Novel

വരും ജന്മം നിനക്കായ്: ഭാഗം 2

രചന: ശിവ എസ് നായർ

“വീടെത്തി… ഇറങ്ങി വാ…” അധികാരത്തോടെ ശിവപ്രസാദ് അവളുടെ കയ്യിൽ പിടുത്തമിട്ടു.

അവന്റെയാ പിടുത്തത്തിൽ അവൾക്ക് തെല്ല് അസ്വസ്ഥത തോന്നാതിരുന്നില്ല. ഒന്നുകൂടി കണ്ണ് തുടച്ച് മുഖത്തൊരു പുഞ്ചിരി വരുത്തി ഗായത്രി കാറിൽ നിന്നിറങ്ങി.

മക്കളെയും മരുമക്കളെയും സ്വീകരിക്കാൻ ശിവന്റെയും വിഷ്ണുവിന്റെയും അമ്മ ഊർമിളയും മറ്റ് ബന്ധുക്കളും പൂമുഖത്ത് തന്നെ കാത്ത് നിൽപ്പുണ്ട്.

നാല് പേരെയും ചേർത്ത് നിർത്തി ആരതിയുഴിഞ്ഞ ശേഷം ഊർമിള ചിരിയോടെ ആദ്യം നിലവിളക്ക് നൽകിയത് ഗൗരിക്കാണ്. ശേഷം ഗായത്രിക്ക് നേരെ തെളിച്ചമില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച് അവൾക്കും കൊടുത്തു നിലവിളക്ക്. വിറകൈകളോടെയാണ് ഗായത്രി വിളക്ക് കൈയ്യിൽ വാങ്ങിയത്.

“വലതുകാൽ വച്ച് കയറിക്കോളൂ.” മുതിർന്നവർ ആരോ പറയുന്ന കേട്ടു.

രണ്ട് സഹോദരിമാരും വലതുകാൽ വച്ച് ഗൃഹപ്രവേശം നടത്തി.

“അതാണ് പൂജാമുറി. വിളക്ക് അവിടേക്ക് വച്ചോളു.” ശിവന്റെയും വിഷ്ണുവിന്റെയും അച്ഛമ്മ അവർക്ക് പൂജാമുറി കാട്ടി കൊടുത്തു.

വിളക്കുകൾ പൂജാമുറിയിൽ വച്ച് പ്രാർത്ഥിക്കുമ്പോൾ ഗായത്രിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. വന്ന് കയറിയപ്പോൾ തന്നെ അമ്മായി അമ്മയുടെ മുഖത്ത് തന്നോടുള്ള അനിഷ്ടം കണ്ടതാണ്. അതിലവരെ തെറ്റ് പറയാനും പറ്റില്ല, കല്യാണത്തിന് മുൻപ് ഇവരോടൊന്നും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല, ആരെയും മൈൻഡ് ചെയ്തുമില്ല. ആ ദേഷ്യം എന്തായാലും എല്ലാവർക്കും തന്നോട് കാണും.

പൂജാ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ ബന്ധുക്കൾ എല്ലാവരും അവരുടെ ചുറ്റും കൂടി. ഗൗരി എത്ര വേഗത്തിലാണ് എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിച്ച് അവരെ കയ്യിലെടുക്കുന്നത്. ഗായത്രി, അനിയത്തിയെ നോക്കി നെടുവീർപ്പിട്ട് കൊണ്ട് ഒരറ്റത്തേക്ക് ഒതുങ്ങി നിന്നു.

ആരോടും ഒന്നും സംസാരിക്കാതെ മൂകയായി നിൽക്കുന്നവളെ ആദ്യ കാഴ്ചയിൽ തന്നെ എല്ലാവരും അഹങ്കാരിയെന്ന് മുദ്ര കുത്തികഴിഞ്ഞു.

“പ്രായം കുറവാണെങ്കിലും ചേച്ചിയെക്കാൾ പക്വതയും ആൾക്കാരോട് എങ്ങനെ ഇടപെടണമെന്ന് അറിയാവുന്നതും അനിയത്തി കൊച്ചിനാ.” ഗൗരിയുടെ കരങ്ങൾ കവർന്ന് ഗായത്രിയെ അവജ്ഞയോടെ ഒന്ന് നോക്കി സരിത.

