വരും ജന്മം നിനക്കായ്: ഭാഗം 19
രചന: ശിവ എസ് നായർ
“ഏയ്… നോ നോ… ഇനിയൊരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ല.” സ്വരത്തിൽ മാർദ്ദവം വരുത്തി അവനൊന്നു പുഞ്ചിരിച്ചു.
കുറുക്കന്റെ കൗശലത്തോടെയുള്ള പുഞ്ചിരി…
“എന്താ ആലോചിക്കുന്നത്.” ഗായത്രിയുടെ ചോദ്യം കേട്ടവൻ ചിന്തയിൽ നിന്നും വിട്ടുണർന്നു.
“ഒന്നുമില്ല… നമുക്ക് കിടക്കണ്ടേ.”
“കിടക്കാം… അതിന് മുൻപ് എനിക്ക് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു.” അഖിലിന്റെ കാര്യം തുറന്ന് പറയാൻ പറ്റിയ അവസരമാണ് അതെന്ന് അവൾക്ക് തോന്നി.
“എന്താ… പറഞ്ഞോളൂ.” ശിവപ്രസാദ് ചിരിയോടെ അവളെ നോക്കി.
“പ്ലസ് വണ്ണിൽ പഠിക്കുമ്പോ മുതൽ എനിക്കൊരാളെ ഇഷ്ടമുണ്ടായിരുന്നു, പേര് അഖിലെന്നാണ്. ഞങ്ങളുടെ കല്യാണം പറഞ്ഞു വച്ചതായിരുന്നു.” തുടർന്ന് അതുവരെ നടന്നതെല്ലാം ഗായത്രി അവനോട് പറഞ്ഞു.
“എന്റെ ഗതികേട് കൊണ്ട് സമ്മതിച്ചതാ ഈ കല്യാണത്തിന്. പഴയതെല്ലാം മറക്കാൻ സമയം വേണം. ശിവേട്ടനെ ഉൾകൊള്ളാനും പെട്ടെന്ന് പറ്റില്ല. ഞാൻ പറഞ്ഞതൊക്കെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ മാത്രം നമുക്ക് ഒരുമിച്ച് ജീവിക്കാം. അല്ലെങ്കിൽ ഡിവോഴ്സ് ചെയ്യാം.” എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെയുള്ള അവളുടെ മുഖഭാവം കണ്ട് ശിവപ്രസാദ് ചകിതനായി.
“നിങ്ങളുടെ പ്രണയത്തിന്റെ ആഴം എത്രത്തോളമുണ്ടായിരുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. നമ്മുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഇനി അതോർത്ത് താൻ വിഷമിച്ചിട്ട് കാര്യമില്ല. എല്ലാം തുറന്ന് പറഞ്ഞല്ലോ. അതുമതി എനിക്ക്. തനിക്ക് ഇങ്ങനെയൊരു അഫയർ ഉണ്ടെന്ന് ഞാനറിഞ്ഞില്ല. പെണ്ണ് കാണാൻ വന്നപ്പോ എനിക്കിഷ്ടപ്പെട്ടു ഞാൻ ഓക്കേ പറഞ്ഞു.
അല്ലെങ്കിലും തന്നെ ആർക്കാ ഇഷ്ടപ്പെടാതിരിക്കാൻ പറ്റാ? പിന്നെ വിഷ്ണുവിന്റെ അവസ്ഥ കൂടി മനസ്സിലാക്കിയാണ് തനിക്ക് താല്പര്യമില്ലെന്ന് അറിഞ്ഞിട്ടും ഈ വിവാഹത്തിന് ഞാൻ തയ്യാറായത്.
ഇനിയിപ്പോ അത് പറഞ്ഞിട്ട് കാര്യമില്ല. കല്യാണം കഴിയുന്ന ദിവസം വരെ താനെന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. പലതവണ ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറുകയായിരുന്നു താൻ.”
വർണ്ണയ്ക്കും വീട്ടുകാർക്കും മുന്നിൽ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഗായത്രിയെ കല്യാണം കഴിച്ചതെന്ന് അവൾക്ക് മുന്നിൽ തുറന്ന് സമ്മതിക്കാൻ അവന് കുറച്ചില് തോന്നി. പകരം സ്വന്തം ഭാഗം നല്ലതാക്കാനാണ് ശിവപ്രസാദ് ശ്രമിച്ചത്.
