുമെന്ന് നിങ്ങൾ മനസ്സിൽ പോലും ചിന്തിക്കണ്ട. അവളുടെ ജീവിതം എങ്ങനെ ആയാലും ഇനി എനിക്കതൊരു വിഷയമേ അല്ല. നിങ്ങളുടെ മകന്റെ ഭാര്യയായി ഞാനിവിടെ വേണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ എന്റെ മെക്കിട്ട് കേറാൻ വന്നേക്കരുത്. കല്യാണ പിറ്റേന്ന് തന്നെ മരുമകൾ പടിയിറങ്ങിയാൽ അതിന്റെ നാണക്കേട് നിങ്ങൾക്കും നിങ്ങടെ മോനും തന്നെയാ. അതുകൊണ്ട് സൂക്ഷിച്ചു വേണം എന്നോട് പോരിന് വരാൻ.”
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞതിനാൽ ഗായത്രി കിതച്ചു പോയി. അവളുടെ ഭാവമാറ്റം കണ്ട് ഊർമിള പകച്ചുപോയി. ചേച്ചിക്ക് തല്ല് കിട്ടുന്നത് കണ്ട് രസിക്കാൻ നിന്ന ഗൗരിയും മുഖത്തടിയേറ്റത് പോലെ വിളറി നിന്നു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…