വരും ജന്മം നിനക്കായ്: ഭാഗം 20
രചന: ശിവ എസ് നായർ
“നിന്റെ ചേച്ചിയോട് നിലയ്ക്ക് നിൽക്കാൻ പറഞ്ഞോ. അല്ലെങ്കിൽ അവളെന്നോട് കാണിക്കുന്ന ഓരോ ധിക്കാരത്തിനും വേദനിക്കേണ്ടി വരുന്നത് നിനക്കായിരിക്കും. അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ഊർമിള പറഞ്ഞു.
“ഞാൻ പറഞ്ഞാലൊന്നും ചേച്ചി കേൾക്കില്ലമ്മേ.” ഗൗരി പേടിയോടെ അവരെ നോക്കി.
“എങ്കിൽ നിന്റെ കാര്യം കഷ്ടം തന്നെയായിരിക്കും.” അവള് ചിരകി വച്ച തേങ്ങ എടുത്ത് പുട്ട് കുറ്റിയിലേക്ക് ഇട്ട ശേഷം ഊർമിള, നനച്ചു വച്ച മാവും അതിലേക്ക് ഇട്ടു.
“ഞാൻ ചെയ്യുന്നത് കണ്ടല്ലോ. ഇതുപോലെ അങ്ങോട്ട് ചെയ്തോണം. എല്ലാ പണിയും പഠിച്ചു കഴിഞ്ഞാൽ ഒറ്റയ്ക്കങ്ങു ചെയ്തോളണം. സഹായിക്കാൻ ഞാൻ വരില്ല.”
“ഇതൊക്കെ ഞാനെങ്ങനെയാ അമ്മേ ഒറ്റയ്ക്ക്?”
“ഞാനൊക്കെ എന്റെ അമ്മ ചെയ്യുന്നത് കണ്ടാ പഠിച്ചെടുത്തെ. അല്ലാതെ ആരും ഇതുപോലെ അടുത്ത് വിളിച്ചു നിർത്തി പറഞ്ഞ് തന്നതൊന്നുമല്ല. ഒരാഴ്ച സമയം തരും. അതിനിടയ്ക്ക് സംശയം ഉള്ളത് ചോദിച്ചു പഠിച്ചോ. പിന്നെ ഉണ്ടാക്കുമ്പോ മനുഷ്യന് വായ്ക്ക് രുചിയായിട്ട് കഴിക്കാൻ പറ്റണം. അല്ലെങ്കിൽ എന്റെ കൈയ്യുടെ ചൂട് നീയറിയും.” ഊർമിള പറയുന്നതൊക്കെ കേട്ട് ഭയത്തോടെ അവൾ ശിരസ്സ് ചലിപ്പിച്ചു.
ഒരു നിമിഷം, ഈ കല്യാണം വേണ്ടായിരുന്നുവെന്ന് പോലും ഗൗരിക്ക് തോന്നി. എല്ലാം താനായിട്ട് തന്നെ വരുത്തി വച്ചതാണ്. അനുഭവിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.
കണ്ണ് തുടച്ച് അവൾ തന്റെ പണി തുടർന്നു.
“ഗായത്രി… എട്ട് മണി ആകുമ്പോ ശിവ എണീക്കും. അവനെണീക്കാൻ സമയമായിട്ടുണ്ട്. നീയൊരു കപ്പ് ചായ ശിവന് കൊണ്ട് കൊടുക്ക്.” കറിയുണ്ടാക്കി വച്ചിട്ട് പുറത്തേക്ക് പോകാൻ തുടങ്ങിയ ഗായത്രിയോട് ഊർമിള പറഞ്ഞു.
“ആവശ്യമുള്ളവർ ഇവിടെ വന്ന് എടുത്ത് കുടിക്കട്ടെ. അല്ലെങ്കിൽ അമ്മ തന്നെ കൊണ്ട് കൊടുക്ക്. എനിക്കാരും കൊണ്ട് തന്നതല്ലല്ലോ. ഞാൻ ഇവിടെ വന്ന് എടുത്ത് കുടിച്ചതല്ലേ.” അവളുടെ മറുപടി കേട്ട് ഊർമിള കടുപ്പത്തോടെ ഗൗരിയെ നോക്കി.