ശിവന്റെയും വിഷ്ണുവിന്റെയും അച്ഛൻ സുധാകരന്റെ സഹോദരിയാണ് സരിത.

“അത് നാത്തൂൻ പറഞ്ഞത് ശരിയാ.” ഊർമിളയും അത് ശരി വച്ചു.

അമ്മയുടെയും അമ്മായിയുടെയും സംസാരം കേട്ട് കൊണ്ട് നിന്ന ശിവ പ്രസാദിന് ഗായത്രിയോട് ദേഷ്യം തോന്നി.

“ഈ മോന്ത് ഇങ്ങനെ കേറ്റിപിടിച്ചോണ്ട് നിൽക്കാതെ നിനക്കൊന്ന് എല്ലാവരോടും നല്ല പോലെ നിന്നൂടെ.. അതിനൊക്കെ നിന്റെ അനിയത്തിയെ കണ്ട് പഠിക്ക്.” നീരസത്തോടെ പറഞ്ഞ് കൊണ്ട് ശിവപ്രസാദ് പുറത്തേക്കിറങ്ങി പോയി.

“നാല് മണിക്ക് റിസപ്ഷൻ തുടങ്ങും. നിങ്ങള് മുകളിൽ പോയി ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്റി ഒന്ന് ഫ്രഷ് ആയിക്കോ. കുറച്ചു കഴിഞ്ഞാൽ ബ്യൂട്ടിഷൻ വരും.” ഊർമിള ഗൗരിയോടായി പറഞ്ഞു.

“ശരി അമ്മേ…”

“രേവതി… മോള് ഇവർക്ക് മുറി കാണിച്ചു കൊടുക്ക്.” ശരി അമ്മായി.

സരിതയുടെ മൂത്ത മകളാണ് രേവതി. ഇളയവൾ രാഖി.

“വരൂ…” രേവതി ഇരുവരെയും മുകളിലേക്ക് കൂട്ടികൊണ്ട് പോയി.

“രാഖീ… നീ ഗൗരിക്കൊന്ന് ഡ്രസ്സ്‌ മാറാനും ആഭരണങ്ങൾ അഴിക്കാനും ഹെല്പ് ചെയ്ത് കൊടുക്ക്.” മുകളിലെ ബാൽക്കണിയിൽ നിന്ന് ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന രാഖി ചേച്ചി വിളിക്കുന്നത് കേട്ട് അവർക്കടുത്തേക്ക് വന്നു.

“എന്റെ അനിയത്തിയാ… പേര് രാഖി. ഇവാനിയാസ് കോളേജിൽ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്.” രേവതി തന്റെ അനിയത്തിയെ ഗൗരിക്കും ഗായത്രിക്കും പരിചയപ്പെടുത്തി കൊടുത്തു.

“ഗൗരി… അതാണ് നിങ്ങളുടെ റൂം. ഗായത്രി എന്റെ കൂടെ വരൂ.” സ്റ്റെയർ കയറി വരുമ്പോൾ ഇടത് വശത്തുള്ള ആദ്യത്തെ മുറിയായിരുന്നു ഗൗരിയുടെയും വിഷ്ണുവിന്റെയും. അവിടുന്ന് മൂന്നാമത്തെ മുറിയാണ് ശിവ പ്രസാദിന്റെ.

സാരിയും ആഭരങ്ങളുമൊക്കെ അഴിച്ചു വയ്ക്കാൻ രാഖി ഗൗരിയെ സഹായിക്കുമ്പോ രേവതി ഗായത്രിയെയും കൊണ്ട് മറ്റേ മുറിയിലേക്ക് കയറി.

“ഇതാണ് നിങ്ങളുടെ റൂം. ഇവിടുന്ന് ബാൽക്കണിയിലേക്ക് ഇറങ്ങാൻ ഡോറുണ്ട്. വാഷ് റൂം ഇവിടെയാണ്. ഇതൊക്കെ അഴിച്ചു വച്ച് ഫ്രഷ് ആവുമ്പോഴേക്കും റിസപ്ഷന് ഒരുക്കാൻ ആള് വരും.” രേവതി വാചാലയായി.