“പക്ഷേ ശിവേട്ടന്റെ അമ്മ വീട്ടിൽ വന്നപ്പോ പറഞ്ഞത് ഇങ്ങനെ അല്ലല്ലോ. മൂത്ത മകന്റെ കല്യാണം, പെണ്ണ് വീട്ടുകാർ പിന്മാറിയത് കൊണ്ട് നിശ്ചയിച്ച മുഹൂർത്തത്തിൽ നടക്കില്ലെന്നാണ്. അതുകൊണ്ട് നിങ്ങളുടെ കല്യാണം പറഞ്ഞ ദിവസം തന്നെ നടക്കുകയാണെങ്കിൽ വിഷ്ണുവിന്റെയും ഗൗരിയുടെയും വിവാഹവും അന്ന് നടത്താൻ അമ്മയ്ക്ക് സമ്മതമാണെന്നാണ്.
അതിനർത്ഥം ഈ വിവാഹം നടക്കേണ്ടത് നിങ്ങളുടെ ആവശ്യമായിരുന്നു എന്നല്ലേ?” ഗായത്രി സംശയത്തോടെ അവനെ നോക്കി.
അവളുടെ തുറന്നടിച്ചുള്ള ചോദ്യത്തിൽ ശിവപ്രസാദ് ഒന്ന് പതറി.
“അത് ശരിയാണ് അല്ലെന്ന് ഞാൻ പറയുന്നില്ല. ബട്ട് തന്റെ ഇഷ്ടക്കേടിന് കാരണം ഇതാണെന്നറിഞ്ഞില്ല. എങ്കിൽ ഞാനീ വിവാഹത്തിൽ ഞാൻ പിന്മാറിയേനെ എന്നാണ് ഉദേശിച്ചത്.
തനിക്കിത്രയും ഡീപായൊരു റിലേഷനായിരുന്നു ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ നിങ്ങളെ ചേർത്ത് വയ്ക്കാനേ ഞാൻ ശ്രമിക്കുമായിരുന്നുള്ളു. പക്ഷേ ഇത്രയും ദിവസം താനെന്നെ തീർത്തും അവഗണിക്കുകയായിരുന്നില്ലേ?” മുഖത്തെ പതർച്ച മറച്ച് അവൻ പറഞ്ഞു.
“എല്ലാം അറിഞ്ഞിട്ടാണ് നിങ്ങളെന്നെ കല്യാണം കഴിക്കാൻ വന്നതെന്ന് ഞാൻ വിചാരിച്ചത്. പിന്നെ അന്നത്തെ മാനസികാവസ്ഥയിൽ ആരോടും ഒന്നും മിണ്ടാനേ തോന്നിയിരുന്നില്ല എനിക്ക്.” നിരാശയോടെ അവൾ പറയുമ്പോൾ തന്റെ ഉദ്ദേശം നടന്നുവെന്ന് അവന് മനസിലായി.
ശിവപ്രസാദ് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഈ തുറന്ന് പറച്ചിൽ നേരത്തെ ആവാമായിരുന്നു എന്ന് ഗായത്രിക്ക് തോന്നി.
‘നീയെല്ലാം പറഞ്ഞിരുന്നെങ്കിലും നിന്നെ ഞാൻ വിടില്ലായിരുന്നു ഗായത്രി. ആദ്യ കാഴ്ചയിൽ തന്നെ നീയെന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നുവെന്ന് നിന്നോട് ഞാനെങ്ങനെ പറയും.’ മനസ്സിലങ്ങനെ ചിന്തിച്ചുകൊണ്ട് അവളെ അടിമുടി ഒന്ന് നോക്കി ഉള്ളിൽ തിളച്ചു മറിയുന്ന വികാരമടക്കാൻ അവൻ നന്നേ ശ്രമിച്ചു.
“അല്ലെങ്കിലും ആദ്യ പ്രണയം മറക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. തന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റും. ടൈം എടുത്തോളൂ.”