“അത് ഏട്ടത്തി പറഞ്ഞത് കറക്റ്റാ. അമ്മ വെറുതെ ഏട്ടനെ തലയിൽ കയറ്റി വച്ച് കൊഞ്ചിച്ചിട്ടാ. എന്തായാലും ഏട്ടനെ വരച്ച വരയിൽ നിർത്താൻ കെൽപ്പുള്ള പെണ്ണിനെ തന്നെയാ കിട്ടിയത്.” ഗായത്രിക്ക് സപ്പോർട്ട് ആയി വിഷ്ണു കൂടി വന്നപ്പോൾ ഊർമിളയ്ക്ക് കോപം ഇരട്ടിച്ചു.
വിഷ്ണുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചിട്ട് ഗായത്രി പൂമുഖത്തേക്ക് പോയി.
“അമ്മയുടെ അമ്മായി അമ്മ പോരൊന്നും ഏട്ടത്തിയോട് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.” വിഷ്ണു അമ്മയെ കളിയാക്കി.
“നിന്നോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞുത്.”
“എനിക്കെന്താ ഇവിടെ വന്നൂടെ?” അല്ല ബിന്ദു ചേച്ചി ഇന്ന് പണിക്ക് വന്നില്ലേ? ” അവൻ ചുറ്റിനും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
“ഇവിടെ എനിക്ക് സഹായത്തിന് രണ്ട് മരുമക്കൾ ഉള്ളപ്പോൾ എന്തിനാ ഒരു ജോലിക്കാരി. ഞാനവളോട് വരണ്ടെന്ന് പറഞ്ഞു.”
“അപ്പോ അമ്മ രണ്ടും കല്പിച്ചാണല്ലേ.”
“ആണെങ്കിൽ തന്നെ നിനക്കെന്താ? നിന്റെ ഭാര്യയെ കൊണ്ട് പണിയെടുപ്പിക്കുന്നത് നിനക്ക് ഇഷ്ടപ്പെടുന്നില്ല?”
“എനിക്കൊരു ഇഷ്ടക്കുറവുമില്ല മറിച്ച് സന്തോഷമേയുള്ളൂ. പക്ഷേ ഈ പോക്ക് പോയാൽ അമ്മ തന്നെ ബിന്ദു ചേച്ചിയെ തിരിച്ചു വിളിക്കും.”
“നിനക്കിന്ന് കോളേജിൽ പോണ്ടേ? അതോ ഭാര്യയെയും കെട്ടിപിടിച്ചു വീട്ടിലിരിക്കാൻ ആണോ ഉദ്ദേശം. കാശ് മുടക്കി ഇത്ര വരെ പഠിപ്പിച്ചത് ഗർഭം ഉണ്ടാക്കാനല്ല. ഇനിയെങ്കിലും മര്യാദക്ക് പഠിച്ചൊരു ജോലി വാങ്ങിയാൽ നിനക്ക് കൊള്ളാം.” അമ്മയിൽ നിന്നും അങ്ങനെയൊരു മറുപടി പ്രതീക്ഷിക്കാത്തതിനാൽ പെട്ടെന്നങ്ങനെ കേട്ടപ്പോൾ വിഷ്ണു ആകെ നാണംകെട്ടു.
“ഞാൻ പോയേക്കാമേ… നിങ്ങളായി നിങ്ങളെ പാടായി.” അവനവിടുന്ന് മെല്ലെ എസ്‌കേപ്പായി.
“അമ്മേ… എന്നോട് ഇനി മുതൽ കോളേജിൽ പോണ്ടെന്നാ വിഷ്ണു പറഞ്ഞത്. എനിക്ക് കോഴ്സ് തീരാൻ ഒരു വർഷം കൂടിയുണ്ട്. അമ്മ ഒന്ന് വിഷ്ണുവിനോട് എന്നെ കൂടി കൊണ്ട് പോകാൻ പറയോ.” വിഷ്ണു പോയതും ഗൗരി അമ്മയോട് പറഞ്ഞു.
“നിനക്കിപ്പോ മാസം മൂന്നായെന്ന ഓർമ്മ വേണം. കുറച്ചു കഴിഞ്ഞാൽ വയറു തള്ളി വരാൻ തുടങ്ങും. കോളേജിലെ സാറന്മാരും കുട്ടികളുമൊക്കെ നീ ഗർഭിണി ആണെന്ന് അറിഞ്ഞാ നാണക്കേട് ഞങ്ങൾക്കും കൂടിയാ.
“ഞാൻ ആരോടും പ്രെഗ്നന്റ് ആണെന്ന് പറയില്ലമ്മേ. ലൂസ് ഡ്രസ്സ് ഇട്ടാൽ വയറു വന്നാലും അറിയില്ലല്ലോ. എട്ട് മാസമൊക്കെ ആയാൽ ഞാൻ സിക്ക് ലീവ് എടുത്തോളാം. അപ്പോഴല്ലേ വയറൊക്കെ നല്ലോണം തള്ളി വരുന്നത്. പോരാത്തതിന് എനിക്ക് ഛർദിയോ തലകറക്കമോ ഒന്നും ഇല്ലല്ലോ. അപ്പോ ആർക്കും സംശയം തോന്നില്ലല്ലോ.”