ഗായത്രി എല്ലാം മൂളി കേട്ടുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്നു.

“ഗായത്രി ആകെ മൂഡോഫ് ആണല്ലോ എന്ത് പറ്റി?” അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ട് രേവതി ചോദിച്ചു.

“ഞാൻ… എനിക്ക്…” വാക്കുകൾക്കായി അവൾ പതറി.

“ഈ വിവാഹത്തിന് തനിക്ക് താല്പര്യമില്ലായിരുന്നുവല്ലേ.”

“ഏഹ്… അതെങ്ങനെ രേവതിക്ക് അറിയാം.”

“നിങ്ങളുടെ വിവാഹം നടന്ന സാഹചര്യമൊക്കെ എനിക്കറിയാം. അനിയത്തിക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിക്കേണ്ടി ഇരുന്നില്ല.” രേവതി പറഞ്ഞത് കേട്ടതും ഗായത്രിയുടെ മിഴികൾ ഈറനായി.

“പറ്റുന്ന പോലെയൊക്കെ പ്രതികരിച്ചതാ. പക്ഷേ… ഫലമുണ്ടായില്ല.” ഗായത്രിയുടെ ശബ്ദമിടറി.

“ശിവേട്ടന് മുൻപ് വേറൊരു കുട്ടിയുമായി നിശ്ചയം കഴിഞ്ഞതാ. പക്ഷേ അവസാനം അത് മുടങ്ങി. ആ പെൺകുട്ടി തന്നെ ഈ ബന്ധം വേണ്ടെന്ന് പറഞ്ഞ് പിന്മാറിയതാ.

ഇതൊന്നും താൻ അറിഞ്ഞിട്ടുണ്ടാവില്ല. ശിവേട്ടന്റെ ഭാഗത്തെ മിസ്റ്റേക്ക് കൊണ്ട് തന്നെയാ ആ വിവാഹം നടക്കാതെ പോയത്. പക്ഷേ അതൊന്നും ഇവിടെ ആരും സമ്മതിച്ചു തരില്ല.”

“എനിക്ക് ഒന്നും അറിയില്ല… ഇപ്പോഴും എന്റെ വിവാഹം കഴിഞ്ഞുവെന്ന് പോലും ഉൾകൊള്ളാൻ കഴിയുന്നില്ല.”

“ആ ആലോചന നടക്കാതെ പോയപ്പോ എന്നെകൊണ്ട് കെട്ടിക്കാം എന്നൊരു ചർച്ച ഇവിടെ നടന്നതാ. പക്ഷേ ഞാൻ നോ പറഞ്ഞു. കാരണം ശിവേട്ടനൊരു ടോക്സിക്കാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള ആൾടെ കൂടെ എങ്ങനെ ജീവിക്കാനാ. ഒരുപക്ഷെ ആദ്യം നിശ്ചയം കഴിഞ്ഞ പെൺകുട്ടി കല്യാണത്തിൽ നിന്ന് പിന്മാറിയത് ഇത് കൊണ്ടാവുമെന്ന് തോന്നുന്നു.

അതുമല്ല പുള്ളിക്കാരനെ കാണുമ്പോ തന്നെ ഒരു നെഗറ്റീവ് വൈബ് ആണ്. പിന്നെ നമുക്കൊരു സ്നേഹം തോന്നണ്ടേ. ഗായത്രി എന്തായാലും ഇങ്ങനെ തൊട്ടാവാടി ആവാതെ ബോൾഡ് ആയി നിൽക്കണം. ഇതൊന്നും ഇവിടെ ആരും പറഞ്ഞ് തരില്ല. താനിതൊക്കെ അറിഞ്ഞിരിക്കണമെന്ന് തോന്നിയത് കൊണ്ടാ ഞാനെല്ലാം പറഞ്ഞത്.”