“ഞാനൊരു കാര്യം കൂടി പറഞ്ഞാൽ ഒന്നും തോന്നരുത്.”
“താൻ പറയടോ. എനിക്കെന്ത് തോന്നാനാ.”
“നമ്മുടെ മാര്യേജ് കഴിഞ്ഞുവെന്ന് കരുതി അഖിലേട്ടനെ ഒഴിവാക്കാനോ ആളോട് ഇനി മിണ്ടരുതെന്നൊന്നും എന്നോട് പറയരുത്. നല്ല സുഹൃത്തുക്കളായി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അഖിലേട്ടൻ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാലേ നമ്മുടെ ലൈഫും ഹാപ്പിയായി പോകു.”
“ഇതൊക്കെ തന്റെ ഇഷ്ടമാണ് ഗൗരി. ഒരിക്കൽ സ്നേഹിച്ചവരാണെന്ന് കരുതി ഇനിയങ്ങോട്ട് മിണ്ടാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ. ലൈഫ് ലോങ്ങ് നിങ്ങൾക്ക് നല്ല സുഹൃത്തുക്കളായി തുടരാൻ പറ്റുമെന്ന് എനിക്ക് വിശ്വാസമുണ്ട്.” പുഞ്ചിരിയോടെ ശിവപ്രസാദ് പറഞ്ഞു.
അത് കേട്ടതും ഗായത്രി അവനെ അത്ഭുതത്തോടെ മിഴിച്ചു നോക്കി. അവനിൽ നിന്നൊരു എതിർപ്പാണ് അവൾ പ്രതീക്ഷിച്ചിരുന്നത്. അത് മനസ്സിലാക്കിയ ശിവപ്രസാദ് അവളുടെ ഇമ്പ്രെഷൻ പിടിച്ചു പറ്റാനാണ് അങ്ങനെ പറഞ്ഞതും. അല്ലെങ്കിലും ഗായത്രി അഖിലിനോട് മിണ്ടുന്നതിൽ അവന് വല്യ ഇഷ്ടക്കേട് ഒന്നും തോന്നിയില്ല. കാരണം അവൾ തെറ്റായ ഒരു ബന്ധത്തിലേക്ക് പോകില്ലെന്ന ഉറപ്പ് അവനുണ്ട്.
“വിവാഹശേഷവും ഞാനെന്റെ പൂർവ്വ കാമുകനോട് സംസാരിക്കുന്നത് ശിവേട്ടന് പ്രശ്നമല്ല.” ശിവപ്രസാദിനെ മനഃപൂർവം ചൊടിപ്പിക്കാനും അതുവഴി അവന്റെ മനസ്സറിയാനുമാണ് ഗായത്രി അങ്ങനെയൊരു ചോദ്യമെറിഞ്ഞത്.
“ഞാൻ മനസ്സിലാക്കിയിടത്തോളം താനൊരു നല്ല കുട്ടിയാണ് ഗായത്രി. അതുകൊണ്ട് താൻ വീണ്ടും അയാളുമായി ലവ് റിലേഷൻ തുടരില്ലെന്ന് എനിക്കുറപ്പുണ്ട്. സൊ എനിക്ക് താൻ ആരോട് മിണ്ടിയാലും ഒരു പ്രശ്നവുമില്ല.” സമർത്ഥമായി അവൻ പറഞ്ഞു. ഗായത്രിക്ക് ആ മറുപടി തൃപ്തമായിരുന്നു.
“ഞാൻ വിചാരിച്ച പോലെയല്ല ശിവേട്ടൻ.”
“താനെന്താ വിചാരിച്ചത്.?”
“ഒരു മുരടനാണെന്ന് കരുതിയിരുന്നു. സ്ത്രീകളെ സമ്മതമില്ലാതെ കയറി പിടിക്കുന്നവൻ എന്നൊക്കെയായിരുന്നു ധാരണ. അങ്ങനെയായിരുന്നല്ലോ എന്നോടുള്ള ബിഹേവിയറും.” അവളുടെ ഇത്തരം കുറിക്ക് കൊള്ളുന്ന തുറന്ന സംസാരം ശിവപ്രസാദിനെ തളർത്താറുണ്ട്.