“നിന്നെ പഠിപ്പിക്കാൻ നിന്റെ അച്ഛനിനി കാശ് തരോ? വിഷ്ണുവിന് എന്തായാലും ജോലി ഇല്ല. പിന്നെ ഇവിടുത്തെ അച്ഛന്റെ കാശ് കൊണ്ട് പഠിക്കാമെന്ന മോഹമൊന്നും നിനക്ക് വേണ്ട.”
“ഞാൻ ഇവിടെ നിന്നാലും കുറച്ചു കഴിഞ്ഞാൽ ഞാൻ പ്രെഗ്നന്റ് ആണെന്ന് എല്ലാവരും അറിയില്ലേ. അപ്പോ നാണക്കേട് ആവില്ലേ?”
“അടുത്ത മാസം തന്നെ നിനക്ക് വന്ന് കയറി മാസം ഒന്നായപ്പോ വിശേഷം ആയെന്ന് എല്ലാരോടും ഞാൻ പറയും. വയറു വരാൻ തുടങ്ങുമ്പോ നിന്നെ ഇവിടുന്ന് മാറ്റുകയും ചെയ്യും. അതുകൊണ്ട് ഇനി കോളേജിൽ പോണമെന്ന ആഗ്രഹമൊക്കെ മറന്നേക്ക്. പഠിക്കാൻ വിട്ടപ്പോ അതിന് നേരമുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് ഇനി ഞങ്ങൾ പറയുന്നത് കേട്ട് മിണ്ടാതെ ഇവിടെ നിന്നോ.”
“അമ്മേ… പ്ലീസ്… അമ്മ കൂടി ഇങ്ങനെ പറഞ്ഞാൽ…”
“പിന്നെ ഞാൻ എങ്ങനെ പറയണം. പഠിത്തമൊക്കെ ഇത് കഴിഞ്ഞും ആവാം.”
“അമ്മ ഒരു കാര്യം മറന്ന് പോവരുത്, എന്റെ വയറ്റിൽ കിടക്കുന്ന ഈ കുഞ്ഞ് കാരണമാണ് അമ്മേടെ മൂത്ത മോന് കല്യാണം നടന്നത്. നിങ്ങൾക്കുണ്ടായ നാണക്കേട് മാറ്റാൻ കാരണമായത് ഞാനും എന്റെ കുഞ്ഞുമാണ്.”
“പക്ഷേ ഞാൻ വിചാരിച്ച പോലെ അത്ര പാവമല്ല നിന്റെ ചേച്ചി. ഈ കല്യാണം നടന്നതോടെ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തിട്ട അവസ്ഥയാണ്. നിന്റെയീ ഗർഭം ഉണ്ടായിരുന്നില്ലെങ്കി ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. കുറച്ചു താമസിച്ചിട്ടായാലും ശിവയ്ക്ക് ഞാൻ വേറെ പെണ്ണിനെ കണ്ട് പിടിച്ചേനെ. ഇനിയീ ബന്ധം ഒഴിഞ്ഞാലും എന്റെ മോനാണല്ലോ നാണക്കേട് എന്നോർത്ത് എല്ലാം സഹിക്കുവാ ഞാൻ.”
ഊർമിളയുടെ വാക്കുകൾ കേട്ട് ഗൗരിക്ക് സങ്കടമായി. ഇനിയൊരിക്കലും താൻ ആഗ്രഹിച്ച പോലൊരു ജീവിതം ആ വീട്ടിൽ കിട്ടില്ലെന്ന് അവൾക്ക് തോന്നി. മൂത്ത മകന് താൻ കാരണം കല്യാണം നടന്നല്ലോ എന്ന സന്തോഷത്തിൽ അമ്മായി അമ്മ തന്നെ ചേർത്ത് പിടിക്കുമെന്ന് ആശിച്ച ഗൗരിക്ക് ആ പ്രതീക്ഷ തെറ്റി.
ഇനിയും ഏറെ പരീക്ഷണങ്ങൾ ആ വീട്ടിൽ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അവളപ്പോൾ അറിഞ്ഞിരുന്നില്ല.
