വരും ജന്മം നിനക്കായ്: ഭാഗം 17
രചന: ശിവ എസ് നായർ
ഗായത്രിയോട് ഒരക്ഷരം മിണ്ടാനാവാതെ ഊർമിള നിന്ന് വിയർത്തു. തനിക്ക് മുന്നിൽ നാണംകെട്ട് ചൂളി നിൽക്കുന്ന അമ്മായി അമ്മയെ നോക്കി പരിഹസിച്ചൊന്ന് ചിരിച്ചിട്ട് ഗൗരിയെ തീർത്തും അവഗണിച്ചത് പോലെ അവളെയൊന്ന് നോക്കുക കൂടി ഗായത്രി അവിടുന്ന് പോയി.
തന്നോടവൾ പറഞ്ഞതൊന്നും ആരും കേട്ടില്ലല്ലോ എന്ന ആശ്വാസത്തോടെ പിന്തിരിഞ്ഞ ഊർമിള പ്ളേറ്റും കൈയ്യിൽ പിടിച്ചു ഗായത്രി പോയ വഴിയേ അന്തംവിട്ട് നോക്കി നിൽക്കുന്ന ഗൗരിയെ കണ്ട് ഒന്ന് ഞെട്ടി. അവളെല്ലാം കേട്ടിട്ടുണ്ടാവും എന്നവർക്ക് ഉറപ്പായി. ഊർമിളയ്ക്ക് ഒരുസമയം കടുത്ത നാണക്കേടും അപമാനവും ദേഷ്യവുമൊക്കെ തോന്നി. അതവർ തീർത്തത് ഗൗരിയുടെ നേർക്കായിരുന്നു.
“ചേച്ചി പറഞ്ഞതൊക്കെ കേട്ട് ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ തിരിച്ചു നല്ലോണം കൊടുത്തൂടായിരുന്നോ അമ്മയ്ക്ക്? ഉച്ചയ്ക്ക് കൊടുത്ത പോലെ ഒരടിയുടെ കുറവുണ്ടായിരുന്നു ഇപ്പോ. നല്ലൊരു അവസരമായിരുന്നു. അമ്മ തന്നെ നശിപ്പിച്ചു. ചേച്ചി പറഞ്ഞ കേട്ട് അമ്മ പേടിച്ചുപോയോ? അനുനയത്തിൽ അവൾ ഊർമിളയോട് ചോദിച്ചു കൊണ്ട് അവർക്കടുത്തേക്ക് വന്നു.
“ആർക്ക് പേടി… നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട. ഞാഞ്ഞൂലു പോലെ വന്നവൾ എന്ത് കണ്ടിട്ടാ എന്നോട് തർക്കുത്തരം പറയുന്നതെന്ന് ആലോചിച്ചു നിന്നതാ ഞാൻ. അവൾടെ അഹങ്കാരം തീർത്തു കൊടുക്കാൻ എനിക്കറിയാം. അതിന് എന്നെ പഠിപ്പിക്കാൻ വരണ്ട നീ. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്.” ഊർമിള ദേഷ്യത്തോടെ പാത്രങ്ങൾ സിങ്കിലേക്കിട്ടു.
“അമ്മ പാത്രം കഴുകാൻ പോവുകയാണോ? ഞാനും സഹായിക്കാം.” അവരെ സോപ്പിടാൻ കിട്ടിയ അവസരം മുതലാക്കാമെന്ന ഉദേശത്തിൽ വെറുതെ ചോദിച്ചതാണ് അവൾ.
“ഞാനല്ല നീയാ കഴുകേണ്ടത്. എല്ലാ പാത്രങ്ങളും നല്ല വൃത്തിയായി കഴുകിക്കോണം. വീട്ടിൽ ഇതൊന്നും ചെയ്ത് ശീലമില്ലല്ലോ.”
“അയ്യോ അമ്മേ… ഇത് കുറെ ഉണ്ടല്ലോ. അത്രേം നേരമൊന്നും ഒരേ നിൽപ്പ് നിന്ന് കഴുകാനൊന്നും എനിക്ക് പറ്റില്ല. ഞാൻ പ്രെഗ്നന്റ് ആണെന്ന കാര്യം അമ്മ മറന്നോ?” ഗൗരിക്ക് ആകെ പെട്ടത് പോലെ തോന്നി.