മനസ്സിലുള്ളത് വെട്ടി തുറന്ന് പറയാൻ ഒരു മടിയും ഇല്ലാത്തവളാണ് ഗായത്രിയെന്ന് അതിനോടകം അവൻ ഉൾക്കൊണ്ടു. ഇങ്ങനെയുള്ള കൊള്ളിച്ച വാക്കുകൾ കേൾക്കുമ്പോൾ നല്ല ദേഷ്യം തോന്നുമെങ്കിലും പുറമെ അവൻ ചിരിച്ചു കാണിക്കും.
“ഇപ്പോ ആ ധാരണയൊക്കെ മാറിയോ. അന്ന് ഒരബദ്ധം പറ്റിയതാന്ന് ഞാൻ പറഞ്ഞില്ലേ. അപ്പോഴത്തെ ആവേശത്തിൽ പറ്റിപ്പോയതാ. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് വാക്ക് തന്നില്ലേ ഞാൻ.”
“അങ്ങനെ പൂർണ്ണമായും വിശ്വാസം വന്നിട്ടില്ല. പോകപോകെ നോക്കാം.” അൽപ്പം ഗൗരവത്തിൽ ഗായത്രി പറഞ്ഞു. അതോടെ അവനിൽ നിരാശ നിറഞ്ഞു.
“എന്നാപ്പിന്നെ ഗായത്രി കിടന്നോ.”
ഫാനിന്റെ സ്പീഡ് കൂട്ടിയിട്ട് ശിവപ്രസാദ് അവളുടെ അടുത്തായി കിടന്നു.
തന്റെ സംസാരം അവനെ വേദനിപ്പിച്ചുവെന്ന് ഗായത്രിക്ക് മനസ്സിലായി. അത് നന്നായെന്നെ അവൾക്ക് തോന്നിയുള്ളു.
🍁🍁🍁🍁🍁
പിറ്റേ ദിവസം എന്നത്തേയും പോലെ രാവിലെ ഏഴുമണിയായപ്പോ ഗായത്രി ഉണർന്നു. വീട്ടിൽ വച്ചുതന്നെ അതേ സമയം ഉണർന്ന് അവൾക്ക് ശീലമായതാണ്. ഗൗരി പക്ഷേ എട്ടര കഴിഞ്ഞാണ് എണീക്കുന്നത്. സ്കൂട്ടർ ഉള്ളത് കൊണ്ട് കോളേജിൽ സമയത്ത് എത്തുമോന്നുള്ള പേടി അവൾക്കില്ല.
ഗായത്രി എഴുന്നേറ്റ് ബാത്‌റൂമിൽ പോയി പല്ല് തേച്ച് മുഖം കഴുകി വന്നു. ശിവപ്രസാദ് അപ്പോഴും ഉറക്കത്തിലാണ്.
ഒരു ചായയിട്ട് കുടിക്കാമെന്ന് കരുതി അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടുത്തെ കാഴ്ച കണ്ട് ഞെട്ടിപ്പോയി.
പുട്ടിനുള്ള തേങ്ങ ചിരകുകയാണ് ഗൗരി. അവളുടെ അടുത്ത് നിന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ ഓരോന്നായി പറഞ്ഞ് കൊടുക്കുകയാണ് ഊർമിള.
“ഒന്ന് വേഗത്തിൽ ചിരകിയെന്ന് വച്ച് കയ്യിലെ വളയൊന്നും ഊരി പോകത്തില്ല. എട്ടര ആകുമ്പോ എല്ലാവരും കഴിക്കാൻ വന്നിരിക്കും. അതിന് മുൻപേ എല്ലാം ഉണ്ടാക്കി കൊണ്ട് മേശപ്പുറത്തു വയ്ക്കണം.”
“എനിക്കിതൊന്നും ചെയ്ത് ശീലമില്ല അമ്മേ. വീട്ടിൽ അമ്മയെ സഹായിക്കാറുള്ളത് ചേച്ചിയാ.”