🍁🍁🍁🍁🍁
കൃത്യം എട്ടരയ്ക്ക് തന്നെ ബ്രേക്ക്‌ഫാസ്റ്റ് റെഡിയായി. ആവി പറക്കുന്ന പുട്ടും കടലക്കറിയും നേന്ത്രപഴം മുറിച്ചു കഷ്ണങ്ങൾ ആക്കിയതും ചായയും ഡൈനിംഗ് ടേബിളിൽ നിരന്നു.
എല്ലാവരും കൈ കഴുകി ഭക്ഷണം കഴിക്കാനിരുന്നു.
“അമ്മയെന്താ എനിക്കിന്ന് ചായ കൊണ്ട് തരാത്തത്.” പുട്ടിലേക്ക് കറി പകരുമ്പോൾ ശിവപ്രസാദ് ഊർമിളയോട് ചോദിച്ചു.
“രാവിലത്തെ തിരക്കിനിടയിൽ അങ്ങോട്ട് കൊണ്ട് വന്ന് തരാൻ എനിക്ക് നേരം കിട്ടിയില്ല. അപ്പോഴാ ഗായത്രിയോട് കൊണ്ട് തരാൻ പറഞ്ഞത്. അപ്പോ അവള് പറഞ്ഞത് ആവശ്യക്കാർ താഴോട്ട് വന്ന് എടുത്ത് കുടിക്കട്ടെ എന്നാ.”
“എന്താ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ? ശിവേട്ടൻ എനിക്ക് കൊണ്ട് തരുന്നില്ലല്ലോ. പിന്നെ ഞാൻ കൊണ്ട് തരേണ്ട എന്താവശ്യമാ.” ഇരുവരെയും ചൊടിപ്പിക്കാൻ വേണ്ടി തന്നെയാണ് ഗായത്രി അങ്ങനെ പറഞ്ഞത്.
“താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല. പിന്നെ അമ്മ പണ്ടേ ഇങ്ങനെ ശീലിപ്പിച്ചത് കൊണ്ട് അങ്ങനെ ആയിപോയതാ.” ശിവപ്രസാദ് കഷ്ടപ്പെട്ട് മുഖത്തൊരു ചിരി വരുത്തി.
“എന്നാൽ ആ ശീലങ്ങളൊക്കെ ഇനി മാറ്റുന്നതാ നല്ലത്.”
“നാളെ മുതൽ ഞാൻ താഴേക്ക് വന്ന് കുടിച്ചോളാം അമ്മേ. ഗായത്രി പറയുന്നതിലും കാര്യമുണ്ട്. ഇതൊക്കെ നല്ല ശീലമല്ലല്ലോ.” തികട്ടി വന്ന ദേഷ്യം ശിവപ്രസാദ് കടിച്ചമർത്തി.
സാധാരണ ദേഷ്യം വന്നാൽ അവൻ ഇങ്ങനെയൊന്നുമല്ല. ഗായത്രിക്ക് പകരം മറ്റേതൊരു പെണ്ണായിരുന്നെങ്കിലും ശിവപ്രസാദിന്റെ പ്രതികരണം മാറിയേനെ. കഴിച്ചു കൊണ്ടിരുന്ന പാത്രമിപ്പോൾ അവളുടെ മുഖത്തേക്ക് അവൻ വലിച്ചെറിഞ്ഞേനെ. അവന്റെ കൈചൂടും അവൾ അറിയുമായിരുന്നു.
ഗായത്രിയോട് ആ വിധം ഇടപെട്ടാൽ ശരിയാവില്ലെന്ന് അറിയാവുന്നത് കൊണ്ട് അടിക്കാനായി കൈ തരിച്ചെങ്കിലും ശിവപ്രസാദ് സ്വയം നിയന്ത്രിച്ചു.
ഒന്ന് പറഞ്ഞ് രണ്ടാമത്തതിന് എല്ലാവരോടും ചാടി കടിക്കാൻ വരുന്ന ശിവപ്രസാദ് ഗായത്രിക്ക് മുന്നിൽ മുട്ട് മടക്കിയത് കണ്ട് വിഷ്ണുവും സുധാകരനും മനസ്സിൽ ചിരിച്ചു. ഗൗരിക്കും ചേച്ചിയുടെ പെരുമാറ്റം അസ്വസ്ഥത സൃഷ്ടിച്ചു.
ചേച്ചി ഇങ്ങനെ തുടങ്ങിയാൽ തന്റെ കാര്യമാണല്ലോ കഷ്ടത്തിലാവുന്നത് എന്നോർത്ത് അവൾ സ്വന്തം തലയ്ക്കടിച്ചു…..കാത്തിരിക്കൂ………