“നിന്ന് കാല് കഴയ്ക്കുമ്പോ വേണമെങ്കിൽ കുറച്ചു നേരം ഇരുന്ന് റസ്റ്റ് എടുത്തോ. എന്നിട്ട് ബാക്കി ചെയ്താ മതി. ഗർഭിണികൾ പണിയെടുക്കാൻ പാടില്ലെന്ന് നിയമമൊന്നുമില്ല. പിന്നെ ഡോക്ടറും നിന്നോട് പ്രത്യേകിച്ച് ബെഡ് റസ്റ്റ് ഒന്നും പറഞ്ഞിട്ടില്ലല്ലോ.”
“അതില്ല… പക്ഷേ ഇന്നലെ തന്നെ റിസെപ്ഷന് കുറെ നേരം നിന്നിട്ട് നടുവേദന കാരണം രാത്രി ഉറങ്ങാനേ പറ്റിയില്ല. ഇപ്പോഴും വേദന ശരിക്കും പോയിട്ടില്ല.”
“നിന്നെക്കാൾ ക്ഷീണവും വേദനയും ഉണ്ട് എനിക്ക്. പ്രായം അമ്പതായില്ലേ. നീ ചെറുപ്പം അല്ലെ. പിന്നെ ക്ഷീണവും നടുവേദനയുമൊക്കെ ഈ സമയം സാധാരണയായി എല്ലാവർക്കും ഉള്ളത് തന്നെയാ. നല്ല വേദനയുണ്ടെങ്കിൽ വിഷ്ണുവിനോട് ബാം പുരട്ടി തരാൻ പറയ്യ്.”
“അമ്മയ്ക്ക് കൂടി സഹായിക്കുമോ?”
“ഒറ്റയ്ക്കങ്ങു ചെയ്താ മതി. ഇതൊക്കെ കഴുകി അടുക്കി വച്ചിട്ട് സ്ലാബും തുടച്ച് അടുക്കളയും അടിച്ചു വാരി തുടച്ചിട്ട് വേണം പോകാൻ.”
“അമ്മേ… എല്ലാ പണിയും കൂടി ഇങ്ങനെ എനിക്ക് തരല്ലേ. ഒന്നുല്ലേലും എന്റെ അവസ്ഥയൊന്ന് മനസിലാക്കി കൂടെ.” ഗൗരിയുടെ സ്വരം ദയനീയമായി.
“എന്നോട് ചോദിച്ചിട്ടല്ലോ നീ കല്യാണത്തിന് മുൻപേ ഗർഭമുണ്ടാക്കിയത്. നിന്ന് വാചകമടിക്കാതെ പറഞ്ഞ പണി ചെയ്യടി.” ഊർമിള അവളോട് ദേഷ്യപ്പെട്ടു.
“അമ്മ ഇങ്ങനെയൊന്നുമല്ലോ എന്നോട് ഇതുവരെ പെരുമാറിയത്. കല്യാണത്തിന് മുൻപ് വരെ എന്നോടെന്ത് സ്നേഹമായിരുന്നു. കുറച്ചു മുൻപ് വരെ അതില് ഒരു മാറ്റവുമില്ലായിരുന്നു. എന്നാലിപ്പോ എന്താ പെട്ടെന്നൊരു ദേഷ്യം. ചേച്ചിയോടുള്ള കലിപ്പ് എന്നോട് തീർക്കുന്നതാണോ.” ഗൗരിക്ക് കരച്ചിൽ വന്നു.
“ആണെങ്കിൽ തന്നെ നിനക്കെന്താ? മര്യാദക്ക് പറഞ്ഞത് അനുസരിച്ചു മിണ്ടാതെ നിന്നോ. അല്ലാതെ എന്നെയിങ്ങോട്ട് ചോദ്യം ചെയ്യാൻ വന്നാൽ എന്റേന്ന് നല്ലത് കിട്ടും നിനക്ക്.”
അവൾക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തിട്ട് ഊർമിള മുറിയിലേക്ക് പോയി.
സിങ്കിൽ കുന്ന് കൂടി കിടക്കുന്ന പാത്രങ്ങൾ നോക്കി ഗൗരി കണ്ണ് നിറച്ച് നിന്നു. ഇതുവരെ സ്വന്തമായി കഴിച്ച പാത്രം പോലും കഴുകാത്ത തനിക്കിപ്പോ മറ്റുള്ളവരുടെ എച്ചിൽ കഴുകി വയ്ക്കേണ്ട ഗതികേടാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല.