“നിന്റെ ചേച്ചി കുറെ ചെയ്തതല്ലേ. ഇനി നീ ചെയ്ത് പഠിക്ക്. വേഗത്തിൽ എല്ലാം പഠിച്ചെടുത്താൽ നിനക്ക് കൊള്ളാം. അല്ലെങ്കിൽ എന്റെ കയ്യീന്ന് നല്ലത് മേടിക്കും.” ഗൗരിയുടെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഊർമിള പുട്ടിനുള്ള മാവ് നനയ്ക്കാൻ തുടങ്ങി.
“ഞാനെന്താ ചെയ്യേണ്ടത്.” ഗായത്രി അവർക്കിടയിലേക്ക് വന്നു.
ഊർമിള അമ്പരപ്പിൽ അവളെ നോക്കി. താൻ രക്ഷപെട്ടു എന്ന സന്തോഷത്തിൽ ഗൗരിയെ ചേച്ചിയെ നോക്കിയെങ്കിലും ഗായത്രി അവളെ മൈൻഡ് ചെയ്തില്ല.
“നീ കുളിക്കാതെയാണോ അടുക്കളയിലേക്ക് വന്നത്?” ഊർമിള അനിഷ്ടത്തോടെ ഗായത്രിയെ നോക്കി.
“അമ്മ എണീറ്റ പാടെ മുഖം പോലും കഴുകാതെ ആണല്ലോ വന്നേക്കുന്നത്. ഇവള് പല്ല് പോലും തേച്ചിട്ടുണ്ടാവില്ല. പിന്നെ ഞാൻ മാത്രം കുളിക്കണോ?”
“നിനക്ക് പീരിയഡ്സല്ലേ…?” ഊർമിള മുഖം കറുപ്പിച്ചു.
“പീരിയഡ്സായെന്ന് പറഞ്ഞ് രാവിലെ എണീറ്റ പാടെ ഞാൻ കുളിക്കാറൊന്നുമില്ല. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ടേ ഞാൻ കുളിക്കുന്നുള്ളു. എന്തെങ്കിലും സഹായിക്കണമെങ്കിൽ അമ്മ അത് പറയ്യ്.” കൈകൾ മാറത്ത് പിണച്ചു കെട്ടി കൂസലില്ലാതെ നിൽക്കുന്നവളെ കണ്ട് അവരൊന്ന് അടങ്ങി.
ഗൗരിയെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് തോന്നിയത് കൊണ്ട് പുട്ടിനുള്ള കടല കറി ഗായത്രിയോട് ഉണ്ടാക്കാൻ പറഞ്ഞാലേ എട്ടര ആകുമ്പോഴേക്കും എല്ലാവർക്കും ബ്രേക്ക്‌ഫാസ്റ്റ് കൊടുക്കാൻ പറ്റുമെന്ന് ഓർത്ത് ഊർമിള തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി.
“കടല വെള്ളത്തിലിട്ടു വച്ചിട്ടുണ്ട്. അതൊന്ന് കറി വച്ചാൽ മതി. പിന്നെ ചായ ഫ്ലാസ്ക്കിലുണ്ട്. അത് കുടിച്ചിട്ട് ചെയ്താൽ മതി.”
“ഹ്മ്മ്മ്…” ഊറി ചിരിച്ചുകൊണ്ട് ഗായത്രി ഫ്ലാസ്കിൽ നിന്നും ചായ പകർന്നു കുടിച്ചു.
“നീയിത് എന്ത് നോക്കി നില്ക്കാ…” ഗൗരിയുടെ ചെവിക്കിട്ട് ഒരു കിഴുക്ക് കൊടുത്ത് ഗായത്രിയോടുള്ള ദേഷ്യം ഊർമിള അവളോട് തീർത്തു.
“ആഹ്… അമ്മയെന്തിനാ എന്നെ നുള്ളിയത്.” വേദനയോടെ ഗൗരി ചെവിയിൽ തിരുമി.
“നിന്റെ ചേച്ചിയോട് നിലയ്ക്ക് നിൽക്കാൻ പറഞ്ഞോ. അല്ലെങ്കിൽ അവളെന്നോട് കാണിക്കുന്ന ഓരോ ധിക്കാരത്തിനും വേദനിക്കേണ്ടി വരുന്നത് നിനക്കായിരിക്കും. അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ഊർമിള പറഞ്ഞു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…