കല്യാണ മണ്ഡപത്തിൽ വച്ച് ശിവപ്രസാദിന്റെ അരികിൽ വന്നിരുന്നപ്പോൾ മുതൽ ഗായത്രിക്കൊരു നെഗറ്റീവ് ഫീലിംഗ് അനുഭവപ്പെടുന്നുണ്ടായിരുന്നു. രേവതി പറഞ്ഞതൊക്കെ കേട്ട് അവനെ കുറിച്ച് അവളുടെയുള്ളിൽ ഒരു കരട് വീണു.

ആളൊരു മുരടനാണെന്നും ദേഷ്യക്കാരനായിരിക്കുമെന്നും ഗായത്രി ഊഹിച്ചിരുന്നു. സ്വന്തം മുറപ്പണിന് തന്നെ അയാളെ കുറിച്ച് നല്ലൊരു അഭിപ്രായമില്ല്. അങ്ങനെയുള്ള ആൾടെ എങ്ങനെ ജീവിക്കുമെന്ന് ഓർത്തിട്ട് ഗായത്രിക്ക് ആധിയേറി.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവളുടെ മുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂ അഴിക്കാനും സാരി മാറ്റാനുമൊക്കെ രേവതി സഹായിച്ചു.

“ഇനി താൻ പോയി ഒന്ന് കുളിച്ചു വന്നോ. ബ്യൂട്ടിഷൻ വരുമ്പോ ഞാൻ കൂട്ടിക്കൊണ്ട് വരാം. അതുവരെ റസ്റ്റ്‌ എടുത്തോ.” അലമാര തുറന്ന് ഒരു ടവലും ഇട്ട് മാറാൻ ഒരു ടോപ്പും ഗായത്രിക്ക് കൊടുത്തിട്ട് രേവതി മുറി വിട്ട് പോയി.

ഗായത്രി വാതിൽ അടച്ച് ബോൾട്ടിട്ട ശേഷം ബാത്‌റൂമിൽ പോയി വേഗത്തിലൊന്ന് കുളിച്ചു വന്നു. പരിചയമില്ലാത്ത വീടും ആൾക്കാരും. താലി കെട്ടിയവൻ ആണെങ്കിലോ ആളൊരു മുരടനും. തന്റെ സങ്കടമൊക്കെ കേൾക്കാനും മനസ്സിലാക്കാനും അയാൾക്ക് പറ്റാണെ എന്നാണ് ഗായത്രി ആഗ്രഹിച്ചത്.

കുളിച്ചു വന്ന് തല തൂവർത്തുമ്പോഴാണ് വാതിലിൽ ആരോ തട്ടുന്നത് അവൾ കേട്ടത്. ഇത്ര പെട്ടെന്ന് ബ്യൂട്ടിഷൻ വന്നോ എന്നോർത്ത് കൊണ്ട് ഗായത്രി വേഗം ചെന്ന് ഡോർ തുറന്നു. നോക്കുമ്പോൾ ശിവപ്രസാദാണ്.

അവൾ പെട്ടെന്ന് അവന് അകത്തേക്ക് കയറാനായി വഴിയൊഴിഞ്ഞു കൊടുത്തു. ശിവപ്രസാദിന്റെ കണ്ണുകൾ ഒരു നിമിഷം ഗായത്രിയിൽ തന്നെ തറഞ്ഞു നിന്നു.

നനഞ്ഞ മുടിയിൽ നിന്നും ഇറ്റ് വീഴുന്ന വെള്ള തുള്ളികൾ മുഖത്തും കഴുത്തിലും പറ്റി നിൽക്കുന്ന ജല തുള്ളികൾ. പിടയ്ക്കുന്ന മിഴികളും വിറയ്ക്കുന്ന അധരങ്ങളും അവനെ ഒരുവേള നിഷ്പ്രഭനാക്കി.

“നിന്നെ ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട് ഗായത്രി…” വാതിൽ ചാരി അവൻ അവൾക്കടുത്തേക്ക് വന്നു.

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുൻപേ ശിവപ്രസാദ് അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി ചുണ്ടിൽ അമർത്തി ചുംബിച്ചു. ഗായത്രി വിറച്ചുപോയി.

തൊട്ടടുത്ത നിമിഷം ശിവയെ തള്ളി മാറ്റി അവൾ ബാത്‌റൂമിലേക്ക് ഓടിക്കയറി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button