എച്ചിലൊക്കെ ഒട്ടിപ്പിടിച്ച് ആകെ വൃത്തികേടായി കിടക്കുന്ന സ്ക്രബ്ബർ കണ്ട് ഗൗരിക്ക് അറപ്പായി.
പുതിയൊരു സ്ക്രബ്ബർ കിട്ടുമോന്നറിയാൻ അവൾ അവിടെ മൊത്തം നോക്കിയിട്ടും കിട്ടിയില്ല. അമ്മ പോയി കിടന്നത് കൊണ്ട് പുതിയയത് എവിടെയാ ഇരിക്കുന്നതെന്ന് ചോദിക്കാനും പറ്റില്ലല്ലോ എന്നോർത്ത് അവൾക്കാകെ വിഷമം തോന്നി.
വീട്ടിൽ നിൽക്കുമ്പോ അമ്മ, അടുപ്പത്തു ചോറ് വയ്ക്കുന്ന കലം വടക്കേ മുറ്റത്തെ പൈപ്പിൻ ചുവട്ടിൽ കൊണ്ട് പോയി ചകിരിയും ചാരവും ഉപയോഗിച്ച് കഴുകിയിരുന്നത് ഗൗരിയുടെ ഓർമ്മയിൽ തെളിഞ്ഞു. അവൾ മെല്ലെ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങുന്ന വാതിൽ തുറന്നു.
അവിടെ ഒരു ചാക്കിൽ കൂട്ടി വച്ചിരിക്കുന്ന ചിരട്ടയും തൊണ്ടുമൊക്കെ കണ്ടപ്പോൾ തെല്ലൊരു ആശ്വാസത്തോടെ അവൾ അതിൽ നിന്നും കുറച്ച് ചകിരി പിച്ചെടുത്തു. അതുപയോഗിച്ചാണ് അവൾ പാത്രങ്ങൾ എല്ലാം കഴുകി വച്ചത്.
ക്ഷീണം തോന്നിയപ്പോഴൊക്കെ ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ച് അവൾ കുറച്ചു സമയം റസ്റ്റ് എടുക്കും. പിന്നെ വീണ്ടും ജോലികൾ ചെയ്യാൻ തുടങ്ങും.
അടുക്കള മൊത്തം തൂത്തു വാരി തുടച്ച് കഴിഞ്ഞപ്പോൾ ഗൗരി വല്ലാതെ തളർന്നു. ഇതുവരെ ചെയ്തിട്ടില്ലാത്ത പണിയാണ്. എത്രത്തോളം വൃത്തിയായി എന്ന് പോലും അറിയില്ല. അവൾ കഴുകി വച്ച പ്ളേറ്റൊക്കെ ഒന്നൂടെ എടുത്ത് നോക്കി. അതിൽ ചിലയോടതൊക്കെ എച്ചിൽ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് അവൾ ഒന്നൂടെ അതൊക്കെ കഴുകി.
ദേഷ്യവും സങ്കടവും ഒക്കെ വന്നിട്ട് ഗൗരിക്ക് ക്ഷമ കെട്ട് തുടങ്ങി. ഇതുവരെ തന്നെ കാണാഞ്ഞിട്ട് വിഷ്ണു ഒന്ന് വന്ന് നോക്കി പോലും ഇല്ലല്ലോ എന്നോർത്തപ്പോൾ കയ്യിലിരുന്ന ചില്ല് ഗ്ലാസ് എറിഞ്ഞുടയ്ക്കാനാണ് അവൾക്ക് തോന്നിയത്.
എല്ലാം കഴിഞ്ഞ് അടുക്കളയിലെ ലൈറ്റും ഓഫാക്കി ഗൗരി മുറിയിലെത്തുമ്പോൾ വിഷ്ണു ഉറക്കം പിടിച്ചിരുന്നു. തിരിഞ്ഞു കിടന്ന് ഉറങ്ങുന്നവനെ കണ്ടപ്പോൾ അവന്റെ നടുംപുറത്തിന് ഒരു ചവിട്ട് കൊടുക്കാൻ കാലുയർത്തിയതാണ് ഗൗരി. പിന്നെ എന്തോ ഓർത്തിട്ടെന്ന വണ്ണം ഉയർത്തിയ കാൽ താഴത്തു തന്നെ വച്ചു.
പഴയ വിഷ്ണുവായിരുന്നെങ്കിൽ ഒന്നല്ല പത്തു ചവിട്ട് കൊണ്ടാലും തിരിച്ചു ദേഷ്യപ്പെടുകയോ തല്ലുകയോ ചെയ്യാറില്ല. പക്ഷേ ഇന്നത്തെ അവന്റെ മാറ്റം കണ്ട് അവൾക്കവനോട് ഇത്തിരി പേടിയൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൗരി ഒന്നും മിണ്ടാതെ ബെഡ് ലാമ്പ് ഓൺ ചെയ്ത് വിഷ്ണുവിനരികിലായി കിടന്നു.
ഇന്നലെ വരെ ഉണ്ടായിരുന്ന സന്തോഷവും സമാധാനവുമൊക്കെ ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് പോയല്ലോ എന്നോർത്ത് അവൾക്ക് വല്ലാത്ത മനസ്താപമുണ്ടായി.
തനിക്ക് തന്റെ പഴയ വിഷ്ണുവിനെ തിരിച്ചു കിട്ടുമോ? കോളേജിൽ പോകാൻ കഴിയുമോ? ഇനിയും പെട്ടെന്ന് വന്ന് ദേഷ്യത്തിനാണോ അവൻ അങ്ങനെയെല്ലാം പറഞ്ഞതെന്നോർത്ത് ഗൗരിയുടെ ഉറക്കം നഷ്ടപ്പെട്ടു. ഒപ്പം കുറെ നേരം നിന്ന് പണിയെടുത്തതിനാൽ അവൾക്ക് കാലിനും നടുവിനുമൊക്കെ നല്ല വേദനയും ഉണ്ടായിരുന്നു.
നാളെ മുതൽ ഈ വീട്ടിലെ തന്റെ അവസ്ഥ എങ്ങനെയാവുമെന്നോർത്ത് ഗൗരിക്ക് ടെൻഷനുണ്ടായിരുന്നു.
🍁🍁🍁🍁🍁
ഊർമിള ഉച്ചയ്ക്ക് കൊണ്ട് കൊടുത്ത പായ കട്ടിലിന്റെ അടിയിൽ തന്നെ ഇട്ടിട്ട് ഗായത്രി ബെഡിൽ കയറി കിടന്നു. ശിവപ്രസാദ് ബാൽക്കണിയിൽ ഇരുന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അവളത് ശ്രദ്ധിക്കാതെ മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു.
വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷനിൽ അഖിലിന്റെ എന്തോ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടതും ഗായത്രി വാട്സാപ്പ് എടുത്ത് നോക്കി. അവൻ തനിക്ക് എന്ത് മെസ്സേജ് ആയിരിക്കും അയച്ചിട്ടുണ്ടാവുക എന്നറിയാനായി ഉദ്വേഗത്തോടെ അവൾ മെസ്സേജ് വായിച്ചു നോക്കി.
“ഗായു… നീ ഓക്കേയല്ലേ… എന്തെങ്കിലും സങ്കടമോ പ്രശ്നമോ വന്നാൽ എന്നെ വിളിക്കണമെന്ന് നിനക്ക് തോന്നിയാൽ മടിക്കാതെ വിളിക്കാം. ഒരു സുഹൃത്തായി ഞാനുണ്ട് നിന്റെ കൂടെ. നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്.”
അവന്റെ മെസ്സേജ് വായിച്ചു കഴിഞ്ഞതും കണ്ണീർ വന്ന് അവളുടെ കാഴ്ചയെ മറച്ചു. ആ നിമിഷം അഖിലിനെ വിളിച്ചൊന്ന് സംസാരിക്കാൻ ഗായത്രിക്ക് അതിയായ ആഗ്രഹം തോന്നി. അപ്പോഴും ശിവപ്രസാദ് ഫോണിൽ സംസാരം തുടരുന്നത് കണ്ട് അവൾ പെട്ടെന്ന് അവന്റെ നമ്പറിൽ വിളിച്ചു.
രണ്ട് റിങ്ങിനുള്ളിൽ തന്നെ അപ്പുറത്ത് കാൾ എടുത്തത് കണ്ട് ഗായത്രിയുടെ ഹൃദയം പടപടാന്ന് മിടിച്ചു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…